ആരും ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ല; ഒരു ക്ഷേത്രം പോലും നശിപ്പിക്കപ്പെട്ടിട്ടില്ല: ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി

ധാക്ക: അടുത്തിടെ നടന്ന വർഗീയ കലാപങ്ങളിൽ രാജ്യത്ത് ആരും ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്നും, ഒരു ഹിന്ദു ക്ഷേത്രം പോലും നശിപ്പിക്കപ്പെട്ടിട്ടില്ലെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഡോ. എ.കെ. അബ്ദുൾ മൊമെൻ പ്രസ്താവനയില്‍ പറഞ്ഞു.

നടന്നുകൊണ്ടിരിക്കുന്ന എല്ലാ കുപ്രചരണങ്ങൾക്കും വിരുദ്ധമായി, അടുത്തിടെ നടന്ന അക്രമങ്ങളിൽ 6 പേർ മാത്രമാണ് മരിച്ചത്, അതിൽ 4 മുസ്ലീങ്ങളും, നിയമപാലകരുമായുള്ള ഏറ്റുമുട്ടലിൽ 2 ഹിന്ദുക്കളും കൊല്ലപ്പെട്ടു.

“മരിച്ചവരില്‍ 2 പേർ ഹിന്ദുക്കളായിരുന്നു, അവരിൽ ഒരാൾക്ക് സാധാരണ മരണവും മറ്റൊരാൾ കുളത്തിൽ ചാടിയാണ് മരണപ്പെട്ടത്. ആരും ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ല. ഒരു ക്ഷേത്രം പോലും നശിപ്പിക്കപ്പെട്ടിട്ടില്ല. എന്നാല്‍, ചില പ്രതിഷ്ഠകള്‍ക്ക് കേടുപാടു വരുത്തുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. അക്രമം ദൗർഭാഗ്യകരവും സംഭവിക്കാൻ പാടില്ലാത്തതുമാണെങ്കിലും സർക്കാർ അടിയന്തര നടപടി സ്വീകരിച്ചു,” അദ്ദേഹം പറഞ്ഞു.

കുറ്റവാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് കസ്റ്റഡിയിലാണെന്നും പറഞ്ഞ മോമൻ, 20 വീടുകൾ കത്തിനശിച്ചതായും അവ ഇപ്പോൾ പുനർനിർമിച്ചതായും പറഞ്ഞു. എല്ലാവർക്കും നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ നഷ്ടപരിഹാരം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ചുരുക്കം ചില മാധ്യമങ്ങളെയും” വ്യക്തികളെയും “ കുപ്രചരണം നടത്തിയതിന് മന്ത്രി കുറ്റപ്പെടുത്തി. മതസൗഹാർദ്ദത്തിന് പ്രതിജ്ഞാബദ്ധരായ സർക്കാരിനെ നാണംകെടുത്താനാണ് അത് ചെയ്തതെന്ന് മന്ത്രി പറഞ്ഞു.

സമീപ വർഷങ്ങളിൽ, സർക്കാർ പണം നൽകുന്നതിനാൽ, ബംഗ്ലാദേശിലെ എല്ലാ സ്ഥലങ്ങളിലും പൂജാ മണ്ഡപങ്ങളുടെ എണ്ണം അതിശയകരമായി വർദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

വിശുദ്ധ ഖുർആനിന്റെ പകർപ്പ് ക്ഷേത്രത്തില്‍ ഉപേക്ഷിച്ചത് മുഖ്യപ്രതി ഇഖ്ബാൽ ഹുസൈൻ എന്ന മയക്കുമരുന്നിന് അടിമയായ വ്യക്തിയാണ്. തെറ്റു ചെയ്തവരെ ശിക്ഷിക്കാനും എല്ലാ പൗരന്മാരെയും രക്ഷിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞു. നിയമ നിർവ്വഹണ ഏജൻസികൾ ഇക്കാര്യം അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1971ലെ വിമോചനയുദ്ധത്തെ എതിർത്ത പാക്കിസ്താനുമായി അടുപ്പമുള്ള ഘടകങ്ങൾ തന്റെ രാജ്യത്ത് സാമുദായിക അസ്വാരസ്യം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ബംഗ്ലാദേശ് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി എം ഹസൻ മഹമൂദ് പറഞ്ഞതിന് പിന്നാലെയാണ് മൊമന്റെ ഈ പ്രസ്താവന.

മതേതര സ്വഭാവമുള്ള ഭരണഘടനയിൽ മതം കൊണ്ടുവന്നതിന് മുൻ പ്രസിഡന്റ് ജനറൽ ഹുസൈൻ മുഹമ്മദ് ഇർഷാദിനെ കുറ്റപ്പെടുത്തി.

Print Friendly, PDF & Email

Leave a Comment

More News