സിയാൽകോട്ടിൽ ശ്രീലങ്കൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ 50 പേർ അറസ്റ്റിൽ

ലാഹോർ: സിയാൽകോട്ടിൽ രോഷാകുലരായ ജനക്കൂട്ടം ശ്രീലങ്കക്കാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 50 പേരെ പിടികൂടിയതായി മുഖ്യമന്ത്രിയുടെ സ്പെഷ്യൽ അസിസ്റ്റന്റ് (എസ്എസിഎം) ഹസൻ ഖവാർ പറഞ്ഞു.

പ്രധാനമന്ത്രിയുടെ മതസൗഹാർദത്തിനായുള്ള പ്രത്യേക പ്രതിനിധി മൗലാന താഹിർ അഷ്‌റഫിയും, ഐജി പഞ്ചാബും ലാഹോറിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം ശ്രീലങ്കൻ പൗരന്റെ കൊലപാതകത്തിൽ ഖേദം പ്രകടിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് 50 പേരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങളിലൂടെ സംഭവത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാനും പഞ്ചാബ് മുഖ്യമന്ത്രി സർദാർ ഉസ്മാൻ ബസ്ദാറും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കുമെന്നും ഖവാർ പറഞ്ഞു.

ഇരയുടെ കുടുംബത്തെ അനുശോചനം അറിയിച്ച അഷ്‌റഫി, വിഷയത്തെ അപലപിക്കാൻ രാജ്യത്തെ മതപണ്ഡിതർ ഉടൻ സംയുക്ത പത്രസമ്മേളനം നടത്തുമെന്ന് പറഞ്ഞു. “ഞങ്ങൾ അനുശോചനത്തിനായി ശ്രീലങ്കൻ എംബസിയിലേക്കും പോകും,” അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവം

ഇന്ന് (വെള്ളിയാഴ്ച) പുലർച്ചെയാണ് സിയാൽകോട്ടിൽ ആൾക്കൂട്ടം ഒരു ശ്രീലങ്കൻ പൗരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചത്. സിയാൽകോട്ടിലെ വസീറാബാദ് റോഡിൽ സ്വകാര്യ ഫാക്ടറികളിലെ തൊഴിലാളികൾ ഒരു ഫാക്ടറിയുടെ എക്‌സ്‌പോർട്ട് മാനേജരെ ആക്രമിക്കുകയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയും ചെയ്തതാണ് സംഭവത്തിനാധാരം.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസിനെ പിന്നീട് പ്രദേശത്തേക്ക് അയച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ശ്രീലങ്കൻ പൗരന്‍ പ്രിയന്ത കുമാരയാണ് ആക്രമത്തിനിരയായതെന്ന് സിയാൽകോട്ട് ജില്ലാ പോലീസ് ഓഫീസർ ഉമർ സയീദ് മാലിക് പറഞ്ഞു.

സംഭവം ശ്രദ്ധയിൽപ്പെട്ടിരുന്നു എന്നും, ഇത് വളരെ ദാരുണമായ സംഭവമാണെന്നും പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാൻ ബുസ്ദാര്‍ പറഞ്ഞു. പോലീസ് ഇൻസ്‌പെക്ടർ ജനറലിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും, ആൾക്കൂട്ട കൊലപാതകത്തിന് പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണം. നിയമം കൈയ്യിലെടുക്കുന്നവർക്കെതിരെ നടപടിയെടുക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

Print Friendly, PDF & Email

Leave a Comment

More News