കമന്റടിച്ചത് ചോദ്യം ചെയ്തു; പാലായില്‍ ഗര്‍ഭിണിയെ ചവിട്ടിവീഴ്ത്തി, ഭര്‍ത്താവിനെ മര്‍ദ്ദിച്ചു; നാലംഗ സംഘം അറസ്റ്റില്‍

പാലാ: ഗര്‍ഭിണിയായ ആശുപത്രി ജീവനക്കാരിയെ ചവിട്ടി പരിക്കേല്‍പ്പിക്കുകയും ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. പാലാ ഞൊണ്ടിമാക്കല്‍ കവലയിലാണ് സംഭവം

വര്‍ക്ക്ഷോപ്പ് ഉടമകളായ പൂവരണി പാറപ്പള്ളി കറുത്തേടത്ത് ശങ്കര്‍ കെ.എസ് (30), അമ്പാറനിരപ്പേല്‍ പ്ലാത്തോട്ടത്തില്‍ ജോണ്‍സണ്‍ (38), വര്‍ക്ക്ഷോപ്പിലെ ജീവനക്കാരായ നരിയങ്ങാനം ചെമ്പന്‍പുരയിടത്തില്‍ ആനന്ദ് (23), മേവട വെളിയത്ത് സുരേഷ് (55) എന്നിവരാണ് അറസ്റ്റിലായത്.

ഞൊണ്ടിമാക്കല്‍ കവലയിലാണ് സംഘം വര്‍ക്ക്‌ഷോപ്പ് നടത്തുന്നത്. യുവതിയും ഭര്‍ത്താവും നടന്നു പോകുന്‌പോള്‍ വര്‍ക്ക്‌ഷോപ്പില്‍നിന്ന് കമന്റടിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തത് ഭര്‍ത്താവ് ചോദ്യം ചെയ്തതാണ് തര്‍ക്കത്തിന് കാരണം. ഭര്‍ത്താവിനെ നാലംഗ സംഘം അടിച്ചു വീഴ്ത്തുകയായിരുന്നു. തടസം പിടിക്കാന്‍ ചെന്ന യുവതിയെ ബൂട്ടിട്ട് ചവിട്ടുകയും ചെയ്തു.

പോലീസിനെ വിളിക്കാന്‍ തുടങ്ങിയ ദമ്പതികളെ വാഹനമിടിപ്പിക്കാനും സംഘം ശ്രമിച്ചു. ചവിട്ടേറ്റതിനെ തുടര്‍ന്ന് 22 ആഴ്ച ഗര്‍ഭിണിയായ യുവതിക്ക് ബ്ലീഡിംഗ് ഉണ്ടായി. തുടര്‍ന്ന് ഇവരെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ഇവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവ മെഡിസിറ്റിയിലേക്ക് പിന്നീട് മാറ്റി.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയപ്പോഴേക്കും സംഘം സ്ഥലത്ത് നിന്നും മുങ്ങി. പിറ്റേന്ന് കാറില്‍ ബംഗളൂരുവിലേക്ക് കടക്കാന്‍ ശ്രമം നടത്തുന്നതിനിടെ രണ്ടുപേരെ അമ്പാറനിരപ്പിലെ റബര്‍ തോട്ടത്തില്‍ നിന്നും പോലീസ് പിടികൂടുകായയിരുന്നു.

മറ്റ് രണ്ടുപേരെ വീടുകളില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പോലീസ് ആദ്യം കസ്റ്റഡിയിലെടുത്ത ആന്റോ എന്ന യുവാവിനെ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചു.

Print Friendly, PDF & Email

Leave a Comment

More News