മീഡിയ വണ്‍ വിലക്കിനെതിരായ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും: സുപ്രീം കോടതി

തിരുവനന്തപുരം: മീഡിയ വണ്‍ സംപ്രേക്ഷണ വിലക്കിനെതിരെ ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നല്‍കിയ ഹര്‍ജി വ്യാഴാഴ്ച ഉചിതമായ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എന്‍.വി രമണ. ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന് മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു. എന്നാല്‍ വെള്ളിയാഴ്ച വ്യക്തിപരമായ അസൗകര്യം ഉണ്ടെന്ന് ദുഷ്യന്ത് ദാവെ കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഹര്‍ജി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

പതിനൊന്ന് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ചാനല്‍ ആണ് മീഡിയ വണ്‍ എന്ന് ദുഷ്യന്ത് ദാവെ കോടതിയില്‍ ചൂണ്ടിക്കാട്ടി. ആഭ്യന്ത്രര മന്ത്രാലയത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആണ് ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കാത്തത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചും, ഡിവിഷന്‍ ബെഞ്ചും ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ആണ
മാനേജ്മെന്റ് നല്‍കിയ ഹര്‍ജി തള്ളിയത്. എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ രഹസ്യ ഫയലുകളില്‍ എന്താണ് ഉള്ളത് എന്ന് അറിയില്ല. കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായ ശേഷം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കക്ഷികളായ തങ്ങളെ അറിയിക്കാതെ ആഭ്യന്തര വകുപ്പിന്റെ ഫയലുകള്‍ നോട്ടീസ് അയച്ച് വിളിപ്പിച്ച് വരുത്തിയ ശേഷം പരിശോധിച്ചതിനെയും ദുഷ്യന്ത് ദാവെ വിമര്‍ശിച്ചു.

വ്യാഴാഴ്ച മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന് വേണ്ടി സീനിയര്‍ അഭിഭാഷകരായ മുകുള്‍ റോത്തഗി, ദുഷ്യന്ത് ദാവെ, അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവരാകും ഹാജരാകുക. കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജ് എന്നിവര്‍ ഹാജരായേക്കും.

Print Friendly, PDF & Email

Leave a Comment

More News