പോലീസിന് ആശ്വാസം! തിരുവല്ലം കസ്റ്റഡി മരണം ഹൃദയാഘാതമൂലമാണെന്ന് പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിച്ച സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പ്രതി സുരേഷിന്റെ മരണത്തിനു കാരണം ഹൃദയാഘാതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സുരേഷിന്റെ ദേഹത്ത് കാര്യമായ പരിക്കുകളില്ല. മരണകാരണമാകാവുന്ന ഗുരുതര മര്‍ദ്ദനത്തിന്റെ പാടുകളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ചെറിയ പാടുകളും അടയാളങ്ങളുമുണ്ട്. അവ കാരണകാരണമാകുന്നവയല്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇതോടെ കേസില്‍ മര്‍ദനം, കൊലപാതകം തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തേണ്ടെന്ന് ക്രൈംബ്രാഞ്ച് തീരുമാനിച്ചു. എന്നാല്‍ കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റു എന്ന ആരോപണത്തില്‍ അന്വേഷണം തുടരും. അസ്വഭാവിക മരണത്തിനാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്് ഈ നിലയില്‍ വകുപ്പുകള്‍ നിലനിര്‍ത്തി അന്വേഷണം തുടരും. സുരേഷിന്റെ ശരീരത്തിലെ പാടുകള്‍ എങ്ങനെയുണ്ടായി എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.

ഇതിനായി സുരേഷിനൊപ്പം അറസ്റ്റിലായവരെ ജയിലിലെത്തി ചോദ്യം ചെയ്യും. തിരുവല്ലം സ്‌റ്റേഷനിലെ പോലീസുകാരുടെയും പ്രതികളെ കസ്റ്റഡിയിലെടുത്ത ജഡ്ജിക്കുന്നിലെ സാക്ഷികളുടെയും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെയും മൊഴിയെടുക്കും. ക്രൈംബ്രാഞ്ചിനൊപ്പം മജിസ്റ്റീരിയല്‍ അന്വേഷണവും തുടരുകയാണ്.

തിരുവല്ലം ജഡ്ജിക്കുന്ന് കാണാനെത്തിയ ദമ്പതികളെ ആക്രമിച്ചതിനാണ് സുരേഷ് അടക്കമുള്ള പ്രതികള്‍ അറസ്റ്റിലായത്. പോലീസ് കസ്റ്റഡിയിലിരിക്കേ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണ സുരേഷിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്നുള്ള മരണമാണെന്ന ആരോപിച്ച് നാട്ടുകാര്‍ സ്‌റ്റേഷന്‍ ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment

More News