ഭൂമി (കവിത) ജോണ്‍ ഇളമത

ഒരു മഹാമുഴക്കത്തിലന്നു
ഗര്‍ജ്ജിച്ചു ഗര്‍ജ്ജിച്ചു
ഭൂമി ജനിച്ചു.

ഇരുളിന്‍ മറപൊട്ടി
പകലിന്‍ ഗര്‍ഭത്തില്‍
ഭൂമി ജനിച്ചു

ആഴിയും ആകാശവും
വേര്‍പരിഞ്ഞു
ഇരുളും പകലും
ഇഴപിരിഞ്ഞു
ഭൂമി ജനിച്ചു.

ആഴിയില്‍ ജീവന്‍ തുടിച്ചു
ആദ്യത്തെ ഭ്രൂണം പൊട്ടി
ആഴിയില്‍ കരകള്‍ ഉയര്‍ന്നു
ഭൂമി ജനിച്ചു.

ഭൂണങ്ങള്‍ വളര്‍ന്നു
പക്ഷിയായി പാമ്പായി
മൃഗങ്ങളായ് മനുഷ്യരായ്
ഭൂമി ജനിച്ചു.

ഭൂമിയെ കീഴടക്കി
മനുഷ്യര്‍, സ്വാര്‍ത്ഥരായ്
പാമ്പായിഴഞ്ഞു
ഭൂമി ജനിച്ചു.

കൊടും വിഷം ചീറ്റി
മനുഷ്യര്‍ ഭൂമിയയെ
കാളകൂട വിഷമാക്കിമാറ്റി
ഭൂമി ജനിച്ചു.

ആയുധങ്ങള്‍ ചീറി
ആകാശത്തില്‍,
അണുവായുധങ്ങള്‍ ഒരുക്കി
ഭൂമി ജനിച്ചു

പരസ്പരം  ചീറിയടുത്തു
വിഷപാമ്പുകള്‍
കടിച്ചു കീറി നശിക്കാനായ്
ഭൂമി ജനിച്ചു!

Leave a Comment

More News