ജപ്പാനില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ഫുകുഷിമയില്‍ സുനാമി മുന്നറിയിപ്പ്

ന്യൂഡൽഹി: വടക്കൻ ജപ്പാനിലെ ഫുകുഷിമ തീരത്ത് ബുധനാഴ്ച റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയതായി റിപ്പോര്‍ട്ട്.

ടോക്കിയോയിൽ നിന്ന് 297 കിലോമീറ്റർ വടക്കുകിഴക്കായി ഇന്ന് രാത്രി 8.06 ഓടെയാണ് റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (National Center for Seismology) അറിയിച്ചു.

രാത്രി 11:36 ന് ആഞ്ഞടിച്ചതിന് തൊട്ടുപിന്നാലെ, മിയാഗി, ഫുകുഷിമ ഭാഗങ്ങൾ ഉൾപ്പെടെ വടക്കുകിഴക്കൻ തീരത്തിന്റെ ഭാഗങ്ങളിൽ ഒരു മീറ്ററോളം സുനാമി തിരമാലകൾ ഉണ്ടാകാനുള്ള മുന്നറിയിപ്പ് നൽകിയതായി ജപ്പാൻ കാലാവസ്ഥാ ഏജൻസി റിപ്പോർട്ട് ചെയ്തു.

ടോക്കിയോയിലെ 700,000 ഉൾപ്പെടെ രണ്ട് ദശലക്ഷത്തിലധികം കുടുംബങ്ങൾക്ക് വൈദ്യുതി ഇല്ലെന്ന് വൈദ്യുതി ദാതാക്കളായ ടെപ്‌കോ പറഞ്ഞു. എന്നാല്‍, ആളപായമോ നാശനഷ്ടങ്ങളോ ഉടനടി റിപ്പോർട്ട് ചെയ്തിട്ടില്ല.

2011ൽ ഫുകുഷിമ ആണവദുരന്തത്തിന് കാരണമായ സുനാമിയെ തുടർന്നുണ്ടായ വലിയ ഭൂകമ്പവും ഇതേ പ്രദേശത്തെ ബാധിച്ചിരുന്നു. സുനാമിയിൽ 18,500 പേർ മരിക്കുകയോ കാണാതാവുകയോ ചെയ്തു. 2011 മാർച്ചിൽ ജപ്പാൻ ദുരന്തത്തിന്റെ 11-ാം വാർഷികം ആചരിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഭൂചലനം.

പസഫിക്കിലെ “റിംഗ് ഓഫ് ഫയർ” (Ring of Fire) ൽ സ്ഥിതി ചെയ്യുന്ന ജപ്പാനില്‍ ഭൂകമ്പങ്ങള്‍ പതിവാണ്. അതുകൊണ്ട് കെട്ടിടങ്ങൾക്ക് ശക്തമായ ഭൂചലനങ്ങളെ നേരിടാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ള കർശനമായ നിർമ്മാണ നിയന്ത്രണങ്ളും ഉണ്ട്.

പസഫിക് “റിംഗ് ഓഫ് ഫയർ” തെക്കുകിഴക്കൻ ഏഷ്യയിലൂടെയും പസഫിക് തടത്തിലൂടെയും വ്യാപിച്ചുകിടക്കുന്ന തീവ്രമായ ഭൂകമ്പ പ്രവർത്തനത്തിന്റെ ഒരു കമാനമാണ്.

Print Friendly, PDF & Email

Leave a Comment

More News