ഭൂനികുതി വര്‍ദ്ധനവ് പിന്‍വലിച്ചില്ലെങ്കില്‍ കര്‍ഷകര്‍ക്ക് വന്‍ പ്രഹരമാകും: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: സംസ്ഥാന ബജറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഭൂനികുതി വര്‍ദ്ധനവ് പിന്‍വലിച്ചില്ലെങ്കില്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പ്രഹരമാകും നേരിടേണ്ടി വരുന്നതെന്നും സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.

ഭൂനികുതി നിര്‍ദ്ദേശത്തിന്റെ പിന്നിലുള്ള യഥാര്‍ത്ഥ ചിത്രം പഠനവിഷയമാക്കുവാന്‍ കര്‍ഷകസംഘടനകളും ജനപ്രതിനിധികളും കര്‍ഷകാഭിമുഖ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കാത്തത് നിര്‍ഭാഗ്യകരമാണ്. ഭൂനികുതിയുടെ ശതമാനം അടിസ്ഥാനത്തിലുള്ള വര്‍ദ്ധനവ് ഒഴിവാക്കി സ്ലാബ് സംവിധാനത്തിലൂടെയുള്ള വന്‍ വര്‍ദ്ധനവിന്റെ പ്രത്യാഘാതം കര്‍ഷകന് താങ്ങാവുന്നതിലധികമായിരിക്കും. ഓരോ സ്ലാബിലും വ്യത്യസ്ഥമായ നികുതി നിരക്കാണ് നിലവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ നിസ്സാരമെന്നു തോന്നുമെങ്കിലും ഇപ്പോഴുള്ള ഭൂനികുതിയുടെ നാലിരട്ടിയോ അതിലേറെയോ തുകയായി പുത്തന്‍നികുതി കുത്തനെ വര്‍ദ്ധിക്കും. ബജറ്റ് പാസ്സാക്കിയതിനുശേഷം 2022-23 മുതലായിരിക്കും ഇതിന്റെ ദുരന്തഫലം കര്‍ഷകര്‍ നേരിടുന്നത്. നികുതിവര്‍ദ്ധനവിന് ആനുപാതികമായി തൊഴിലാളി ക്ഷേമനിധിയിലേയ്ക്കും വന്‍തുക ഭൂവുടമകള്‍ അടയ്‌ക്കേണ്ടിവരും. നികുതിയടയ്ക്കാന്‍ കാലതാമസം വന്നാല്‍ മാസംതോറും രണ്ടുശതമാനം പിഴയും അടയ്‌ക്കേണ്ട കൊള്ളപ്പിഴപലിശ സംവിധാനവുമാണ് കര്‍ഷകരുടെമേല്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്.

ഭൂമിയുടെ ന്യായവില ഉയര്‍ത്താനുള്ള നിര്‍ദ്ദേശവും വന്‍ തിരിച്ചടിയാകും. ഭൂമിയുടെ ക്രയവിക്രയങ്ങള്‍ സ്തംഭിക്കും. സ്വന്തം ഭൂമി വില്‍ക്കാന്‍ പോലും കര്‍ഷകര്‍ക്ക് സാധിക്കാതെ വരും. വോട്ടുചെയ്യാനുള്ള ഉപകരണങ്ങള്‍ മാത്രമായി കര്‍ഷകര്‍ അധഃപതിക്കാതെ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന കാര്‍ഷികമേഖലയ്ക്ക് ഇരുട്ടടിയേകി സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ ക്രൂശിക്കുന്നതിനെതിരെ സംഘടിച്ചെതിര്‍ക്കണം. കര്‍ഷകരെ ഞെക്കിപ്പിഴിഞ്ഞെടുത്ത് ഖജനാവ് നിറയ്ക്കാനുള്ള ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും പുത്തന്‍ ഭൂനികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്നും ജനപ്രതിനിധികള്‍ നിഷ്‌ക്രിയരാകാതെ കര്‍ഷകര്‍ക്കുവേണ്ടി ഉറച്ച നിലപാടുകളെടുത്ത് പ്രതികരിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

Print Friendly, PDF & Email

Leave a Comment

More News