സില്‍വര്‍ ലൈന്‍: മാര്‍ കൂറിലോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്തയുടെ പ്രതികരണം തള്ളി യാക്കോബായ സഭ

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിരണം ഭദ്രാസനാധിപന്‍ ഡോ. മാര്‍ കൂറിലോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്തയുടെ പ്രതികരണങ്ങള്‍ യാക്കോബായ സഭ തള്ളി. മെത്രാപ്പോലീത്ത നടത്തിയ പ്രസ്താവനകള്‍ സഭയുടെ നിലപാട് അല്ലെന്ന് വ്യക്തമാക്കി സഭ വാര്‍ത്താക്കുറിപ്പിറക്കി. കെ റെയില്‍ വിഷയത്തില്‍ സഭ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.

യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്തയാണ് ഡോ. മാര്‍ കൂറിലോസ് ഗീവര്‍ഗീസ്. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ അടക്കം പ്രതികരണം നടത്തിയിരുന്നു. കടമെടുത്ത് വികസനം കൊണ്ടുവന്ന് കടക്കെണിയില്‍ വീണ് ഇപ്പോള്‍ പട്ടിണിയില്‍ ആയ ശ്രീലങ്ക നമ്മുടെ തൊട്ടടുത്തുണ്ട് എന്ന് എല്ലാവരും ഓര്‍ക്കുന്നത് നന്നായിരിക്കും തുടങ്ങിയ പ്രതികരണങ്ങള്‍ അദ്ദേഹം സാമൂഹികമാധ്യമങ്ങളില്‍ നടത്തിയിരുന്നു.

എന്നാല്‍ ഇദ്ദേഹത്തിന്റെ നിലപാട് തള്ളുന്ന നിലപാടാണ് ഇപ്പോള്‍ യാക്കോബായ സഭ സ്വീകരിച്ചിരിക്കുന്നത്. മെത്രാപ്പോലീത്തയുടെ നിലപാടുകള്‍ സഭയുടേത് അല്ല. സഭ ഇതുവരെ ഈ വിഷയത്തില്‍ നിലപാട് സ്വീകരിച്ചിട്ടില്ല. സുന്നഹദോസോ സഭയുടെ മറ്റ് സമിതികളോ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പ് പറയുന്നു. ഈ വിഷയത്തില്‍ മെത്രാപ്പോലീത്ത നടത്തിയ പരാമര്‍ശങ്ങള്‍ തങ്ങളുടെ അറിവോടെ അല്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മെത്രാപ്പോലീത്ത നടത്തിയ പരാമര്‍ശങ്ങളെ പൂര്‍ണമായും തള്ളുകയാണ് സഭ.

Print Friendly, PDF & Email

Leave a Comment

More News