മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ സഹദേവന്‍ അന്തരിച്ചു

കോട്ടയം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ചലച്ചിത്ര നിരൂപകനും അധ്യാപകനുമായിരുന്ന എ. സഹദേവന്‍ (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഞായറാഴ്ച രാവിലെ 11.55 ഓടെയായിരുന്നു അന്ത്യം.

പാലക്കാട് പുതുശ്ശേരി സ്വദേശിയാണ്. 1951 ഒക്ടോബര്‍ 15-നായിരുന്നു ജനനം. മാത്തൂര്‍ താഴത്തെ കളത്തില്‍ കെ. സി. നായരുടെയും പൊല്‍പ്പുള്ളി ആത്തൂര്‍ പത്മാവതി അമ്മയുടെയും മകനാണ്. പുതുശ്ശേരി പൊല്‍പ്പുള്ളി, ഇലപ്പുള്ള, പാലക്കാട് മോത്തിലാല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ബി.എ.യും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് എം.എയും പാസായി. ഫോര്‍ട്ട് കൊച്ചി ഡെല്‍റ്റാ സ്റ്റഡി, നീലഗിരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. ബി.എ.യ്ക്ക് പഠിക്കുമ്പോള്‍ ആദ്യ കഥ ഒക്ടോബര്‍ പക്ഷിയുടെ ശവം (1971) മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് മലയാളനാട്, ദേശാഭിമാനി, നവയുഗം, കലാകൗമുദി തുടങ്ങി പ്രസിദ്ധീകരണങ്ങളില്‍ കഥയെഴുതി.

1982ല്‍ മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായി ചേര്‍ന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ്, ചിത്രഭൂമി, വാരാന്തപ്പതിപ്പ് എന്നിവയുടെ ചുമതലക്കാരനായിരുന്നു. പിന്നീട് ഇന്ത്യാ വിഷനില്‍ ചേര്‍ന്നു. 24 ഫ്രെയിംസ് എന്ന പേരില്‍ സിനിമാ സംബന്ധിയായ പംക്തി കൈകാര്യംചെയ്തു. മികച്ച പത്രപ്രവര്‍ത്തകനുള്ള പാമ്പന്‍ മാധവന്‍ സ്മാരക അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: തിരുവണ്ണൂര്‍ ചെങ്കളത്ത് പുഷ്പ. മകള്‍: ചാരുലേഖ.

Print Friendly, PDF & Email

Leave a Comment

More News