എല്‍.ഡി.എഫില്‍ വരണമെങ്കില്‍ കാപ്പന്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്ന് േകാടിയേരി; മദ്യനയത്തില്‍ സി.പി.ഐയ്ക്ക് എതിര്‍പ്പില്ല

കോട്ടയം: മാണി സി. കാപ്പന് എല്‍.ഡി.എഫിലേക്ക് വരാനാവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കേടിയേരി ബാലകൃഷ്ണന്‍. കാപ്പന് എല്‍.ഡി.എഫില്‍ വരണമെങ്കില്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കണം. കാപ്പന്റെ എല്‍.ഡി.എഫ് പ്രവേശനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, കാപ്പന്‍ എല്‍.ഡി.എഫില്‍ വരേണ്ട ആവശ്യമില്ലെന്നായിരുന്നു എന്‍.സി.പി നേതാവും മന്ത്രിയുമായ എ.കെ ശശീന്ദ്രന്റെ നിലപാട്. യു.ഡി.എഫ് നേതൃത്വത്തിനെതിരെ കാപ്പന്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് അദ്ദേഹം എല്‍.ഡി.എഫിലേക്കു പോകുമോ എന്ന സംശയം ഉയര്‍ന്നത്.

യു.ഡി.എഫിന്റെ പ്രതിഷേധ പരിപാടികള്‍ തന്നെ അറിയിക്കാറില്ലെന്നും വിളിക്കാറില്ലെന്നുമായിരുന്നു കാപ്പന്റെ പ്രധാന പരാതി.

മദ്യനയത്തില്‍ സിപിഐയ്ക്ക് എതിര്‍പ്പില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കുറച്ച് വ്യക്തികളുടെ ചില പ്രസ്താവന മാത്രമാണ് വന്നിട്ടുള്ളതെന്നും സിപിഎമ്മും സിപിഐയും എല്ലാ കാര്യങ്ങളും ആലോചിച്ചാണ് ചെയ്യുന്നതെന്നും കോടിയേരി വ്യക്തമാക്കി. കള്ളുഷാപ്പുകളുടെ ദൂരപരിധി സംബന്ധിച്ച പ്രശ്‌നമാണ് എഐടിയുസി ഉന്നയിച്ചിരിക്കുന്നത്. അത് ചെത്തുതൊഴിലാളികള് ഉന്നയിക്കുന്ന പ്രശ്‌നമാണ്. ചെത്തുതൊഴിലാളികളുടെ സംഘടനയും ആ പ്രശ്‌നം ഉന്നയിച്ചിട്ടുണ്ട്.

ഇന്നത്തെ നിലയില് അത് എത്രത്തോളം പ്രായോഗികമാകുമെന്ന പ്രശ്‌നമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ ചില വിധികളും നിലനില്ക്കുന്നുണ്ട്. അതിനാലാണ് ആ വിഷയത്തില് ഇപ്പോള് തീരുമാനമെടുക്കാത്തത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മദ്യനയത്തില് അഴിമതിയാണെന്ന ആരോപണം അവരുടെ കാലത്തെ ശീലം വച്ച് ഉന്നയിച്ചിട്ടുള്ളതാണെന്നും കോടിയേരി പരിഹസിച്ചു.

Print Friendly, PDF & Email

Leave a Comment

More News