അഭയ കേസിലെ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച പോലീസ് സര്‍ജന്‍; ഡോ. രമയുടെ വിയോഗത്തില്‍ അനുസ്മരിച്ച് കെ.ടി ജലീല്‍

സത്യസന്ധയായ പോലീസ് സര്‍ജന്‍ ഡോ: രമ വിടവാങ്ങി. ആദരാഞ്ജലികള്‍.

അഭയ കേസിലെ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ നടപ്പാക്കിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച പോലീസ് സര്‍ജന്‍ ഡോ. രമയുടെ വിയോഗ വാര്‍ത്ത ദു:ഖത്തോടെയാണ് കേട്ടത്.

ഇപ്പോഴത്തെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉള്‍പ്പടെ പല പ്രമുഖരും തേച്ചു മായ്ച്ചു കളയാന്‍ ശ്രമിച്ച കൊലക്കേസായിരുന്നു 30 വര്‍ഷം മുമ്പ് അതിക്രൂരമായി വധിക്കപ്പെട്ട അഭയ എന്ന കന്യാസ്ത്രീയുടേത്. കേസിലെ ഒന്നാം പ്രതി ഫാദര്‍ കോട്ടൂര്‍ കര്‍ണ്ണാടക ചീസ്റ്റിസും സുപ്രീം കോടതി മുന്‍ ജഡ്ജിയും നിലവിലെ കേരള ലോകായുക്തയുമായ സിറിയക് ജോസഫിന്റെ ഭാര്യാ സഹോദരി ഭര്‍ത്താവിന്റെ സ്വന്തം ജേഷ്ഠനാണ്. ആ ബന്ധം വെച്ചാണ് ന്യായാധിപ സ്ഥാനത്തിരുന്ന് ബാംഗ്ലൂരിലെ ഫോറന്‍സിക് ലാബില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി വിവരങ്ങള്‍ പ്രതികള്‍ക്ക് ചോര്‍ത്തിക്കൊടുത്തത് .

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജനായി സേവനമനുഷ്ഠിക്കവെയാണ് 2008 നവംബറില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത അഭയ കേസിലെ പ്രതി സിസ്റ്റര്‍ സെഫിയെ ഡോക്ടര്‍ പി രമയുടെ മുന്നില്‍ വൈദ്യ പരിശോധനക്കായി കൊണ്ട് വരുന്നത്.

ലോകായുക്ത സിറിയക് ജോസഫിന്റെ ഉറ്റ ബന്ധു ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും തമ്മില്‍ നടന്നിരുന്ന ലൈംഗിക വേഴ്ച നടന്നിട്ടില്ലെന്ന് വരുത്തി കന്യകയാണെന്ന് സ്ഥാപിക്കാന്‍ വേണ്ടിയാണ് ഒരു ശസ്ത്രക്രിയയിലൂടെ കന്യാചര്‍മ്മം സെഫിക്ക് കൃത്രിമമായി വെച്ചുപിടിപ്പിച്ചത്. ഈ മഹാപാപം മെഡിക്കല്‍ പരിശോധനയില്‍ കണ്ടുപിടിച്ച് ലോകത്തോട് വിളിച്ചു പറഞ്ഞത് ഡോ: രമയെന്ന സത്യസന്ധയായ പോലീസ് സര്‍ജനാണ്. അഭയ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായത് പ്രസ്തുത കണ്ടെത്തലാണ്.

പലരെയും പോലെ ഡോ: രമ സ്വാധീനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങിയിരുന്നെങ്കില്‍ അഭയ കേസ് ഒരുവേള തെളിയിക്കപ്പെടാത്ത കൊലപാതക കേസുകളുടെ കൂട്ടത്തിലേക്ക് വലിച്ചെറിയപ്പെട്ടേനെ.

2019 ല്‍ അഭയ കേസിലെ വിചാരണ സി.ബി.ഐ കോടതിയില്‍ ആരംഭിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ സാക്ഷിയായ
ഡോക്ടര്‍ രമയെ സി.ബി.ഐ കോടതി നിയോഗിച്ച മജിസ്‌ട്രേറ്റ്, വീട്ടില്‍ പോയാണ് മൊഴി രേഖപ്പെടുത്തിയതെന്ന് അഭയ കേസിന്റെ ചുരുളഴിച്ച ദൈവത്തിന്റെ സ്വന്തം വക്കീല്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ തന്റെ ആത്മ കഥയില്‍ പറയുന്നുണ്ട്.
ഡോക്ടര്‍ രമ അസുഖബാധിതയായി കിടപ്പിലായതിനാലാണ് അവരുടെ വീട്ടില്‍ പോയി മൊഴിയെടുക്കേണ്ടി വന്നത്. അത്തരമൊരു സാഹചര്യത്തിലും സത്യം തുറന്നു പറയാന്‍ അവര്‍ കാണിച്ച തന്റേടത്തിന് ഒരു ബിഗ് സെല്യൂട്ട്.

ധീരയും സാമൂഹ്യ പ്രതിബദ്ധതയുടെ പ്രതിരൂപവുമായ ഡോ: പി രമയുടെ നിര്യാണത്തില്‍ ആദരാജ്ഞലികള്‍.
പ്രശസ്ത സിനിമാ നടന്‍ ജഗദീഷന്റെ നല്ല പാതിയാണ് അന്തരിച്ച ഡോ: രമ. ജഗദീഷിന്റെയും കുടുംബത്തിന്റെയും അഗാധമായ ദു:ഖത്തില്‍ നമുക്കും പങ്ക് ചേരാം.

ജീവിത വിജയം നേടിയവരുടെ പട്ടികയില്‍ ഡോ: രമയുടെ നാമം തങ്ക ലിപികളില്‍ ആലേഖനം ചെയ്യപ്പെടും. തീര്‍ച്ച

 

Print Friendly, PDF & Email

Leave a Comment

More News