അടൽ ഇന്നോവേഷൻ മിഷന്റെ ദേശീയതല ബിസിനസ് ആശയ മത്സരത്തിൽ മികച്ച 20 ൽ ഇടംപിടിച്ച് മലയാളി വിദ്യാർത്ഥി

ഇന്ത്യയിലെമ്പാടുമുള്ള അടൽ ടിങ്കറിംഗ് ലാബ് വിദ്യാർത്ഥികൾ സമർപ്പിച്ച ബിസിനസ് ആശയങ്ങളിൽ നിന്ന് മികച്ച 20 ൽ ഒന്നായി പുതിയകാവ് അമൃത വിദ്യാലയത്തിലെ 7-ാം ക്ലാസ് വിദ്യാർത്ഥി കാർത്തിക് രാജ് നിർമ്മിച്ച എഡ്ടെക് ബിസിനസ് ആശയം തിരഞ്ഞെടുക്കപ്പെട്ടു. 9000-ത്തിലധികം മത്സരാർത്ഥികൾ സമർപ്പിച്ച ആശയങ്ങളിൽ നിന്നാണ് മികച്ച 20 ആശയങ്ങൾ തിരഞ്ഞെടുത്തത്.

ഇന്ത്യയിലെ ടയർ 2,3,4 നഗരങ്ങളിലെ താഴ്ന്ന വരുമാനമുള്ള കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ കഴിയുന്ന ഒരു വെബ് പോർട്ടലായ ‘ എഡ്യുഈസി ‘ എന്ന പേരിൽ ഒരു ബഹുഭാഷാ എഡ്ടെക്കിനായാണ് കാർത്തിക് ഒരു ബിസിനസ്സ് ആശയം സമർപ്പിച്ചത്. ഇന്ത്യയിലെ 50 ശതമാനത്തിലധികം കുട്ടികളും അവരുടെ മാതൃഭാഷയിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നവരാണ്. 2020 ലെ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) സ്‌കൂൾ വിദ്യാഭ്യാസത്തിനായി 3 ഭാഷാ ഫോർമുലകളാണ് ശുപാർശ ചെയ്യുന്നത്. ഇത് നിലവിൽ എഡ്ടെക് കമ്പനികൾ നൽകുന്നില്ല. ഈ കുറവ് പരിഹരിക്കുന്നതിനായാണ് ഒരു ബിസിനസ് മോഡൽ ഉപയോഗപ്പെടുത്തി ഇംഗ്ലീഷിനു പുറമേ മാതൃ, പ്രാദേശിക ഭാഷകളിലും ഗുണമേന്മയുള്ള പഠന സാമഗ്രികൾ ലഭ്യമാക്കുന്ന തീരെ ചിലവു കുറഞ്ഞ എഡ്ടെക് ആയി കാർത്തിക് എഡ്യു ഈസി രൂപകൽപ്പന ചെയ്തത്.

നീതി ആയോഗ് അടൽ ഇന്നോവേഷൻ മിഷൻ (എ.ഐ.എം) സംഘടിപ്പിച്ച 9 ആഴ്ച നീണ്ടു നിന്ന എടിഎൽ ടിങ്കർപ്രണർ സമ്മർ ബൂട്ട് ക്യാമ്പിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 9000 ത്തിലധികം വിദ്യാർത്ഥികളാണ് ആദ്യ റൗണ്ടിൽ പങ്കെടുത്തത്. ഇതിൽ നിന്ന് കാർത്തിക് രാജ് ആദ്യ 100-ൽ ഇടം നേടി. ഈ നേട്ടത്തെ അടിസ്ഥാനമാക്കി, ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസ് നടത്തുന്ന ഒരു പ്രത്യേക അടൽ കാറ്റലിസ്റ്റ് പ്രോഗ്രാമിലേക്ക് എഐഎം കാർത്തികിനെ നാമനിർദ്ദേശം ചെയ്തു. ‘ഡിജിറ്റൽ ടിങ്കറിംഗ് ആൻഡ് ബിസിനസ് 101’ മത്സരത്തിൽ മുൻനിരയിലെത്തിയ ഏറ്റവും സമർത്ഥരായ യുവ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത പ്രോഗ്രാമാണിത്. ഐഎസ്ബി അലൂമ്‌നി മെന്ററായ സായ് ചരൺ തേജ് കൊമ്മൂരി, എഐഎം മെന്റർ ഗായത്രി മണിക്കുട്ടി എന്നിവരുമായി സംവദിക്കാനും കാർത്തിക്കിന് അടൽ കാറ്റലിസ്റ്റ് പ്രോഗ്രാമിലൂടെ അവസരം ലഭിച്ചു. രണ്ടാം റൗണ്ടിൽ കാർത്തികിന്റെ ബിസിനസ് ആശയം മികച്ച 20 ആശയങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News