സിപിഎം സെമിനാറില്‍ പങ്കെടുക്കാന്‍ അനുമതി തേടി കെ.വി. തോമസ്; പ്രതീക്ഷയുണ്ടെന്ന് എം.വി ജയരാജന്‍

 

കൊച്ചി: സംസ്ഥാന നേതൃത്വത്തെ തള്ളി സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ചരടുവലിയുമായി കെ.വി. തോമസ്. സി.പി.എം സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുമതി ചോദിച്ചെന്ന് കെ.വി തോമസ് വ്യക്തമാക്കി. ഒന്‍പതാം തീയതി വരെ സമയമുണ്ടെന്നും കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചപ്പോള്‍ തന്നെ പങ്കെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് അയച്ചിരുന്നുവെന്ന് കെ.വി.തോമസ് പറഞ്ഞു. കാരണം ഈ സമ്മേളനം ദേശീയ സമ്മേളനമാണ്. ദേശീയ തലത്തില്‍ ബിജെപി ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് കൊണ്ടുപോകേണ്ടതുണ്ട്. അത് ശരത് പവാര്‍ വ്യക്തമാക്കിയിരുന്നു. സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കളുടെ സമീപനവും അതാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ രാഷ്ട്രീയ ജിവിതത്തില്‍, എല്ലാവരേയും യോജിപ്പിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ഗവണ്‍മെന്റ് മുന്നോട്ട് പോയത്. ഭക്ഷ്യസുരക്ഷാ നിയമം ഐക്യകണ്ഠേന പാസാക്കിയത് അങ്ങനെയാണ്. ഈയൊരു സാഹചര്യത്തിലാണ് ക്ഷണം ലഭിച്ചപ്പോള്‍ സോണിയ ഗാന്ധിക്ക് കത്തയച്ചത്. കെ.സി. വേണുഗോപാല്‍ വിളിച്ച് തന്നോട് ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അേതസമയം, സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും കെ.വി തോമസും പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് കണ്ണൂര്‍ ജില്ലാ ശസക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. തരുരും തോമസും വികസന വിരോധികളല്ല. അവര്‍ സില്‍വര്‍ ലൈന്‍ കല്ലുകള്‍ പിഴുതെറിഞ്ഞവരല്ല. ഇരുവരും ഉയര്‍ത്തുന്ന ആശയം സിപിഎമ്മിനോട് യോജിക്കുന്നത്. സെമിനാറില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചത് ആര്‍.ചന്ദ്രശേഖര്‍ മാത്രമാണ്. അദ്ദേഹം സമ്മേളന നഗരിയായ പയ്യന്നൂരില്‍ വന്ന് ട്രേഡ് യൂണിയന്‍ നേതാക്കളെ കണ്ടു. പരിപാടിക്കെത്താന്‍ കഴിയാത്തതില്‍ ക്ഷമാപണം നടത്തിയാണ് മടങ്ങിയതെന്നും ജയരാജന്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News