മൂവാറ്റുപുഴ ജപ്തിയില്‍ വീഴ്ച; ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്ക് മന്ത്രിയുടെ നിര്‍ദേശം; ബാങ്ക് സിഇഒ രാജിവച്ചു

കൊച്ചി: മൂവാറ്റുപുഴയില്‍ മാതാപിക്കള്‍ വീട്ടിലില്ലാതിരുന്ന സമയം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഇറക്കി വിട്ട് വീട് ജപ്തി ചെയ്ത സംഭവത്തില്‍ അര്‍ബാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയ്ക്ക് സഹകരണമന്ത്രി വി.എന്‍ വാസവന്റെ നിര്‍ദേശം. ജപ്തി നടപടിയില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന സഹകരണ രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി വി.എന്‍. വാസവന്‍ നിര്‍ദേശം നല്‍കി. കുട്ടികള്‍ക്കു പകരം താമസ സൗകര്യം ഒരുക്കാതെ നടപടി സ്വീകരിച്ചതു സര്‍ക്കാര്‍ നയത്തിനു ചേര്‍ന്നതല്ലെന്നാണ് വിലയിരുത്തല്‍. ജപ്തിക്ക് നിര്‍ദേശം നല്‍കിയത് ഒരു ഉദ്യോഗസ്ഥനാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു.

ഗൃഹനാഥന്‍ അജേഷ് ഹൃദ്‌രോഗത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന സമയത്താണ് അര്‍ബന്‍ ബാങ്ക് അധികൃതര്‍ പെണ്‍കുട്ടികള്‍ അടക്കം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വീട്ടില്‍ നിന്നും ഇറക്കിവിട്ട് ജപ്തി നടപടി പൂര്‍ത്തിയാക്കിയത്. സംഭവ സമയം കുട്ടികളുടെ അമ്മയും ആശുപത്രിയിലായിരുന്നു.

സംഭവമറിഞ്ഞെത്തിയ മാത്യു കുഴല്‍നാടന്‍ എംഎല്‍എയാണ് പൂട്ട് തകര്‍ത്തു കുട്ടികളെ വീടിനുള്ളില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അജേഷിന്റെ സാമ്പത്തിക ബാധ്യതയും അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു.ഇതിനിടെ, അര്‍ബന്‍ ബാങ്ക് ജീവനക്കാരുടെ ഇടതു സംഘടന അജേഷിന്റെ ലോണ്‍ തുക അടച്ചുതീര്‍ത്തതായി പ്രഖ്യാപിച്ചെങ്കിലും തന്നെ ദ്രോഹിച്ചവര്‍ തന്ന തുക വേണ്ടെന്നു പറഞ്ഞു അജേഷ് അതു നിരസിച്ചു.

അതേസമയം, മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് സിഇഒ ജോസ് കെ. പീറ്റര്‍ രാജിവച്ചു. മൂവാറ്റുപുഴ സ്വദേശി അജേഷിന്റെ വീട് ജപ്തി ചെയ്ത ബാങ്ക് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സഹകരണമന്ത്രി വി.എന്‍. വാസവന്‍ നിര്‍ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ബാങ്ക് സിഇഒ യുടെ രാജിയുണ്ടായിരിക്കുന്നത്. രാജി അംഗീകരിച്ചുവെന്ന് ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ അറിയിച്ചു. വ്യക്തിപരമായ തീരുമാനമാണ് രാജിയെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണം പിന്നീട് നടത്തുമെന്നും ജോസ് കെ. പീറ്റര്‍ പറഞ്ഞു. അതേസമയം, സംഭവത്തിലെ മറ്റുള്ളര്‍ക്കെതിരേയും നടപടി വേണമെന്ന് ജപ്തിക്ക് ഇരയായ അജേഷ് ആവശ്യപ്പെട്ടു.

 

 

Print Friendly, PDF & Email

Leave a Comment

More News