സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ.വി തോമസ്; പുറത്താക്കാനുള്ള അധികാരം എഐസിസിക്ക്

കൊച്ചി: പാര്‍ട്ടി വിലക്ക് മറികടന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്. എറണാകുളത്തെ വസതിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം തീരുമാനം പ്രഖ്യാപിച്ചത്. രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന തീരുമാനം അറിയിക്കുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. മാര്‍ച്ചില്‍ ഡല്‍ഹിയില്‍ വച്ചു യെച്ചൂരിയെ കണ്ടപ്പോഴാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ സംസാരിക്കുന്ന കാര്യം തന്നോടു പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

സെമിനാര്‍ ദേശീയ പ്രാധാന്യമുള്ളതായതുകൊണ്ടാണ് സംസാരിക്കാന്‍ അനുമതി തേടിയത്. എന്നാല്‍ തനിക്ക് അനുമതി ലഭിച്ചില്ലെന്നു കെ.വി. തോമസ് പറഞ്ഞു.താന്‍ നൂലില്‍ കെട്ടി വന്നയാളല്ല. കോണ്‍ഗ്രസില്‍ അച്ചടക്കത്തോടെ നിന്നയാളാണ് താന്‍. പാര്‍ട്ടിയില്‍നിന്നു പുറത്താക്കുമെന്നു തന്നെ ഭീഷണിപ്പെടുത്തി. അതു ശരിയാണോയെന്നും തോമസ് ചോദിച്ചു. താന്‍ കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി. കെ.വി.തോമസിനെയും ശശി തരൂരിനെയുമാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ സെമിനാറില്‍ സംസാരിക്കാന്‍ ക്ഷണിച്ചിരുന്നത്. എന്നാല്‍, കെപിസിസി വിലക്കുകയും കെപിസിസിയെ അനുസരിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുകയും ചെയ്തതോടെ ശശി തരൂര്‍ പിന്മാറി. എന്നാല്‍, നിലപാട് വ്യക്തമാക്കാതെ കെ.വി.തോമസ് കഴിഞ്ഞ ദിവസങ്ങളില്‍ മുന്നോട്ടു പോവുകയായിരുന്നു.

തന്നെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ കെപിസിസിക്ക് അധികാരമില്ലെന്നു കെ.വി. തോമസ് പറഞ്ഞു താന്‍ എഐസിസി അംഗമമാണെന്നും തന്നെ പുറത്താക്കാനുള്ള അധികാരം എഐസിസിക്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. തനിക്കു സ്ഥാനമാനങ്ങള്‍ വെറുതെ കിട്ടതല്ല. ഉറങ്ങിയത് കൊണ്ടല്ല തനിക്കു സ്ഥാനങ്ങള്‍ ലഭിച്ചത്. പാര്‍ട്ടിക്കു വേണ്ടി കഷ്ടപ്പട്ടിട്ടു തന്നെയാണ്. തന്നേക്കാള്‍ പ്രായമുള്ളവര്‍ പാര്‍ട്ടിയിലുണ്ട്. പദവിക്കു പ്രായപരിധിയുണ്ടെങ്കില്‍ നേതൃത്വം പറയട്ടെ. താന്‍ പോകുന്നതു സിപിഎം സമ്മേളനത്തിനല്ല. സെമിനാറില്‍ പങ്കെടുക്കാനാണ്. പാര്‍ട്ടി അച്ചടക്കം എല്ലാവര്‍ക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.സിപിഎം സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച ശേഷം പാര്‍ട്ടിയില്‍നിന്നു പുറത്താക്കുമെന്ന ഭീഷണി പാര്‍ട്ടി നേതൃത്വം മുഴക്കി. ഞാന്‍ പാര്‍ട്ടിയില്‍ പെട്ടെന്നു പൊട്ടിമുളച്ചയാളല്ല. അച്ചടക്കത്തോടെയാണ് നാളിതുവരെ ഈ പാര്‍ട്ടിക്കൊപ്പം നിന്നിട്ടുള്ളത്. തന്നെ തിരുത തോമ എന്ന് വിളിച്ച് പരിഹസിച്ചു.-തോമസ് പറഞ്ഞു.

കെ വി തോമസിനെതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് ഹൈക്കമാന്റ്

ന്യൂഡൽഹി: കെ വി തോമസിനെതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് ഹൈക്കമാന്റ്. കെ വി തോമസിനെ വിലക്കിയത് കെപിസിസിയാണ്. കെപിസിസി തീരുമാനം എന്തായാലും ഹൈക്കമാന്റ് അം​ഗീകരിക്കും. കെ വി തോമസിന് സിപിഎം പാർട്ടി കോൺ​ഗ്രസിന്റെ സെമിനാറിലേക്ക് ക്ഷണം ലഭിച്ചതുമുതൽ കെപിസിസിയുടെ നിലപാടിനൊപ്പം നിൽക്കുന്ന സമീപനമാണ് ഹൈക്കമാന്റ് സ്വീകരിച്ചത്.

വിലക്കിയ തീരുമാനത്തിനെതിരെ കെ വി തോമസ് എഐസിസിയെ സമീപിച്ചുവെങ്കിലും കെപിസിസിയുടെ നിർദേശം അനുസരിക്കൂവെന്നായിരുന്നു ഹൈക്കമാന്റ് വ്യക്തമാക്കിയത്. അതുകൊണ്ട് വിഷയത്തിൽ എന്ത് നടപടിക്കും കെപിസിസിക്ക് പൂർണ സ്വാതന്ത്ര്യം നൽകുകയാണ് എഐസിസി ചെയ്തിരിക്കുന്നത്. കെപിസിസി എടുക്കുന്ന അച്ചടക്ക നടപടി ശുപാർശയായി ഹൈക്കമാന്റിലെത്തുമ്പോൾ അതേപടി അം​ഗീകരിക്കാനാണ് എഐസിസിയുടെ തീരുമാനം.

Print Friendly, PDF & Email

Leave a Comment

More News