സിപിഎം നേതാവ് എംസി ജോസഫൈന്‍ അന്തരിച്ചു; മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുനല്‍കും

കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവും വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ എം.സി ജോസഫൈന്‍ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ കുഴഞ്ഞുവീണ ജോസഫൈന്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.

മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം നാളെ കളമശേരി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി വിട്ടുനല്‍കും.

സിപിഎം കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന സമിതി അംഗവുമായ ജോസഫൈന്‍ പാര്‍ട്ടിയിലെ സുപ്രധാന നേതാക്കളില്‍ ഒരാളായിരുന്നു. വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണും അങ്കമാലി നഗരസഭാ കൗണ്‍സിലറുമായിരുന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ആയും ജിസിഡിഎ ചെയര്‍പേഴ്സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈപ്പിന്‍ മുരുക്കിന്‍പാടം സ്വദേശിയാണ്.

2017 മെയ് മാസത്തിലാണ് എം.സി ജോസഫൈന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായി നിയമിതയായത്. എന്നാല്‍ പരാതിക്കാരിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ 2021 ജൂണില്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു. ചാനലിന്റെ ഫോണ്‍ പരിപാടിയില്‍ ഗാര്‍ഹിക പീഡനത്തെക്കുറിച്ചു പരാതി പറയാന്‍ വിളിച്ച സ്ത്രീയോടു മോശമായി പെരുമാറിയതാണ് എം.സി. ജോസഫൈന്റെ
രാജിയിലേക്കു നയിച്ചത്. സ്ഥാനമൊഴിയാന്‍ എട്ട് മാസം മാത്രം ബാക്കി നില്‍ക്കെയായിരുന്നു സിപിഎം ആവശ്യപ്പെട്ടത് പ്രകാരം രാജി പ്രഖ്യാപിച്ചത്.
ആലുവ സെന്റ് സേവ്യേഴ്സ് കോളേജ്, മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായാണ് എംസി ജോസഫൈന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് ചാലക്കുടി സ്പെന്‍സര്‍ കോളേജില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചെങ്കിലും മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകയാകാന്‍ വേണ്ടി ജോലി രാജിവെച്ചു.

Print Friendly, PDF & Email

Leave a Comment

More News