ഇമ്രാൻ ഖാനും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥർക്കും രാജ്യം വിടാൻ കഴിയില്ലെന്ന് മുന്നറിയിപ്പ്

സുപ്രീം കോടതിയുടെ ഉത്തരവിന് പിന്നാലെ പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം പാർലമെന്റ് വോട്ട് ചെയ്തു. 174 വോട്ടുകളാണ് ഇമ്രാനെതിരെ ലഭിച്ചത്. ഈ വോട്ടോടെ പാക്കിസ്താനിലെ ഇമ്രാൻ ഖാന്റെ സർക്കാർ നിലംപതിച്ചു. ഈ സംഭവവികാസങ്ങൾക്ക് ശേഷം, ഇമ്രാൻ ഖാന്റെ സർക്കാരുമായി ബന്ധമുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥനും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ‌ഒ‌സി) ഇല്ലാതെ വിദേശയാത്ര അനുവദിക്കില്ലെന്ന് വ്യക്തമാക്കി പാക് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ഉത്തരവ് പുറപ്പെടുവിച്ചു.

ഇത് സംബന്ധിച്ച് എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്കും ഏജൻസി ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇമിഗ്രേഷൻ ഓഫീസർമാരെയും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഷെഹ്ബാസ് ഷെരീഫ് പാക്കിസ്താന്‍ പ്രധാനമന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. പ്രതിപക്ഷം ഒറ്റക്കെട്ടായി അദ്ദേഹത്തിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചു.

പാക്കിസ്താനിൽ സർക്കാർ താഴെവീണിട്ടും ഇമ്രാൻ ഖാൻ മിണ്ടാതെ ഇരിക്കാൻ തയ്യാറായിട്ടില്ല. പാക്കിസ്താനില്‍ ഇമ്രാന്റെ പാർട്ടി പ്രവർത്തകർ ഇന്ന് ലാഹോർ, സിയാൽകോട്ട്, കറാച്ചി എന്നിവിടങ്ങളിൽ പ്രകടനം നടത്തും. ലാഹോറില്‍ ഇന്ന് രാത്രി 8 മണിക്കും, കറാച്ചിയിൽ 9 മണിക്കും പിടിഐ പ്രവർത്തകർ പ്രതിഷേധിക്കും.

ഏപ്രിൽ 13 ന് പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുമെന്നതാണ് പാക്കിസ്താന്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട വലിയ വാർത്ത. അവിശ്വാസ പ്രമേയം വോട്ടിനിടുന്നതിന് മുമ്പ് സ്പീക്കർ അസദ് കൈസറും ഡെപ്യൂട്ടി സ്പീക്കറും രാജിവെച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment

More News