തമിഴ് താരം വിജയ് ചിത്രം ‘ബീസ്റ്റ്’ കുവൈറ്റിലും ഖത്തറിലും നിരോധിച്ചു

ഏപ്രിൽ 13 ബുധനാഴ്ച ലോകമെമ്പാടും പ്രദർശനത്തിനെത്തിയ തമിഴ് സൂപ്പർസ്റ്റാർ ദളപതി വിജയിയുടെ പുതിയ ചിത്രം ‘ബീസ്റ്റ്’ മുസ്ലീം കഥാപാത്രങ്ങളെ തീവ്രവാദികളായി ചിത്രീകരിച്ചതിന് കുവൈറ്റിലും ഖത്തറിലും നിരോധിച്ചു.

‘ബീസ്റ്റ്’ സംവിധാനം ചെയ്തത് നെൽസൺ ദിലീപ്കുമാറാണ്. അതിൽ ദളപതി വിജയ് റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) ഏജന്റായും, പൂജാ ഹെഗ്‌ഡെ, സെൽവരാഘവൻ, ഷൈൻ ടോം ചാക്കൊ, യോഗി ബാബു, അപർണ ദാസ്, സതീഷ്, റെഡിൻ കിംഗ്‌സ്‌ലി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മുസ്ലീം കഥാപാത്രങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുന്നതായി രണ്ട് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചിത്രത്തിലെ പാക്കിസ്താന്‍ വിരുദ്ധ വികാരമാകാം കാരണമെന്നും കരുതുന്നു.

കുവൈറ്റ് ഇൻഫർമേഷൻ മന്ത്രാലയമാണ് ചിത്രം നിരോധിച്ചതെന്ന് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വിറ്ററിൽ കുറിച്ചു.

സിനിമയിൽ പാക്കിസ്താനെ ചിത്രീകരിക്കുന്നതും ഇസ്ലാമിസ്റ്റുകളെ തീവ്രവാദികളായി ചിത്രീകരിക്കുന്ന രംഗങ്ങളുമാണ് ചിത്രം നിരോധിക്കാൻ കാരണമെന്ന് ബാല ഒരു ട്വീറ്റിൽ പറഞ്ഞു.

യു എ ഇ, ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ ബീസ്റ്റ് റിലീസിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും സൗദി അറേബ്യയിൽ സെൻസർ ചെയ്‌തിട്ടുണ്ട്.

ഇതാദ്യമായല്ല ഒരു ഇന്ത്യൻ സിനിമ ഗൾഫ് രാജ്യങ്ങളിൽ നിരോധിക്കുന്നത്. നേരത്തെ ദുൽഖർ സൽമാന്റെ ‘കുറുപ്പ്’, വിഷ്ണു വിശാലിന്റെ ‘എഫ്‌ഐആർ’ എന്നിവയും സമാനമായ കാരണങ്ങളാൽ നിരോധിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment

More News