വിമാനത്തില്‍ മാസ്‌ക് ധരിക്കാന്‍ നിര്‍ബന്ധിക്കില്ല: ടി‌എസ്‌എ

ഫ്ളോറിഡ: വിമാനങ്ങളിൽ ഇനി മുതൽ മാസ്ക് ധരിക്കേണ്ടതില്ലെന്ന് യുഎസ് ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (ടിഎസ്എ). വിമാനങ്ങൾ, ‌ട്രെയ്നുകൾ, ബസുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ സഞ്ചരിക്കുന്നവർ മാസ്ക് ധരിക്കണമെന്ന ഫെഡറൽ സർക്കാർ തീരുമാനം ഫ്ളോറിഡ ഫെഡറൽ ജഡ്ജി തള്ളിയതോടെയാണ് പുതിയ തീരുമാനം.

ടാന്പ യുഎസ് ഡിസിട്രിക്ട് ജഡ്ജി കാതറിൻ കിംബൽ ഫെബ്രുവരി 18 നാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്. സെപ്റ്റംബർ 13 വരെയാണ് ഇതിനു പ്രാബല്യം.

2021 ഫെബ്രുവരിയിലാണ് സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിഡി) മാസ്ക് ഉപയോഗം നിർബന്ധമാക്കിയത്. ഈ ഉത്തരവാണ് ഇപ്പോൾ കോടതി എടുത്തു കളഞ്ഞത്. ഇതോടെ സിഡിഡിയുടെ പബ്ലിക് ട്രാൻസ്പോർട്ടേഷൻ മാസ്കിംഗ് ഉത്തരവ് അസാധുവായി.

ഹെൽത്ത് ഫ്രീഡം ഡിഫൻസ് ഫണ്ട് എന്ന സംഘടനയാണ് ഇതു സംബന്ധിച്ച് കേസ് ഫയൽ ചെയ്തത്. മാസ്ക് ധരിക്കാൻ നിർബന്ധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഇവർ ചൂണ്ടിക്കാട്ടി.

അതേസമയം ഫെഡറൽ ജഡ്ജിയുടെ വിധി നിരാശാജനകമാണെന്നു വൈറ്റ് ഹൗസ് വക്താവ് ജെൻ സാക്കി പറഞ്ഞു. പുതിയ വിധി മാസ്ക് ധരിക്കാതിരിക്കാൻ സ്വാതന്ത്ര്യം നൽകുന്നുണ്ടെങ്കിലും മാസ്ക് ധരിക്കുന്നതാണ് അഭികാമ്യം എന്നും അവർ കൂട്ടിചേർത്തു. വിധിക്കെതിരെ മറ്റു നിയമ നടപടികൾ ആലോചിക്കുന്നുണ്ടെന്നും ജെൻ സാക്കി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News