ശ്രീലങ്ക മുന്നറിയിപ്പും പാഠവും: മാധവന്‍ ബി നായര്‍

ശ്രീലങ്ക എന്ന ജനാധിപത്യ രാജ്യം എന്തുകൊണ്ട് ഈ നിലയില്‍ നിലംപൊത്തി എന്ന ചോദ്യം പല കോണുകളില്‍ നിന്നുമുയരുന്നുണ്ട്. പലതരം വ്യാഖ്യാനങ്ങളും ഉത്തരമായി നിരത്തപ്പെടുന്നുണ്ട്. എങ്കിലും യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്ന ഉത്തരം, ഭരണകൂടം വരവില്‍ കവിഞ്ഞ് നടത്തിയ ചെലവഴിക്കൽ മൂലം സംഭവിച്ച പതനമാണിതെന്നാണ്.

സര്‍ക്കാരിന്റെ പിടിപ്പുകേടിലൂടെ കടക്കെണി ശ്രീലങ്കയ്ക്കുമേല്‍ ഒന്നിനൊന്നു മുറുകുകയായിരുന്നു. ഒരുകാലത്ത് സമ്പല്‍സമൃദ്ധമായിരുന്ന ശ്രീലങ്ക അനിശ്ചിതത്വത്തിലേക്കും സാമ്പത്തിക മാന്ദ്യത്തിലേക്കും കൂപ്പുകുത്തിയതിനു കാരണം വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തര യുദ്ധമായിരുന്നു. തമിഴ്ജനതയോട് വംശീയവും ഭാഷാ വിവേചനപരവുമായ സമീപനം സിംഹള ഭൂരിപക്ഷമുള്ള ഭരണകൂടം കാട്ടാന്‍ തുടങ്ങിയത് പ്രതിഷേധമായും പോരാട്ടവുമായി വളര്‍ന്ന് ആഭ്യന്തര യുദ്ധമായി മാറി. ലക്ഷക്കണക്കിന് മനുഷ്യ ജീവനുകളാണ് ഉന്മൂലനം ചെയ്യപ്പെട്ടത്. കൂട്ടക്കൊലയ്‌ക്കൊടുവില്‍ ഭരണകൂടം ആഭ്യന്തര യുദ്ധത്തെ അമര്‍ച്ച ചെയ്‌തെങ്കിലും തമിഴ്പുലികള്‍ ഉയര്‍ത്തിയ പലപ്രശ്‌നങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നു. ആഭ്യന്തര യുദ്ധാനന്തരം രാജ്യം പ്രധാന വരുമാന മേഖലകളായ ടൂറിസം, കൃഷി തുടങ്ങിയവയിലേക്ക് തിരിച്ചുപോകുന്നതിനിടയിലാണ് ഭരണകൂടത്തിന്റെ പിഴവുകള്‍ രാഷ്ട്രത്തെ വീണ്ടും വേട്ടയാടുന്നത്.

സ്വാതന്ത്ര്യം കിട്ടി 74 വര്‍ഷം കഴിഞ്ഞിട്ടും ഭക്ഷ്യ സുരക്ഷ ഉള്‍പ്പെടെ ഒന്നിലും സ്വയം പര്യാപ്തത കൈവരിക്കാത്ത ഒരു രാഷ്ട്രമാണ് ശ്രീലങ്ക. സാമ്പത്തികമേഖല കൈകാര്യം ചെയ്യുന്നതില്‍ കാലാകാലങ്ങളില്‍ വന്ന സര്‍ക്കാരുകള്‍ കാട്ടിയ അലംഭാവവും നയസമീപനവുമാണ് ഇതിന് കാരണം.

2021 ലെ കണക്കുകള്‍ പ്രകാരം ശ്രീലങ്കയുടെ വിദേശകടം 3500 കോടി ഡോളറാണ്. ചൈനയില്‍ നിന്നെടുത്ത വായ്പകളാണ് ഇതിന്റെ പത്തുശതമാനത്തിലേറെ. എന്നാല്‍ ചൈനീസ് വായ്പയില്‍ നിര്‍മ്മിച്ച പദ്ധതികള്‍ മിക്കതും ആദായമില്ലാത്തവയായിപോയി. 1971 മുതലേ ശ്രീലങ്കയുടെ അടിസ്ഥാന സൗകര്യ വികസന നിർമ്മാണങ്ങൾ പലതും ഉയര്‍ന്നത് ചൈന നല്‍കിയ വായ്പയുടെ ബലത്തിലാണ്. 2005 ല്‍ മഹീന്ദ രാജപക്‌സെ പ്രസിഡന്റായതോടെ ചൈനീസ് വായ്പ സ്വീകരിക്കുന്നത് വര്‍ദ്ധിപ്പിച്ചു. അക്കാലത്തുണ്ടാക്കിയ പല ചൈനീസ് പദ്ധതികളും ശ്രീലങ്കയ്ക്ക് ബാദ്ധ്യതയായി മാറി. പ്രസിഡന്റിന്റെ മണ്ഡലത്തിലുണ്ടാക്കിയ തുറമുഖവും അന്താരാഷ്ട്ര വിമാനത്താവളവും ഉദാഹരണം. ആര്‍ക്കും ഒരു പ്രയോജനവുമില്ലാത്ത രണ്ടു പദ്ധതികളും രാജ്യത്തെ വന്‍ കടക്കെണിയിലാക്കി മാറ്റുകയായിരുന്നു. വായ്പാ തിരിച്ചടവ് പുനഃക്രമീകരിച്ചുകൊടുക്കണമെന്ന ശ്രീലങ്കയുടെ ആവശ്യത്തോട് ചൈന ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടുമില്ല. ചൈന ശ്രീലങ്കയില്‍ നടപ്പാക്കിയ മിക്ക പദ്ധതികളും ഇപ്പോള്‍ അവര്‍ തന്നെ പാട്ടത്തിലെടുത്തിരിക്കുകയാണ്. (അവർക്ക് അതിൽ നിക്ഷിപ്ത താല്പര്യങ്ങളുമുണ്ട്).

ശ്രീലങ്കന്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്‌തോ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്തോ അല്ല എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ആര്‍ക്കും മറിച്ചൊരു അഭിപ്രായം പറയാന്‍ അവസരമില്ലാത്ത മന്ത്രിസഭയാണ് പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടേത്.

ഗോതബായയുടെ സഹോദരന്‍ മഹീന്ദ്ര രജപക്‌സെയാണ് പ്രധാനമന്ത്രി. വേറൊരു സഹോദരന്‍ ബസില്‍ രാജപക്‌സെ സാമ്പത്തിക മന്ത്രി. ഇവരുടെയെല്ലാം മക്കളും മന്ത്രിമാരാണ്. മിച്ചമുള്ള മന്ത്രിമാരെല്ലാം സ്തുതിപാഠകരും. ജനാധിപത്യമെന്ന പേരെയുള്ളൂ, നടക്കുന്നത് കുടുംബാധിപത്യവും. അതുകൊണ്ടുതന്നെ രാജപക്‌സെമാര്‍ വിദേശ രാജ്യങ്ങളുമായി ഉണ്ടാക്കുന്ന ഉടമ്പടികള്‍ ഒന്നും സുതാര്യമല്ല. രാജ്യതാല്പര്യങ്ങളെ ബലികഴിച്ച് രാജപക്‌സെ കുടുംബം വന്‍ അഴിമതി നടത്തുന്നുവെന്ന ആരോപണവും ശക്തമാണ്. രാജപക്‌സെ സര്‍ക്കാരിന്റെ ദുരൂഹമായ ഇടപാടുകളാണ് രാജ്യത്തെ സാമ്പത്തികമായി തകര്‍ത്തതെന്ന് നിരീക്ഷിക്കപ്പെടുന്നു.

രാജ്യം ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കോവിഡ് മൂലം സംജാതമായതെന്നാണ് രാജപക്‌സെമാര്‍ വാദിക്കുന്നത്. കോവിഡ് ഒരു ആഗോള പ്രതിഭാസമായതിനാലും വികസിത- അവികസിത ദരിദ്ര രാഷ്ട്രങ്ങളെയെല്ലാം ഒരുപോലെ ബാധിച്ച ദുരിതമായതിനാലും അത് ശ്രീലങ്കയ്ക്ക് മാത്രമായി സംഭവിച്ച തിരിച്ചടിയാണെന്ന് പറയാനാവില്ല.

ശ്രീലങ്കയുടെ പ്രധാന വരുമാനമായ ടൂറിസത്തെ കോവിഡ് പ്രതികൂലമായി ബാധിച്ചുവെന്നത് യാഥാര്‍ത്ഥ്യമാണ്. 2019 ലെ ഈസ്റ്റര്‍ ദിനത്തില്‍ മുസ്ലിം ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ 270 പേര്‍ കൊല്ലപ്പെട്ടതും ശ്രീലങ്കന്‍ ടൂറിസത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാല്‍, അതിനേക്കാളുമൊക്കെ കെടുതികള്‍ വരുത്തിവച്ചത് രാജപക്‌സെമാരുടെ നയങ്ങള്‍ തന്നെയാണ്. ഈസ്റ്റര്‍ ദിന ആക്രമണത്തിനുശേഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന് നികുതിയിളവായിരുന്നു. ജയിച്ചയുടനെ ഗോതബായ രാജപക്‌സെ ഏര്‍പ്പെടുത്തിയ നികുതിയിളവുമൂലം 30 ശതമാനം പേര്‍ നികുതിക്ക് വെളിയിലായി. ഇതോടെ അന്തര്‍ദ്ദേശീയ റേറ്റിങ് ഏജന്‍സികള്‍ ശ്രീലങ്കയുടെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തി. തുടർന്നുണ്ടായ കട ബാധ്യത മൂലം ശ്രീലങ്കയുടെ വിദേശ നാണ്യശേഖരത്തില്‍ വന്‍ ഇടിവുണ്ടായി. വിനാശകാലേ വിപരീതബുദ്ധി എന്നുപറയുന്നതുപോലെ ഇതിനിടയിലാണ് ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ രാസവള പ്രയോഗവും ഇറക്കുമതിയും സര്‍ക്കാര്‍ വിലക്കുന്നത്. ഒറ്റ രാത്രികൊണ്ട് ജൈവകൃഷിയിലേക്ക് പോകാനുള്ള നിര്‍ദ്ദേശം കാര്‍ഷികമേഖലയ്ക്ക് വന്‍ തിരിച്ചടിയായി. ഭക്ഷ്യോല്പാദനം ഗണ്യമായി കുറഞ്ഞു.

സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട കണക്കനുസരിച്ച് തേയില കൃഷി കഴിഞ്ഞ 13 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ അളവിലാണ് ഉല്പാദനം നടത്തിയത്. ഒന്നര ബില്യണ്‍ ഡോളര്‍ വിദേശനാണ്യം ശ്രീലങ്കയ്ക്ക് നേടികൊടുത്തിരുന്ന തേയിലകൃഷി കടുത്ത നഷ്ടത്തിലായി. ആയിരക്കണക്കിന് കര്‍ഷകരുടെ വരുമാനവും നശിച്ചു.

കയറ്റുമതിയും ഇറക്കുമതിയും സ്തംഭനാവസ്ഥയിലായതോടെ ശ്രീലങ്ക വന്‍ വിദേശനാണയ പ്രതിസന്ധിയിലാണ്. ഇറക്കുമതിക്കോ വാങ്ങിയ കടം തിരിച്ചടവിനോ ഉള്ള വിദേശനാണ്യ ശേഖരം ഇപ്പോള്‍ ശ്രീലങ്കയുടെ കൈയ്യിലില്ല. ഇന്ത്യയാണ് ഇപ്പോള്‍ നൂറു കോടി ഡോളര്‍ വായ്പ കൊടുത്ത് രാജ്യത്തെ പട്ടിണിക്ക് അല്പമെങ്കിലും തടയിട്ടിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ മൂര്‍ച്ഛിക്കുന്ന രാജ്യങ്ങള്‍ ആഭ്യന്തര കലാപത്തിലേക്ക് നീങ്ങാനുള്ള സാദ്ധ്യതകള്‍ കൂടുതലാണ്. ഈയൊരു ഘട്ടത്തില്‍ അയല്‍ രാജ്യങ്ങളുടെ സഹായം ശ്രീലങ്കയ്ക്ക് കൂടിയേ തീരൂ. കടങ്ങളും ബാദ്ധ്യതകളും പരിഹരിക്കുന്നതിന് ശ്രീലങ്കയ്ക്ക് ഇന്‍ര്‍നാഷണല്‍ മോണിട്ടറി ഫണ്ടിന്റെ ഔദാര്യമാണ് ഇനി ലഭിക്കേണ്ടത്. ഒപ്പം ജനങ്ങള്‍ വരുംകാലങ്ങളിൽ നല്ല ഭരണാധികാരികളെ തിരഞ്ഞെടുക്കേണ്ടിയുമിരിക്കുന്നു.

കമ്മീഷനില്‍ കണ്ണുംനട്ട് ഭരണാധികാരികള്‍ വരുമാനത്തില്‍ ഒതുങ്ങാത്ത ഭീമന്‍ പദ്ധതികള്‍ വികസനമെന്ന പേരില്‍ നടപ്പിലാക്കാന്‍ ശ്രമിക്കും മുമ്പ് ശ്രീലങ്കയ്ക്ക് സംഭവിച്ചത് എന്തെന്ന് മനസിലാക്കുന്നത് ഉചിതമായിരിക്കും.

(വേള്‍ഡ് ഹിന്ദു പാര്‍ലമെന്റ് ചെയര്‍മാനാണ് ലേഖകന്‍)

Print Friendly, PDF & Email

Leave a Comment

More News