പി.സി ജോർജിനെ അറസ്റ്റ് ചെയ്യാതെ ഇടതുസർക്കാർ മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രചരണങ്ങൾക്ക് ഒത്താശ ചെയ്യുകയാണ്: എസ്.ഐ.ഒ

പി.സി ജോർജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്.ഐ.ഒ കേരള പാലാരിവട്ടം പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്

എറണാകുളം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തിന് പിന്നാലെ അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ജാമ്യത്തിലിറങ്ങിയ പി.സി ജോർജ് ജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ട് വിദ്വേഷ പ്രസ്താവനകളും പ്രസംഗങ്ങളും തുടർന്നിട്ടും അറസ്റ്റ് ചെയ്യാത്ത ഇടതുസർക്കാറിന്റെയും പോലീസിൻ്റെയും നിലപാട് പി.സി ജോർജ്ജിന്റെ മുസ്ലിം വിരുദ്ധതക്കുള്ള പിന്തുണയാണെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി സഈദ് കടമേരി.

വിദ്വേഷ പ്രചാരകൻ പി.സി ജോർജിനെ അറസ്റ്റ് ചെയ്യുക എന്ന ആവശ്യമുന്നയിച്ച് എസ്.ഐ.ഒ കേരള പാലാരിവട്ടം പോലീസ് സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർഗീയ വിദ്വേഷ ആക്രമണങ്ങൾക്ക് ഒത്താശ ചെയ്യുകയാണ് സർക്കാർ. കഴിഞ്ഞ ദിവസം എറണാകുളം വെണ്ണല മഹാദേവ ക്ഷേത്രത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തതായാണ് പറയുന്നത്. എന്നാൽ, വർഗീയ വിദ്വേഷ പ്രസ്താവനകൾക്കെതിരെയും ആക്രമണങ്ങൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അവകാശപ്പെടുന്ന ഇടതു സർക്കാരിന്റെ ഇത്തരം സമീപനങ്ങൾ കേരളത്തിലെ ഇസ്ലാമോഫോബിയ പ്രചാരണങ്ങൾക്ക് കുടപിടിക്കുന്നതാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ വോട്ടുബാങ്ക് രാഷ്ട്രീയം മുൻനിർത്തി ഇടതുപക്ഷ സർക്കാറും പോലീസും നടത്തികൊണ്ടിരിക്കുന്ന ഈ കാപട്യം തിരിച്ചറിയേണ്ടതുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിമാരായ റഷാദ് വി.പി ഷറഫുദ്ദീൻ നദ് വി, വാഹിദ് ചുള്ളിപ്പാറ, തഷ് രീഫ് കെ.പി, സംസ്ഥാന സമിതി അംഗം ഷഹിൻ ശിഹാബ് എന്നിവർ സംസാരിച്ചു. എസ്.ഐ.ഒ എറണാകുളം ജില്ലാ പ്രസിഡൻ്റ് റിസ്വാൻ പെരിങ്ങാല, കൊച്ചി സിറ്റി പ്രസിഡൻ്റ് അമീൻ അഹ്സൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News