ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ വിലകുറഞ്ഞ മദ്യം ലഭ്യമല്ല; വലയുന്നത് സാധാരണക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ വിലകുറഞ്ഞ മദ്യം ലഭ്യമല്ലാത്തത് ഉപഭോക്താക്കൾക്ക് ആശങ്കയുണ്ടാക്കുന്നു. അര ലിറ്ററിൽ താഴെയുള്ള കുപ്പി മിക്ക ഔട്ട്‌ലെറ്റുകളിലും ലഭ്യമല്ല. അതേസമയം, ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ ലഭ്യമല്ലാത്ത അതേ ബ്രാൻഡുകൾ ഉയർന്ന വിലയ്ക്ക് ബാറുകളിൽ ലഭ്യമാണ്. ഇതോടെ സാധാരണക്കാര്‍ക്ക് കൂടുതൽ പണം മുടക്കി ഉയർന്ന വിലയ്ക്ക് മദ്യം വാങ്ങേണ്ടി വരുന്നു.

ബിവറേജസ് കോർപറേഷന് ബ്രൂവറികൾ നൽകുന്ന ഏഴര ശതമാനം ഡിസ്‌കൗണ്ട് 21 ശതമാനമായി ഒറ്റയടിക്ക് ഉയര്‍ത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. ഉയർന്ന കാഷ് ഡിസ്‌കൗണ്ട് തങ്ങൾക്ക് വലിയ നഷ്‌ടം ഉണ്ടാക്കുമെന്നാണ് കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്. ബാർ ലോബിയെ സഹായിക്കാനാണ് ബിവറേജസ് കോർപറേഷൻ്റെ നീക്കമെന്നും ആരോപണമുണ്ട്. അതേസമയം, സ്‌പിരിറ്റിന് വില കൂടിയതാണ് മദ്യത്തിൻ്റെ ലഭ്യത കുറയാൻ കാരണമെന്ന് എക്സൈസ് മന്ത്രി വിശദീകരിച്ചു.

130 രൂപ മുതൽ 190 രൂപ വരെ വിലയുള്ള റം, ബ്രാണ്ടി, വോഡ്ക ക്വാർട്ടേഴ്‌സ്, 290 രൂപ മുതൽ 360 രൂപ വരെ (375 മില്ലി ലിറ്റർ), 360 രൂപ മുതൽ 450 രൂപ വരെ വിലയുള്ള അര ലിറ്റർ കുപ്പികൾ, 670 രൂപ മുതൽ ഫുൾ ബോട്ടിലുകൾ എന്നിവ ഔട്ട്‌ലെറ്റുകളില്‍ ലഭ്യമല്ല. സെലിബ്രേഷൻ, ഓൾഡ് പേൾ, ഓൾഡ് പോർട്ട്, ബാഗ്പൈപ്പർ, ഓൾഡ് കാസ്‌ക്, ജവാൻ, മലബാർ ഹൗസ്, ഡാഡി വിൽസൻ തുടങ്ങിയ റം ബ്രാൻഡുകൾക്ക് ആവശ്യക്കാർ ഏറെയാണ്. എംസിബി, ഹണി ബീ, 8 പി എം, ബിജോയ്‌സ് തുടങ്ങിയ ബ്രാൻഡി ബ്രാൻഡുകളും കിട്ടാതായി.

ഓഫിസേഴ്‌സ് ചോയ്‌സ്, മാജിക് ബ്ലെൻഡ് തുടങ്ങിയ ബ്രാൻഡുകളിൽ 500 രൂപയ്ക്കു മുകളിൽ വിലവരുന്ന അര ലിറ്റർ ബോട്ടിലുകളും 830 രൂപ വിലവരുന്ന റോയൽ ഓൾഡ് ഫോർട്ടും അതിനു മുകളിലുള്ള ഫുൾ ബോട്ടിലുകളും മാത്രമാണ് ഇപ്പോൾ ലഭ്യമാകുന്നത്. കുറഞ്ഞ വിലയ്ക്ക് മദ്യം ലഭിക്കാത്തത് വ്യാജ മദ്യം വ്യാപകമാകാൻ വഴിയൊരുക്കുമെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

മദ്യമാണ് സർക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സ്. മദ്യവിതരണം പ്രതിസന്ധിയിലായതോടെ സർക്കാരിനുണ്ടാകുന്ന വരുമാന നഷ്ടം വലുതാണ്. വ്യാജമദ്യ ദുരന്തത്തിന് സാധ്യതയുണ്ടെന്ന എക്സൈസ് ഇൻ്റലിജൻസ് റിപ്പോർട്ട് അവഗണിച്ചാണ് സാധാരണക്കാർക്ക് ഗുണനിലവാരമുള്ള മദ്യം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനുള്ള സർക്കാർ സംവിധാനം അട്ടിമറിക്കുന്നത്. ഇരട്ടി വിലയ്ക്ക് മദ്യം വാങ്ങുന്നത് ഒഴിവാക്കാന്‍ സർക്കാർ ഇടപെടണമെന്നാണ് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നത്.

Print Friendly, PDF & Email

Leave a Comment

More News