ദേശാടനക്കിളികള്‍ കരയാറില്ല (യാത്രാ വിവരണം): ഹണി സുധീര്‍

അംബര ചുംബികളായ നീലമലകൾ എന്നും മനസിനൊരു ദൗർഭല്യമാണ്. ആ കാഴ്ചകൾ കാണുമ്പോൾ മനസ്സിൽ മലപോലെ ഉറച്ചു നിൽക്കുന്ന പല പ്രയാസങ്ങളും അലിഞ്ഞില്ലാതാകുന്നത് വളരെ കൗതുകത്തോടെ തിരിച്ചറിയാറുമുണ്ട്. കൂടാതെ, ഗ്രാമങ്ങളിലൂടെയുള്ള യാത്രകളും. പച്ചവിരിച്ചനാടും പച്ച മനുഷ്യരും. ഹരിതത്തിന് മനുഷ്യന്റെ മേലുള്ള സ്വാധീനം ഏറേ വലുതാണ്. കാടിന്റെ മണമറിഞ്ഞു, ചീവിടുകളുടെ മർമ്മരം അറിഞ്ഞു പല പല ലതാദികൾ കണ്ടു, ചില നേരങ്ങളിൽ മാത്രം കിട്ടുന്ന അസുലഭ നിമിഷങ്ങൾ ആണതെല്ലാം. കാടിന്റെ മക്കൾ എന്നോ മണ്ണിന്റെ മക്കൾ എന്നോ ഒക്കെ നമ്മൾ പേരിട്ടു വിളിക്കുന്ന പച്ചയായ മനുഷ്യർ.

നീണ്ട മഴദിവസങ്ങൾക്കു ശേഷം വരുന്നൊരു തെളിവെയിലിൽ, മാനം വെള്ളിമേഘങ്ങളെ പറത്തിവിട്ടു ഇളം നീല കമ്പളം ഉണങ്ങാൻ വിരിച്ചിടും. മഴ തുള്ളികൾ പെയ്തിറങ്ങിയ ഉന്മാദത്താൽ ഭൂമിയവൾ പച്ചപട്ടുവിരിച്ചു കിടക്കുന്നുണ്ടാകുമപ്പോൾ.

തെളിനീരുറവകളിൽ വെയിൽ തട്ടി സ്ഫടികം പോലെ ചിതറുന്ന നേരങ്ങൾ. വെയിൽ മങ്ങുമ്പോൾ നീലമലകൾ ഇരുണ്ടു നിക്കും. ആ ഇരുളിമക്കിടയിലൂടെ വെണ്മയാർന്ന വെള്ളരി കൊക്കുകൾ വരിവരിയായ് പറന്നു പൊങ്ങുന്നുണ്ടാകും. പാടത്തെ വെള്ളത്തിൽവീണു കിടക്കുന്ന തെങ്ങിൻ നിഴലിൽ മയിൽ പീലിതിളക്കം. വശ്യമനോഹരം.. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ ഉരുട്ടി വക്കുന്ന കറ്റകൾ!!

ഇതിനിടയിലൂടെ പച്ച തേടി ഇറങ്ങുന്ന ചെമ്മരിയാട്ടിൻ പറ്റങ്ങൾ. ശൈത്യനാടുകളിൽ ജീവിക്കാൻ ദൈവം നൽകിയ രോമങ്ങളാണ് ഈ കൊടും ചൂടുള്ള ദേശങ്ങളിലൂടെയൊക്കെ അവരെ കൊണ്ട് നടത്തിക്കുന്നത്. യജമാനന്റെ ലാഭേച്ചക്കായി പിന്നാലെ നടന്നു നീങ്ങുന്ന ഈ മിണ്ടപ്രാണികളെ കാണുമ്പോൾ ചെലപ്പോൾ സങ്കടം തോന്നും. സ്വാതന്ത്ര്യമില്ലാത്ത അടിമകൾ.

നീലമലകളെ ചുറ്റി ചുറ്റി ഒഴുകി പറക്കുന്ന വെൺപറവകളെ നോക്കി ചില നേരങ്ങളിൽ ഞാൻ സമയമോർക്കാതെ നിന്നു പോകാറുണ്ട്.. നീണ്ടു കിടക്കുന്ന പാടസമൃദ്ധിയിൽ അങ്ങിങ്ങായി ട്രാക്ടർ ഓടിക്കുന്നത് കാണാം. വിത്ത് വിതക്കുമ്പോൾ കൊത്തിപെറുക്കി എടുക്കാൻ വരുന്ന പറവകൂട്ടങ്ങൾ തെളിവരമ്പിൽ കലപില കൂട്ടി നിൽക്കും.

ചില ഇരണ്ടകൾ, ദേശാടനക്കിളികൾ ആണെന്ന് തോന്നി. സാധാരണ കാണുന്നവയിൽ നിന്നും അല്പം തലയെടുപ്പോടെ കറുത്തനിറമുള്ള നീളൻ കൊക്കോട് കൂടിയവർ. കൂട്ടത്തിൽ നാടൻ കൊക്കുകളും ഉണ്ട്. ദേശാടനക്കിളികൾക്കു എന്നും പോന്നോണമാണല്ലോ. തീരങ്ങൾ തേടി പറക്കുന്നവർ, ഒരേ താളത്തിൽ, ഒരേ ഭാവത്തിൽ ഒഴുക്കൂടെ അവർ പറന്നിറങ്ങുന്നത്, കാണാൻ തന്നെ ഒരു പ്രത്യേക ചേലാണ്. കൂട്ടം തെറ്റി പോകാത്തവർ. പ്രകൃത്യാലുള്ള സഞ്ചാരികൾ. ഓരോ നാടിനോടും പ്രത്യേക മമത ഇല്ലാത്ത കൂട്ടങ്ങൾ.

പാലക്കാടൻ ഗ്രാമങ്ങളിലൂടെയുള്ള യാത്രകളിൽ കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ ഇരണ്ടകൾ കൂട്ടം കൂട്ടമായി വന്നിരിക്കുന്നത് കാണാം. പാടവരമ്പുകൾക്കിടയിൽ കാണുന്ന ചില ഒറ്റ മരങ്ങളുണ്ട്. ദേശാടനകിളികൾ രാപ്പാർക്കുന്ന ഇടങ്ങൾ. കലപില ശബ്ദത്തോടെ അന്നത്തെ വിശേഷങ്ങൾ പങ്കു വെക്കുന്ന കൂട്ടരെ സന്ധ്യയുടെ സംഗീതമായി കേൾക്കാം.

പ്രകൃതിയുടെ പല പല ഭാവങ്ങൾ മനുഷ്യന്റെ പരിഷ്കാരനയങ്ങൾ കൊണ്ട് അന്യമായി പോകുന്ന നാടൻഭംഗികൾ

ദേശാടനകിളികൾ കരയാറില്ല, മലയാളത്തിലെ പ്രശസ്തമായൊരു സിനിമയുടെ പേരാണത്. ശരിക്കും ജീവിതത്തിൽ ദേശാടനകിളികൾ കരയാറുണ്ടോ. അവർക്കു ആത്മഗതങ്ങൾ ഉണ്ടാകാറുണ്ടോ? ഇല്ല. സന്തോഷം നിറഞ്ഞ കൂജനങ്ങൾ അല്ലാതെ മറ്റൊന്നും അവരിൽ നിന്നുണ്ടാകാറില്ല.

ഓരോ യാത്രകളിലും അവരൊന്നും കരുതി വെക്കാറും ഇല്ല,കൊണ്ടുപോകാറുമില്ല.കൂട്ടം കൂട്ടമായല്ലാതെ അവരെ നമുക്കു കാണാനും കഴിയില്ല. യാത്രകളാണ് അവരുടെ ഊർജം. ജീവിതത്തിൽ സന്തോഷങ്ങൾ മാത്രം തേടി പോകുന്ന മനുഷ്യരുണ്ട്. ഒറ്റയായി ഉത്തരവാദിത്തങ്ങൾ ഇല്ലാതെ, പെരുവഴിയമ്പലങ്ങൾ തേടി പോകുന്നവർ..ബന്ധങ്ങളുടെ പൂട്ടി കെട്ടലുകളിൽ തല വെക്കാത്തവർ. സങ്കടങ്ങളുടെ ഭാരങ്ങൾ പുതിയ പുതിയ കാഴ്ചകളിലൂടെ ഇറക്കി വെക്കുന്നവർ. കോടാനുകോടി മനുഷ്യരുടെ ജീവിതങ്ങൾ.

മഴയുടെ തേങ്ങലുകൾ പല ഭാഗങ്ങളിൽ നിന്നും കേൾക്കുന്നുണ്ട്. പക്ഷേ കാറ്റിന്റെ വികൃതിയിൽ നിലം തൊടാതെ പോകും മഴക്കാർ. മേഘങ്ങൾ നീലമലകളെ മാലചാർത്തി മൂടി കൊണ്ട് പോകുന്നത് കണ്ടിരുന്നു മതിയാകുന്നില്ല.

വയലാറിന്റെ വരികൾ മനസിലൂടെ അപ്പോൾ കടന്നു പൊയ്

“കൊതിതീരും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ “!!!!

Print Friendly, PDF & Email

Leave a Comment

More News