കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 2‌)

മൈക്കെലാഞ്ജലോ ചാരുതയോടെ ആ വെണ്ണക്കല്ലില്‍ കൊത്താന്‍ ആരംഭിച്ചു. കരിങ്കല്‍ച്ചീളുകള്‍ ശീല്‍ക്കാരത്തോടെ അടര്‍ന്നുവീണു. കരിങ്കല്‍പ്പൊടി ശില്പിയുടെ മുഖത്തും കൈത്തണ്ടകളിലും വീണുപടര്‍ന്ന്‌ സൂര്യ വെളിച്ചത്തില്‍ തിളങ്ങി. രാത്രിയുടെ ഏകാന്തതയില്‍ ഭാവന കരുപ്പെടുത്തി. നിലാവും, നിഴലും ഇണചേര്‍ന്ന്‌ ശില്‍പിയുടെ മനസ്സില്‍ ഡേവിഡിന്റെ ഭ്രൂണം ഗര്‍ഭം ധരിച്ചു. ആ ഭ്രൂണം വളര്‍ന്നുകൊണ്ടേയിരുന്നു. പാറക്കഷണങ്ങള്‍ ഉടഞ്ഞു വീണപ്പോള്‍ അവ്യക്തതയില്‍നിന്ന്‌ തെളിഞ്ഞ്‌ വിഗ്രഹത്തിന്റെ സൃഷ്ടി ആരംഭിച്ചു.

മൈക്കെലാഞ്ജലോ ഓര്‍ത്തു…

ഡേവിഡ്‌ എങ്ങനെ ആയിരിക്കണം! സുമുഖന്‍, സുന്ദരന്‍, ബലിഷ്ഠന്‍, ആകാരവടിവില്‍ അഗ്രേസരനായിരിക്കണം. ഈ വെള്ള മാര്‍ബിളില്‍ അവന്റെ തേജസ്സ്‌ പ്രകാശിക്കണം. സമകാലികരായ മുതിര്‍ന്ന പ്രതിഭ ലിയനാഡോ ഡാവിന്‍ചി, വെറോച്ചിയോ, റാഫേല്‍ ഇവരൊക്കെ ജിജഞാസാഭരിതരായി എനിക്കു ചുറ്റുമുണ്ട്‌. ഡാവിന്‍ചിയാണ്‌ ഇന്ന്‌ ജീവിച്ചിരിക്കുന്ന മഹാശിലല്‍പി. ശില്‍പികളുടെ ശില്പി! അദ്ദേഹത്തിന്റെ അവസാനത്തെ അത്താഴവും ഈ അടുത്ത കാലത്ത്‌ പൂര്‍ത്തിയാക്കിയ മോണോലിസയും ചിത്രകലയില്‍ ആര്‍ക്കും കൈയെത്താനാകാത്ത ഉയരത്തില്‍ വിരാജിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ചിത്രകലയെയ്ക്കാളേറെ ശില്പകലയെ പ്രണയിക്കുന്നു.

ആദ്യത്തെ നവോത്ഥാന ശിലപികളിലേറെ ചെമ്പു പണിക്കാരും സ്വര്‍ണ്ണ പണിക്കാരുമായിരുന്നു. കത്തീഡ്രലുകളെ അലങ്കരിക്കുന്ന ചെമ്പു കതകുകളും അവയില്‍ കൊത്തിവെച്ച വിശുദ്ധന്മാരുടെയും വിശുദ്ധകളുടെയും പഴയ നിയമത്തിലെ അബ്രഹാമിന്റെയും യാക്കോബിന്റെയും ഇസഹാക്കിന്റെയും നോഹിന്റെയും മോശയുടെയും തുടങ്ങി പുതിയ നിയമത്തില്‍ യേശുവിന്റെ ക്രൂശു മരണത്തിലും മാതാവിന്റെ സ്വര്‍ഗ്ഗാരോഹണത്തിലുമൊക്കെ എത്തുന്ന ചിത്രവേലകള്‍. അവ ചിത്രകലയില്‍നിന്ന്‌ ശില്പകലയിലേക്കുള്ള ഉയര്‍ത്തെഴുന്നേല്‍പ്പായിരുന്നില്ലേ!

സുരൃന്‍ ഉദിക്കുകയും പ്രഭാതം വിടരുകയും സായംസന്ധ്യയും ഇരുളും മാറിമാറിവരികയും ചെയ്തപ്പോള്‍ ഡേവിഡിന്റെ ശില്പവും രുപം പ്രാപിക്കുകയായിരുന്നു. പകലന്തിയോളം മൈക്ക്‌ ഡേവിഡിനെ കൊത്തി. രാത്രി കാപ്രസി മലഞ്ചെരുവിലെ ലഹരിയുള്ള വീഞ്ഞില്‍ ഉറങ്ങി. ഫ്‌ളോറന്‍സ്‌ പുതിയ ഉണര്‍വ്വില്‍ ശബ്ദായമാനമായിരുന്നു. പഴയ തടിക്കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. പകരം വാസ്തു നിര്‍മ്മാണത്തിന്റെ പൊടിപടലം എവിടെയും ദൃശ്യമായി. കൂതിരകള്‍ കെട്ടിവലിക്കുന്ന വലിയ വില്ലുവണ്ടികളില്‍ ഭവന നിര്‍മ്മാണത്തിനാവശ്യമായ കരിങ്കല്ലുകളും മാര്‍ബിളുകളും ടുസ്കനിയിലെ കറാറ പാറമടയില്‍നിന്ന്‌ എത്തിക്കൊണ്ടിരുന്നു. അര്‍നോ നദി പെരുകുമ്പോള്‍ സെറ്റിങ്നാനോ മലയടിവാരത്തില്‍നിന്ന്‌ ഭവന നിര്‍മ്മാണത്തിന്‌ സിഡാര്‍, ഓക്ക്‌, മേപ്പിള്‍, മഹാഗണി എന്നിവ ചങ്ങാടങ്ങളായി ഒഴുക്കിക്കൊണ്ടുവന്ന്‌ അറുത്തു മുറിച്ച്‌ തടി ഉത്പന്നങ്ങള്‍ വില്‍ക്കുന്ന അനേകം തടിവ്യാപാര കേന്ദ്രങ്ങള്‍ തുറക്കപ്പെട്ടു.

ഡേവിഡിന്റെ ശില്പനിര്‍മ്മിതി പുരോഗമിച്ചുകൊണ്ടിരുന്നു. ഒരു മഹത്തായ യജ്ഞത്തിന്റെ നിരന്തര പരിശ്രമത്തില്‍ മൈക്കെലാഞ്ജലോയുടെ മനസ്സ്‌ ഭൂതകാലത്തിലേക്കൊഴുകി. ഫ്ളോറന്‍സിനടുത്ത സെറ്റിങ്നാനോ ഗ്രാമം! അവിടെയാണ്‌ മൈക്കെലാഞ്ജലോ ബാല്യകാലം ചെലവഴിച്ചത്‌. ചുറ്റും മാര്‍ബിള്‍ മലകള്‍. പാറമലകളില്‍ നിന്ന്‌ ഒലിച്ചിറങ്ങുന്ന ചെറു അരുവി കള്‍. അവയ്ക്കു ചുറ്റും സമൃദ്ധിയായി വളരുന്ന മുന്തിരിത്തോപ്പുകള്‍. ഒലിവ്‌ മരങ്ങള്‍, ഓക്കു മരങ്ങള്‍, ചെസ്നട്ട് മരങ്ങള്‍, മലഞ്ചെരിവിലെ ചെറുകുന്നുകളെ ചുറ്റിക്കിടക്കുന്ന കുതിരവണ്ടിപ്പാതകള്‍. അവ നിമ്നോന്നതമായ ഗോതമ്പു വയലുകളെ ചുറ്റിക്കിടക്കുന്നു. അവിടവിടെ പള്ളികള്‍, കപ്പേളകള്‍, ഇടയ്ക്കിടെ വലുതും ചെറുതുമായ ഭവനങ്ങള്‍, കൃഷി ആയുധങ്ങള്‍ സൂക്ഷിക്കുന്ന കൂടാരങ്ങള്‍, കന്നുകാലി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍, അവിടെ പശു, ആട്‌, പോര്‍ക്ക്‌, ടര്‍ക്കിക്കോഴി എന്നിവയുടെ കലപലശബ്ദം! ധ്യാന്യ വയലുകളില്‍നിന്ന്‌ ചുറ്റിയടിക്കുന്ന കുളിര്‍കാറ്റ്‌ മരക്കൊമ്പുകളിലിരുന്ന ചിലയ്ക്കുന്ന പലതരം പക്ഷി കള്‍. വിവിധ വര്‍ണ്ണങ്ങളില്‍ ഇളംകാറ്റില്‍ ഇളകുന്ന പുഷ്പലതാദികള്‍. മനോഹരമായ ഗ്രാമം!

അവിടെ ഒരു ഇടത്തരം ഭവനത്തിന്റെ അരുകില്‍ കത്തീഡ്രലുകള്‍ക്ക് മാര്‍ബിള്‍ കട്ടകള്‍ ചെത്തി ഒരുക്കുന്ന ഒരു പണിശാലയില്‍ ആറു വയസ്സ്‌ പ്രായമുള്ള ഒരു ബാലന്‍ ഏതോ ഒരു രൂപം കൊത്താന്‍ ശ്രമിക്കുകയായിരുന്നു. അവന്റെ പേര് മൈക്കെലാഞ്ജലോ ബുവോണാററ്റി സിമോനി! കല്ലുവെട്ടുകാരനായ ജിയോവാനി ആരോ തന്റെ പണിപ്പുരയില്‍ കല്ലുകൊത്തി മിനുക്കുന്ന ഒച്ച കേട്ടാണ്‌ അങ്ങോട്ടെക്കെത്തിയത്‌. ജിയോവാനിയെ ആ കാഴ്ച അമ്പരപ്പിച്ചു. അയാള്‍ ഉറക്കെ വിളിച്ചു:

സന്റീനാ, ദേ ഇങ്ങു വന്നേ, ഇതു കണ്ടോ?

തടിച്ചുരുണ്ട്‌ പൊക്കം കുറഞ്ഞ അയാളുടെ ഭാര്യ ആകാംക്ഷയോടെ ഇറങ്ങി വന്നു.

നോക്ക്‌, നീ ഇവന്റെ ആയയല്ലേ! ഇവന്‍ ആരായിത്തീരുമെന്നാ നിന്റെ വിചാരം. മാര്‍ബിള്‍പ്പാറകളുടെ ഈ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നിട്ടും ഒരു ശില്പിയാകാന്‍ കഴിയാത്തതാണെന്റെ ദൗര്‍ഭാഗ്യം! വെറുമൊരു കല്ലു വെട്ടുകാരനാകാനേ എനിക്കു കഴിഞ്ഞുള്ളൂ.

സന്റീന അവളുടെ വലിയ മാറു കുലുക്കി ഗൗരവത്തോടെ പറഞ്ഞു..

തലേവര നന്നാകണം. നിങ്ങളുടെ അപ്പന്‍ വെറും ഒരു കല്ലുവെട്ടുകാരനായിരുന്നില്ലേ, ആ ബുദ്ധിയല്ലേ നിങ്ങള്‍ക്കും ഉണ്ടാകൂ. ഒരു പ്രതിഭയാകണമെങ്കില്‍ പ്രതിഭയായി ജനിക്കണം. ഒരു കല്ലുവെട്ടുകാരന്‌ എന്തു നിലയും വിലയും!

കാലം മാറിയില്ലേ, പഴയ കല്ലുവെട്ടുകാരില്‍ ചിലരൊക്കെ ഇന്ന്‌ പ്രശസ്ത ശില്പികളായി. ദൈവം എന്നെ മാത്രം തുണച്ചില്ല.

അതുതന്നെയാ ഞാനീ പറഞ്ഞത്‌. എല്ലാവര്‍ക്കും എല്ലാം പറഞ്ഞിട്ടില്ല. ഒക്കെ ഓരോരുത്തരുടെ ബുദ്ധിക്കനുസരണം. കത്തീഡ്രലുകള്‍ക്ക് കല്ലുകള്‍ ചെത്തി മിനുക്കുന്ന നിങ്ങള്‍ക്കെന്തു ബുദ്ധി! ശില്പികള്‍ പറയുന്ന അളവില്‍ നിങ്ങള്‍ കല്ലുകള്‍ പൊട്ടിച്ച്‌ ചെത്തിമിനുക്കുന്നു അത്രതന്നെ.

ജിയോവാനിയില്‍ കഴിവുകേടിന്റെ ജാള്യത പരന്നു

ശരിതന്നെ നീ പറയുന്നത്‌ അടുത്ത പട്ടണമായ ഫ്ലോറൻസ്‌ നഗരത്തിലെ ശില്പകലയിലുള്ള നവോത്ഥാനത്തിന്റെ മണിമുഴക്കമാണ്‌ നമ്മുടെ ഈ ഗ്രാമത്തിന്റെ വളര്‍ച്ചയുടെ ഹേതു. ചുറ്റിലും കിടക്കുന്ന മലയിലെ വെള്ളാരം കല്ലുകളും മാര്‍ബിളുകളും ഒരു കാലത്ത്‌ ആര്‍ക്കും വേണ്ടാതെ കിടന്നതാണ്‌. ഇന്നിതാ നോക്ക്‌, കല്ലുവെട്ടുകാരുടെ തിരക്ക്‌. ആദ്യകാലങ്ങളിലെ തടികൊണ്ട്‌ പണിത പുല്‍മേഞ്ഞ കെട്ടിടങ്ങള്‍ ഏറെ അപ്രത്യക്ഷമായിരിക്കുന്നു. പകരം കരിങ്കല്ലുകള്‍കൊണ്ട്‌ പണിത്‌ മാര്‍ബിള്‍ പാകി മണ്ണില്‍ ചുട്ടെടുത്ത ഓടുകള്‍ മേഞ്ഞ രമൃഹര്‍മ്മ്യങ്ങള്‍.

സന്റീന വാത്സല്യത്തോടെ മൈക്കെലാഞ്ജലോയെ തലോടി ചോദിച്ചു…

മകനെ, നീ എന്താണ്‌ കൊത്താന്‍ ശ്രമിക്കുന്നത്‌?

എന്റെ അമ്മയുടെ രൂപം! മൈക്കിന്റെ കണ്ണുകളില്‍ വിഷാദം നിറഞ്ഞു നിന്നിരുന്നു.

നന്നായിരിക്കുന്നു മകനെ!

ആറുവയസ്സുള്ള മൈക്ക്‌ ചോദിച്ചു…

എന്തുകൊണ്ടാണ്‌ അമ്മ എന്നെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്‌?

സാന്റീനായ്ക്ക്‌ അവന്റെ വേദന മനസ്സിലായി. അവള്‍ അവനെ സന്ത്വനപ്പെടുത്താനെന്നോണം പറഞ്ഞു…

മകനെ, നിന്റെ അമ്മയ്ക്കു രോഗമല്ലേ! രോഗം ഭേദപ്പെടുമ്പോള്‍ നിന്റെ അപ്പന്‍ വന്നു കൊണ്ടുപോയ്ക്കൊള്ളും. നിങ്ങള്‍ നാലു പേരല്ലെ, നിന്റെ സഹോദരന്മാര്‍ ബുവോണഠറററ്റി, ജിയോവാന്‍സിമോണെ, ഇളയവന്‍ ജസ്മിന്‍ഡോ. അവരെ ഓരോരുത്തരെയും നിന്നെപ്പോലെ ഓരോ ആയമാരെ ഏല്‍പ്പിച്ചിരിക്കുകയല്ലേ? അവരുമൊക്കെ നിന്നെപ്പോലെ തന്നെ അത്ര സന്തോഷത്തിലല്ല. എന്തു ചെയ്യാം! ഈശ്വര കാരുണ്യം കൊണ്ട് നിന്റെ അമ്മയുടെ അസുഖം വേഗം ഭേദപ്പെടട്ടെ. അല്ലെങ്കില്‍ തന്നെ നിന്റെ അമ്മയുടെ ഈ സ്ഥിതിയില്‍ നിങ്ങളുടെ അപ്പന്‌ നിങ്ങളെ എങ്ങനെ ശ്രദ്ധിക്കാനാകും! നിങ്ങള്‍ കപ്രസിയില്‍ പ്രഭു കുടുംബത്തില്‍ ജനിച്ചവരാണ്‌. വിശേഷിച്ചും നിന്റെ അപ്പന്‍, കാപ്രസിയിലെ മേയറും പ്രധാന ജഡ്ജിയുമല്ലേ? ഫ്ളോറന്‍സില്‍ തന്നെ നിങ്ങളുടെ അപ്പനപ്പുപ്പന്മാര്‍ കമ്പിളി വ്യവസായത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്ന പ്രഭുക്കളല്ലേ! അങ്ങനെ ഒരു കുടുംബത്തില്‍ ജനിച്ചതു തന്നെ നിന്റെ സുകൃതം! അതുകൊണ്ടുതന്നെ നിന്നെ വളര്‍ത്താന്‍ ഒരായ. ആര്‍ക്കുണ്ട്‌ ഇത്ര സൗഭാഗ്യം. ഒരു സാധാരണക്കാരനുണ്ടോ!

സന്റീന ജിയോവാനിയെ നോക്കി പറഞ്ഞു..

ശരിയാ, കുട്ടികള്‍ക്ക്‌ ബാല്യത്തില്‍ അമ്മയുടെ സാമീപ്യം അനിവാര്യമാണ്‌. അവരുടെ ബാലമനസ്സുകള്‍ക്ക്‌ ചായാനും സ്നേഹം പകരാനും ഒരു ചുമല്‍ ആവശ്യമുണ്ട്‌. എങ്കിലും എന്റെ കുട്ടിക്കു മുല കൊടുക്കുമ്പോള്‍ ഇവനെയും ഞാന്‍ മുലയുട്ടിയിട്ടുണ്ട്‌. എത്രയായാലും സ്വന്തം അമ്മ കൊടുക്കുന്ന വാത്സല്യം ഒരായയ്ക്ക്‌ കൊടുക്കാന്‍ കഴിയില്ലല്ലോ.
ഓ, സന്റീന കരിങ്കല്‍പ്പൊടി കലര്‍ന്ന നിന്റെ മുലപ്പാലു കുടിച്ചതിനാ ലാകാം ഇവനിലെ സിദ്ധി ഉണര്‍ന്നത്‌. ഇവന്‍ ഇവന്റെ അപ്പനെപ്പോലെ ഒരു ജഡ്ജിയാകാനോ, മേയറാകാനോ പോകുന്നില്ല. പകരം പ്രശസ്തനായ ഒരു ശില്പി ആയിത്തീരുമെന്നാണ്‌ എന്റെ പ്രതീക്ഷ. നോക്കിക്കേ, ഇത്ര ചെറുപ്പ ത്തിലെ ഇവന്‍ ഒരു മനുഷ്യരൂപം കൊത്തിയിരിക്കുന്നു. പൂര്‍ണ്ണത കൈവരി ച്ചില്ലെങ്കില്‍ത്തന്നെ, അവന്റെ മനസ്സിലെ പ്രിയപ്പെട്ട അവന്റെ അമ്മയുടെ രുപം.

ഓ, എന്റെ കരിങ്കല്‍പ്പൊടി കലര്‍ന്ന മുലപ്പാലു കുടിച്ചിട്ടായിരിക്കില്ല. ഇവന്റെ ജന്മസിദ്ധി ഇവനില്‍ത്തന്നെ ശില്പിയാകാനുള്ള അഭിനിവേശം നിലനില്‍ക്കുന്നുണ്ടായിരിക്കണം! അല്ലെങ്കില്‍ നിങ്ങളുടെ മകനും ഇതേപ്രായം തന്നെ. അവനൊരിക്കലും നിങ്ങളുടെ ഉളിയും കൂടവുമെടുത്തതായി എനി ക്കറിയില്ല. പാവം! ഇവനമ്മയുണ്ടെങ്കില്‍ത്തന്നെ ഒരു ആയയുടെ അടുക്കല്‍ വളരാനാണ്‌ വിധി.

സന്റീന ഒന്നോര്‍ക്കണം. ഇവന്റെ അമ്മ ഇവനെക്കുടാതെ മൂന്നു കൂടി പെറ്റു. നിര്‍ത്താതെ ഒന്നിനു പുറകെ ഒന്നായി. ആ കാരണമാകാം അവളെ ഒരു അജ്ഞാതരോഗം പിടികൂടിയത്‌. പ്രതിദിനം ക്ഷീണിച്ചുവരിക, ശക്തിയായ ചുമ, ശ്വാസം മുട്ടല്‍. ആദ്യം കരുതിയിരുന്നത്‌ അതേ രോഗമായിരിക്കുമെന്നാണ്‌ – ബ്ലാക്ക്‌ ഡിസീസ്‌!

പതിനാലാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കടലു കടന്ന്‌ കനകം തേടിപ്പോയ നാവികര്‍ കൊണ്ടുവന്ന ഭയാനകരോഗം. ഭക്ഷണം തീര്‍ന്നു പോയ നാവികര്‍ കപ്പലിലെ ദീനം വന്ന എലിയെ ചുട്ടുതിന്നതാണ്‌ രോഗകാരണം. എന്നാല്‍, അത്‌ ദൈവകോപമായി ആദ്യം കരുതി കുരിശു രൂപം ചുമന്ന്‌ സ്വയം പീഡനമേറ്റു സന്യാസ സന്യാസിനികളും ജനങ്ങളും. ആ മഹാരോഗം യൂറോപ്പാകെ പടര്‍ന്നു. സാക്രമിക രോഗം! കൈകാലുകളില്‍ കറുത്ത വ്രണങ്ങള്‍ വന്നു മരിക്കുക. യൂറോപ്പിലെ മൂന്നില്‍ രണ്ട്‌ ജനം ചത്തൊടുങ്ങി. ആ രോഗത്തിന്റെ ആരംഭമാണെന്ന്‌ കരുതിയെങ്കിലും അതല്ല ഇവന്റെ അമ്മയ്ക്കെന്ന്‌ ഭിഷഗ്വരന്മാര്‍ കണ്ടുപിടിച്ചു. എന്നാല്‍, ഏതോ അജ്ഞാതരോഗം.

ഹൊ! ബ്ലാക്ക്‌ ഡിസീസുപോലുള്ള സാക്രമിക ഭയാനക രോഗം ഇനി മേല്‍ ഉണ്ടാകാതിരിക്കട്ടെ. സന്റീന നെടുവീര്‍പ്പിട്ടു.

(തുടരും….)

Print Friendly, PDF & Email

One Thought to “കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 2‌)”

  1. ആര്‍ വി രാജേഷ്

    ജോണ്‍ ഇളമതയുടെ കഥ പറയുന്ന കല്ലുകള്‍ എന്ന നോവലിനെക്കുറിച്ച് കേട്ടിട്ടുണ്ട്. അതു വാങ്ങി വായിക്കാന്‍ സാധിച്ചില്ല. എന്നാലിപ്പോള്‍ അത് തുടര്‍ച്ചയായി വായിക്കാനുള്ള അവസരം ഉണ്ടാക്കിത്തന്നതില്‍ പത്രാധിപര്‍ക്ക് നന്ദി. കൂട്ടത്തില്‍ ശ്രീ ഇളമതയ്ക്കും…. തുടര്‍ഭാഗങ്ങള്‍ വായിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു….

Leave a Comment

More News