അനാഥരുടെ അന്നംമുട്ടിക്കുന്ന സര്‍ക്കാരിന്റെ ക്രൂരത അവസാനിപ്പിക്കണം: അഡ്വ.വി.സി. സെബാസ്റ്റ്യന്‍

തിരുവനന്തപുരം: അനാഥമന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കഴിയുന്ന അനേകായിരങ്ങളുടെ അന്നംമുട്ടിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ക്രൂരത അവസാനിപ്പിക്കണമെന്നും ഇവര്‍ക്കുള്ള സൗജന്യ റേഷന്‍ വിതരണം നിലനിര്‍ത്തി തുടരണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന 1800-ല്‍പരം ബാലഭവനുകള്‍, അഭയഭവനുകള്‍, വൃദ്ധസദനങ്ങള്‍, പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍ എന്നിവയൊക്കെ ഇന്ന് നിലനില്‍ക്കുന്നത് ഉദാരമതികളുടെ വലിയ സംഭാവനകളും സാമൂഹ്യപ്രതിബദ്ധതയുമാണ്. ഇത്തരം കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് അരിയുള്‍പ്പെടെ അടിസ്ഥാന ഭക്ഷണവസ്തുക്കള്‍ നല്‍കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇക്കാര്യത്തില്‍ ഒളിച്ചോട്ടം നടത്തുന്നതും ഉത്തരവാദിത്വരഹിതമായി പ്രവര്‍ത്തിക്കുന്നതും കേരളസമൂഹത്തിന് അപമാനകരമാണ്. സാമൂഹ്യ നീതിവകുപ്പിന്റെ കെടുകാര്യസ്ഥതയും ഭരണവൈകല്യവുമാണിത് സൂചിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാരിനെ പഴിചാരി സംസ്ഥാന സാമൂഹ്യനീതിവകുപ്പിന് ഇത്തരം മനുഷ്യത്വരഹിതമായ നടപടികളില്‍ നിന്ന് രക്ഷപെടാനാവില്ല. ഉദ്യോഗസ്ഥ ഭരണ കൃത്യവിലോപത്തിന് സംസ്ഥാനത്തെ ലക്ഷക്കണക്കായ അഗതികളെ ഭക്ഷണം നല്‍കാതെ ദ്രോഹിക്കുന്ന ക്രൂരതയ്ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കാതെ ഉദ്യോഗസ്ഥ ധാര്‍ഷ്ഠ്യത്തിനെതിരെ അടിയന്തര ഇടപെടലുകള്‍ക്കും നടപടികള്‍ക്കും തയ്യാറാകണം.

അഗതികളുടെ റേഷനും ക്ഷേമപെന്‍ഷനും നിര്‍ത്തലാക്കി അതേസമയം സംസ്ഥാന സര്‍ക്കാര്‍ ഖജനാവ് ധൂര്‍ത്തടിക്കുന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ധിക്കാരസമീപനം എതിര്‍ക്കപ്പെടണമെന്നും ആരോരും ആശ്രയമില്ലാതെ അഗതിമന്ദിരങ്ങളിലും അനാഥാലയങ്ങളിലും കഴിയുന്നവര്‍ക്കുള്ള സര്‍ക്കാരിന്റെ ഭക്ഷ്യവിതരണം നിലയ്ക്കുന്ന സാഹചര്യം സൃഷ്ടിച്ച് ഇറക്കിയിരിക്കുന്ന ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News