ഒമാൻ പ്രളയം: ദുബായിൽ നിന്നുള്ള 9 വയസ്സുകാരി ഇന്ത്യന്‍ ബാലികയ്ക്കായി തിരച്ചിൽ തുടരുന്നു

മസ്‌കത്ത് : ഒമാനിലെ സലാ അൽ മുഗ്‌സൈൽ തീരത്ത് ശക്തമായ തിരമാലയിൽ അകപ്പെട്ട ദുബായിൽ നിന്നു വന്ന 9 വയസ്സുള്ള ഇന്ത്യൻ പ്രവാസി ബാലികയ്ക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്ന് ഒമാൻ പോലീസ് അറിയിച്ചു.

മഹാരാഷ്ട്ര സ്വദേശിയായ 42 കാരനായ ശശികാന്ത് മഹനേയും കുടുംബവും ദുബായിലാണ് താമസം. ഈദ് അവധിക്കാലത്ത് ഒരു ദിവസത്തെ ഉല്ലാസ യാത്രയ്ക്കായി ഞായറാഴ്ചയാണ് അയൽരാജ്യമായ ഒമാനിലെത്തിയത്.

കൂറ്റൻ തിരമാലകൾ മുഗ്‌സെയിൽ തീരത്ത് അടിച്ച് കുടുംബത്തെ വിഴുങ്ങുന്ന ഞെട്ടിക്കുന്ന വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ശശികാന്തും രണ്ട് മക്കളായ 6 വയസുള്ള മകൻ ശ്രേയസും 9 വയസുകാരി ശ്രേയയും ശക്തമായ തിരമാലകളിൽ അകപ്പെട്ടു. ശശികാന്തിന്റെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെടുത്തെങ്കിലും പെൺകുട്ടിക്കായി തിരച്ചിൽ തുടരുകയാണ്.

ശശികാന്തിന്റെ മൂത്ത മകൾ ശ്രാവണിയും ഭാര്യ സരികയും ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടതായി സൂചനയുണ്ട്.

ഈദ് നീണ്ട വാരാന്ത്യത്തിൽ കനത്ത മഴയെത്തുടർന്ന് രാജ്യത്തെ പല താഴ്‌വരകളിലും കടൽത്തീരങ്ങളിലും ശക്തമായ ഒഴുക്കിൽ മുതിർന്നവരും കുട്ടികളും ഒരുപോലെ ഒഴുകിപ്പോയ ഒമാനിലുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ട നിരവധി സംഭവങ്ങളിൽ ഒന്നാണ് ഈ
ദുരന്തം.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഒമാനില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നേരിട്ട വെള്ളപ്പൊക്കത്തിലും അതിരൂക്ഷമായ കാലാവസ്ഥയിലും പതിനാറ് പേർ മരിച്ചു, നാല് പേരെ കാണാതായി.

മോശം കാലാവസ്ഥയെ തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നതായി ഒമാനിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) വ്യാഴാഴ്ച അറിയിച്ചു. കാണാതായവരെ കണ്ടെത്താനുള്ള ദേശീയ ശ്രമങ്ങൾ നടക്കുന്നതിനാൽ ദോഫാർ ഗവർണറേറ്റിലെ മുഗ്സൈൽ ബീച്ച് അടച്ചിടുമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.

Print Friendly, PDF & Email

Leave a Comment

More News