കെ കെ രമ എം‌എല്‍‌എയ്‌ക്കെതിരെ എം എം മണി നടത്തിയ പരാമർശം അനുചിതമാണെന്ന് സ്പീക്കർ; എംഎം മണി പ്രസ്താവന പിൻവലിച്ചു

തിരുവനന്തപുരം: നിയമസഭയിൽ കെ.കെ.രമ എം‌എല്‍‌എയെ അധിക്ഷേപിച്ചുകൊണ്ടുള്ള സി.പി.എം എം.എൽ.എ എം.എം മണിയുടെ പരാമർശം അനുചിതവും സ്വീകാര്യവുമല്ലെന്ന് സ്പീക്കർ എം.ബി രാജേഷിന്റെ റൂളിംഗ്. ജീവിത സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. അംഗം സ്വയം തിരുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. തുടർന്ന് സ്പീക്കറുടെ നിർദേശം അംഗീകരിച്ച എംഎം മണി പ്രസ്താവന പിൻവലിക്കുന്നതായി സഭയെ അറിയിച്ചു. കമ്മ്യൂണിസ്റ്റുകാരനായ താന്‍ ‘വിധി’ എന്ന പദപ്രയോഗം ഉപയോഗിക്കേണ്ടിയിരുന്നില്ലെന്നും എംഎം മണി പറഞ്ഞു. കെകെ രമയെ ‘വിധി വിധവയാക്കി’ എന്ന പരാമർശമാണ് മണി പിൻവലിച്ചത്. ജൂൺ 14-നായിരുന്നു എം എം മണി വിവാദ പരാമര്‍ശം നടത്തിയത്.

‘ഫ്യൂഡൽ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്ന വാക്കുകളും പ്രയോഗങ്ങളും ആധുനിക ജനാധിപത്യ ലോകത്തിന്റെ മൂല്യങ്ങൾക്ക് വിരുദ്ധമായിരിക്കും. ആധുനിക ലോകത്ത് ആളുകളുടെ നിറം, ശാരീരിക സവിശേഷതകൾ, പരിമിതികൾ, തൊഴിൽ, കുടുംബ പശ്ചാത്തലം, ജാതി, മതം, ലിംഗപരമായ സവിശേഷതകൾ, ജീവിത സാഹചര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള പരിഹാസവും ശകാരവും, ആണത്തഘോഷണങ്ങള്‍ എന്നിവയെല്ലാം ആധുനികലോകത്ത് അപരിഷ്‌കൃതമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ശ്രീ എം എം മണിയുടെ പ്രസംഗത്തില്‍ തെറ്റായ ഒരു ആശയം അന്തര്‍ലീനമായിട്ടുണ്ട് എന്നുതന്നെയാണ് ചെയറിന്റെ അഭിപ്രായം. അത് പുരോഗമനപരമായ മൂല്യബോധവുമായി ചേര്‍ന്നു പോകുന്നതല്ല. ചെയര്‍ നേരത്തേ വ്യക്തമാക്കിയതുപോലെ പ്രത്യക്ഷത്തില്‍ അണ്‍പാര്‍ലമെന്ററിയായ പ്രയോഗങ്ങള്‍ ചെയര്‍ നേരിട്ടു നീക്കം ചെയ്യുന്നതും അല്ലാത്തവ അംഗം സ്വമേധയാ പിന്‍വലിക്കുകയും ചെയ്യുകയെന്നതാണ് നമ്മുടെ നടപടിക്രമം. ശ്രീ എം എം മണി ചെയറിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ അനുചിതമായ പ്രയോഗം പിന്‍വലിക്കുമെന്ന് ചെയര്‍ പ്രതീക്ഷിക്കുന്നു,” സ്പീക്കര്‍ പറഞ്ഞു.

‘സഭയില്‍ ഞാന്‍ നടത്തിയ പ്രസംഗത്തിലെ ഒരു പരാമര്‍ശത്തെക്കുറിച്ച് അങ്ങ് നടത്തിയ നിരീക്ഷണത്തെ ഞാന്‍ മാനിക്കുന്നു. പ്രസംഗത്തില്‍ എന്റെ ഉദ്ദേശ്യശുദ്ധി വ്യക്തമാക്കാന്‍ ഞാന്‍ ശ്രമിച്ചതാണെങ്കിലും ബഹളത്തില്‍ അത് മുങ്ങിപ്പോകുകയായിരുന്നു. അത് അവരുടേതായ വിധി എന്ന് ഞാന്‍ പറഞ്ഞിരുന്നു. ഒരു കമ്മ്യൂണിസ്റ്റുകാരനായ ഞാന്‍ അങ്ങനെ പറയരുതായിരുന്നു. ഒഴിവാക്കേണ്ടതായിരുന്നു. ഈ പരാമര്‍ശം ഞാന്‍ പിന്‍വലിക്കുകയാണ്’- തുടര്‍ന്ന് എം എം മണി സഭയെ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News