നടിയെ ആക്രമിച്ച കേസ്: അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാല്‍ കോടതിക്ക് ഇടപെടേണ്ടി വരുമെന്ന് നടിയോട് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഇരയ്ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വിചാരണക്കോടതിക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനമെന്തെന്നായിരുന്നു കോടതിയുടെ ചോദ്യം. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാൽ കോടതിക്ക് ഇടപെടേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. കൃത്യമായ അന്വേഷണം നടത്താതെ ഉന്നതരുടെ ഇടപെടല്‍ കേസ് അട്ടിമറിക്കുന്നുവെന്ന് കാണിച്ച് നടി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം.

പ്രോസിക്യൂഷൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോപണമെന്ന് നടിയുടെ അഭിഭാഷക മറുപടി നൽകി. അന്വേഷണ സംഘം നടിക്ക് കേസിന്റെ വിവരങ്ങൾ ചോർത്തി നല്‍കുന്നുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. നടിയുടെ ഹര്‍ജിയില്‍ ദിലീപിനെ ഹൈക്കോടതി കക്ഷി ചേര്‍ത്തു. നടിയുടെ എതിര്‍പ്പ് തള്ളിയാണ് ഹൈക്കോടതിയുടെ നടപടി.

ഹര്‍ജിയില്‍ ദിലീപിന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് നേരത്തെ കോടതി പറഞ്ഞിരുന്നു. തുടരന്വേഷണം പൂര്‍ത്തിയാക്കി സമര്‍പ്പിക്കുന്ന അനുബന്ധ കുറ്റപത്രത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹര്‍ജി പിന്‍വലിക്കുന്ന കാര്യത്തില്‍ നിലപാട് അറിയിക്കാമെന്ന് നടി കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് കോടതി അടുത്ത മാസം ഒന്നിലേക്ക് മാറ്റി.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെയും മഞ്ജു വാര്യരെയും സാക്ഷികളാക്കിയ അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം ഇന്ന് സമർപ്പിക്കും. കാവ്യാ മാധവനെ പ്രതിയാക്കാൻ തെളിവില്ലാത്തതിനാൽ സാക്ഷിയാക്കിയാണ് ക്രൈംബ്രാഞ്ചിന്റെ അനുബന്ധ കുറ്റപത്രം. അനുബന്ധ കുറ്റപത്രത്തിൽ തെളിവ് നശിപ്പിച്ചതിനും ദിലീപിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

 

Print Friendly, PDF & Email

Leave a Comment

More News