വയനാട്ടിൽ മഴ നാശം വിതച്ചു

കല്പറ്റ: വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച ശക്തമായ കാറ്റിനൊപ്പം പേമാരി നാശം വിതച്ചു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ പലയിടത്തും ജനജീവിതം സ്തംഭിച്ചു.

കേരള-കർണാടക അതിർത്തിയിലെ പൊൻകുഴിയിൽ കോഴിക്കോട്-കൊല്ലേഗൽ ദേശീയ പാത 766 വെള്ളത്തിനടിയിലായി. മാനന്തവാടി-കണ്ണൂർ സംസ്ഥാന പാതയിൽ പെരിയ ഘട്ട് ഭാഗത്ത് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. വൈകുന്നേരത്തോടെ ദേശീയ പാതയിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചതായി റിപ്പോർട്ട്.

ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സന്ദർശകരുടെ പ്രവേശനം നിരോധിക്കുകയും മലയോര മേഖലയിലെ റിസോർട്ടുകൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, ഹോംസ്‌റ്റേകൾ എന്നിവയുടെ ഉടമകളോട് അവരുടെ സ്ഥലങ്ങളിൽ താമസിക്കുന്ന വിനോദസഞ്ചാരികളെ അറിയിക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും ജില്ലാ കലക്ടര്‍ എ. ഗീത നിർദ്ദേശം നൽകി.

ജില്ലയിലെ മുഴുവന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഇനിയാരു അറിയിപ്പ് ഉണ്ടാക്കുന്നത് വരെ സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന് എല്ലാ നഗരസഭാ സെക്രട്ടറിമാർക്കും നിർദേശം നൽകി. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നിരോധനം ഏര്‍പ്പെടുത്തിയത്. വയനാട് ജില്ലയിൽ ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും ജില്ലാ കലക്ടർ നിർദേശം നൽകി.

ബുധൻ, വ്യാഴം ദിവസങ്ങളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ജില്ലയിൽ റെഡ് അലർട്ട് പുറപ്പെടുവിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകി.

അവധി പ്രഖ്യാപിച്ചു
ജില്ലയിലെ റസിഡൻഷ്യൽ സ്‌കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉച്ചയ്ക്ക് ഒരു മണിക്കു പുറത്തിറക്കിയ മുന്നറിയിപ്പു പ്രകാരം പത്തു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍ക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ശേഷിച്ച ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു. നാളെയും സമാനമായ മുന്നറിയിപ്പാണ് കാലാവസ്ഥാ കേന്ദ്രം പുറത്തുവിട്ടിട്ടുള്ളത്. വ്യാഴാഴ്ച ഏഴു ജില്ലകളിലാണ് റെഡ് അലര്‍ട്ട്. വെള്ളിയാഴ്ചയോടെ മഴ കുറയുമെന്നാണ് ഇപ്പോഴത്തെ പ്രവചനം.

Print Friendly, PDF & Email

Leave a Comment

More News