ട്രംപിന്റെ ഫ്‌ളോറിഡയിലെ വസതിയില്‍ എഫ്ബിഐ റെയ്ഡ്

ഫ്‌ളോറിഡാ: ഫ്‌ളോറിഡയിലെ മാര്‍ എലാഗൊ എസ്റ്റേറ്റ് എഫ്ബിഐ റെയ്ഡ് ചെയ്തതായി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

അവര്‍ എന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നുവെന്നു ട്രംപിന്റെ പ്രസ്താവനയില്‍ പറയുന്നു. ഇതു സംബന്ധിച്ച് അഭിപ്രായം പറയുന്നതിന് എഫ്ബിഐ വിസമ്മതിച്ചു. വൈറ്റ് ഹൗസില്‍ നിന്ന് ഔദ്യോഗിക രേഖകള്‍ ഇവിടേക്ക് കടത്തിയതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു പരിശോധന.

അമേരിക്കന്‍ മുന്‍ പ്രസിഡന്റിന്റെ വീട്ടില്‍ ഇങ്ങനെ ഒരു റെയ്ഡ് നടത്തുന്നത് ചരിത്രത്തിലാദ്യമാണ്. മാര്‍ എ ലാഗോയില്‍ പരിശോധന നടന്ന വിവരം ആദ്യം സ്ഥിരീകരിച്ചത് ട്രംപ് തന്നെയാണ്. ട്രംപ് അതേ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും ന്യൂയോര്‍ക്കിലുള്ള ട്രംപ് ടവറിലായിരുന്നുവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

റെയ്ഡിനെ കുറിച്ചു വൈറ്റ് ഹൗസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ നോട്ടിസ് നല്‍കിയിട്ടില്ലായിരുന്നുവെന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ട്രംപിനെതിരെ പൊതുവെ ഭീഷണി നിലനില്‍ക്കുന്നതിനിടയിലാണു റെയ്ഡ് എന്നതു സംഭവത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

ഫെഡറല്‍ ജഡ്ജിയോ മജിസ്‌ട്രേറ്റോ റെയ്ഡിനുള്ള ഉത്തരവു ഒപ്പുവച്ചാല്‍ മാത്രമേ അന്വേഷണം നടത്താനാകൂ. മുന്‍കൂട്ടി അറിയിപ്പു നല്‍കാതെ നടത്തിയ റെയ്ഡ് അനാവശ്യവും അനവസരത്തിലുമാണെന്ന് ട്രംപ് കുറ്റപ്പെടുത്തി.

Print Friendly, PDF & Email

Leave a Comment

More News