ചെന്നൈ വിമാനത്താവളത്തിൽ 100 ​​കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

ചെന്നൈ: എത്യോപ്യയിൽ നിന്ന് കടത്തിയ 100 കോടിയുടെ മയക്കുമരുന്ന് ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. എത്യോപ്യയിൽ നിന്ന് വിമാനമാർഗം ചെന്നൈയിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കി.

എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്ന് വെള്ളിയാഴ്ച (ഓഗസ്റ്റ് 12) ചെന്നൈയിലെത്തിയ എത്യോപ്യൻ എയർലൈൻസിലെ എല്ലാ യാത്രക്കാരെയും വിശദമായി പരിശോധിച്ചു. ഈ സമയത്ത്, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ പ്രത്യേകം പരിശോധിച്ചു. എന്നാൽ, ഇവരിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ല.

ഈ സാഹചര്യത്തിലാണ് ആഫ്രിക്കയിൽ നിന്ന് ചെന്നൈയിലെത്തിയ ഇഖ്ബാൽ പാഷ (38) എന്ന ഇന്ത്യൻ യാത്രക്കാരനിൽ അധികൃതർക്ക് സംശയം തോന്നിയത്. ചോദ്യം ചെയ്യുന്നതിനായി തടഞ്ഞു വെച്ചെങ്കിലും ഇക്ബാൽ പാഷ കൃത്യമായ മറുപടി നൽകിയില്ല. തുടർന്ന് പ്രത്യേക മുറിയിലേക്ക് കൊണ്ടുപോയി വിശദമായി പരിശോധിച്ചു. ഇയാളുടെ വസ്ത്രങ്ങൾ, അടിവസ്ത്രങ്ങൾ, സ്യൂട്ട് കെയ്സ്, ഷൂസ് തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നായി 9.59 കിലോ കൊക്കെയ്‌നും ഹെറോയിനും പിടികൂടി. 100 കോടി രൂപയാണ് ഇവയുടെ അന്താരാഷ്ട്ര മൂല്യം.

1932ൽ ചെന്നൈ വിമാനത്താവളം സ്ഥാപിതമായ ശേഷം ഇതാദ്യമായാണ് ഒരു യാത്രക്കാരനിൽ നിന്ന് 100 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടുന്നത്. ഇതേത്തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ യാത്രക്കാരനെ പിടികൂടി. 100 കോടി രൂപ വിലമതിക്കുന്ന ഈ മയക്കുമരുന്ന് ഇയാൾ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് ആര്‍ക്കു വേണ്ടിയാണെന്നും ആരാണിതിനു പിന്നില്‍ എന്നും അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News