കാനഡയിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്: ഡോ.തോമസ് തോമസ് എതിരില്ലാതെ ആറാം തവണയും തിരഞ്ഞെടുക്കപ്പെട്ടു

ടൊറന്റോ: കാനഡയിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഡോ.തോമസ് തോമസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയം തലയോലപ്പറമ്പ് മരങ്ങോലില്‍ കുടുംബാംഗമായ ഡോ.തോമസ് തോമസ് തുടര്‍ച്ചയായ ആറാം തവണയാണു സ്‌കൂള്‍ ബോര്‍ഡ് ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ടത്. കാല്‍ നൂറ്റാണ്ടോളം ഒരേ വാര്‍ഡിനെ പ്രതിനിധീകരിച്ചു സ്‌കൂള്‍ ബോര്‍ഡ് ട്രസ്റ്റിയായി വിജയിക്കുകയെന്ന അത്യപൂര്‍വ്വ നേട്ടവും സ്വന്തമാക്കി.

നിലവില്‍ ഡഫറിന്‍ -പീല്‍ കാത്തലിക് സ്‌കൂള്‍ ബോര്‍ഡ് ട്രസ്റ്റിയും വൈസ് ചെയര്‍മാനുമായ തോമസ്, നിരവധി കമ്മിറ്റികളില്‍ ചെയറും വൈസ് ചെയറുമായിരുന്നു. പിളര്‍പ്പിന് മുന്‍പുള്ള ഫൊക്കാനയുടെയും കനേഡിയന്‍ മലയാളി അസോസിയേഷന്റെയും പ്രസിഡന്റായിരുന്നു. കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് സെക്രട്ടറി, ഫോമാ കാനഡ റീജിയനല്‍ വൈസ് പ്രസിഡന്റ്, പനോരമ ഇന്ത്യാ ഡയറക്ടര്‍ തുടങ്ങിയ നിരവധി നിലകളില്‍ സേവനമനുഷ്ഠിക്കുന്ന ഡോ.തോമസ് തോമസ്, കനേഡിയന്‍ മലയാളികളുടെ ഇടയില്‍ സജീവ സാന്നിധ്യമാണ്.

ഇത്തവണത്തെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഡോ.തോമസ് തോമസിന്റെ സഹോദരീ പുത്രന്‍ ഷോണ്‍ സേവ്യറും സഹോദരന്റെ പുത്രി അനീഷ തോമസും മല്‍സര രംഗത്തുണ്ട്. കൗണ്‍സിലറായി സൂസന്‍ ജോസഫ്, സ്‌കൂള്‍ ബോര്‍ഡ് ട്രസ്റ്റിമാരായിരുന്ന സൂസന്‍ ബെഞ്ചമിന്‍, ടോമി കോക്കാട്ട്, മാത്യു ജേക്കബ്, മാത്യു തോമസ് കുതിരവട്ടം, ടോമി വാളൂക്കാരന്‍ തുടങ്ങിയ മലയാളികളും ഇത്തവണ മത്സരിക്കുന്നുണ്ട്. ഒക്ടോബര്‍ 24നാണ് ഔദ്യോഗിക തിരഞ്ഞെടുപ്പ്.

Print Friendly, PDF & Email

Leave a Comment

More News