മുസ്‌ലിം പുരുഷനെ ത്വലാഖ് ചൊല്ലുന്നതില്‍ നിന്നോ ഒന്നിലധികം വിവാഹം കഴിക്കുന്നതില്‍ നിന്നോ തടയാന്‍ നിയമം അനുശാസിക്കുന്നില്ല: കോടതി

കൊച്ചി: മുസ്ലിം പുരുഷന്മാര്‍ ത്വലാഖ് ചൊല്ലുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നത് കുടുംബകോടതിക്ക് തടയാനാകില്ലെന്ന് ഹൈക്കോടതി. വ്യക്തിനിയമം അനുവദിക്കുന്നിടത്തോളം ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ച് നിരീക്ഷിച്ചു.

തലാഖ് ചൊല്ലുന്നത് വിലക്കിയ ചവറ കുടുംബ കോടതി ഉത്തരവിനെതിരെ കൊല്ലം സ്വദേശി നൽകിയ ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ആദ്യ രണ്ട് ത്വലാഖ് ചൊല്ലിയ ഹർജിക്കാരനെതിരേ ഭാര്യ കുടുംബകോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച കുടുംബ കോടതി മൂന്നാം ത്വലാഖ് ചൊല്ലുന്നതിൽ നിന്ന് ഹർജിക്കാരനെ വിലക്കി. പുനർവിവാഹം തടയണമെന്ന ഹർജിയിലെ ആവശ്യവും കോടതി അംഗീകരിച്ചു. ഇതിനെതിരെയാണ് ഭര്‍ത്താവ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.

വ്യക്തിനിയമം അനുവദിക്കുന്ന വിധത്തിലുള്ള പ്രവൃത്തിയില്‍ നിന്ന് ഒരാളെ വിലക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം കാര്യങ്ങളില്‍ കോടതികളുടെ അധികാരം പരിമിതമാണ്. വ്യക്തിനിയമപ്രകാരം ഒരാള്‍ക്ക് ഒരേസമയം ഒന്നിലധികം വിവാങ്ങള്‍ ആകാം. നിയമം അങ്ങനെ അനുവദിക്കുന്നിടത്തോളം കോടതിയ്ക്ക് അതു തടയാനാവില്ല. മതവിശ്വാസവും ആചാരവും അനുസരിച്ചുള്ള ഒരാളുടെ പ്രവൃത്തിയില്‍ കോടതിയ്ക്ക് ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Print Friendly, PDF & Email

Leave a Comment

More News