ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്കാരദാനം ജനുവരി 6 ന് കൊച്ചിയിൽ

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (IPCNA) മലയാളി മാധ്യമപ്രവർത്തകർക്കുള്ള മാധ്യമശ്രീ – മാധ്യമരത്ന പുരസ്കാരദാന ചടങ്ങ് 2023 ജനുവരി 6 വെള്ളിയാഴ്ച കൊച്ചിയിലെ ബോൾഗാട്ടി പാലസ് ഇന്റർനാഷണൽ കൺവെൻഷൻ സെൻറ്ററിൽ നടത്തുമെന്ന് പ്രസിഡണ്ട് സുനിൽ തൈമറ്റം , സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ് എന്നിവർ അറിയിച്ചു.

രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെയും, മാധ്യമരംഗത്തെയും വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന വർണാഭമായ ചടങ്ങിലാണ് മാധ്യമശ്രീ പുരസ്കാരം സമ്മാനിക്കുക . ഒരു ലക്ഷം രൂപയും, പ്രശസ്‌തി പത്രവുമാണ് മാധ്യമശ്രീ പുരസ്കാരജേതാവിന് ലഭിക്കുക. 50000 രൂപയും പ്രശസ്‌തി പത്രവുമാണ് മാധ്യമരത്ന പുരസ്കാരജേതാവിന് നൽകുക.

ഈ പുരസ്‌കാരങ്ങൾക്ക് പുറമെ വിവിധ വിഭാഗങ്ങളിൽ അച്ചടി-ദൃശ്യ-ഓൺലൈൻ മാധ്യമപ്രവർത്തകർക്കും ചടങ്ങിൽ അവാർഡുകൾ നൽകി ആദരിക്കും. കൂടാതെ വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവരെയും ഇന്ത്യ പ്രസ്ക്ലബ് ചടങ്ങിൽ അനുമോദിക്കും.

ഇന്ത്യ പ്രസ് ക്ലബ് വൈസ് പ്രസിഡണ്ട് ബിജു സക്കറിയ , ജോയിൻറ് സെക്രട്ടറി സുധ പ്ലക്കാട്ട് , ജോയിൻറ് ട്രഷറർ ജോയ് തുമ്പമൺ, ഓഡിറ്റർ ജോർജ് ചെറായിൽ, അഡ്വൈസറി ബോർഡ് പ്രസിഡണ്ട് ബിജു കിഴക്കേക്കൂറ്റ് ,നിയുക്ത പ്രസിഡണ്ട് സുനിൽ ട്രൈസ്റ്റാർ, എന്നിവരുടെ നേതൃത്വത്തിൽ സംഘാടകസമിതി ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

അവാർഡ് നോമിനേഷനുള്ള തീയതികളും , നിബന്ധനകളും ഉടൻ പ്രഖ്യാപിക്കും. ഏത് രാജ്യത്തുള്ള മലയാളികൾക്കും പ്രഗൽഭരായ മാധ്യമ പ്രവർത്തകരെ പുരസ്‌കാരത്തിനായി നോമിനേറ്റ് ചെയ്യാം. പൊതുസമ്മതർ അടങ്ങുന്ന ഒരു ജൂറിയായിരിക്കും ജേതാക്കളെ തെരഞ്ഞെടുക്കുക.

Print Friendly, PDF & Email

Leave a Comment

More News