ആകാശത്തു നിന്നും ഹെലിക്കോപ്റ്ററിൽ മാവേലി മന്നൻ പറന്നിറങ്ങി; ട്രൈസ്റ്റേറ്റ് ഓണാഘോഷവേദി അക്ഷരാർത്ഥത്തിൽ കേരളീയമായി മാറി

ഫിലഡൽഫിയയിലുള്ള ക്യാൻസ്റ്റാറ്റർ വോക്‌സ് ഫെസ്റ്റ് വെറീൻ എന്ന ജർമ്മൻകാരുടെ വിനോദകേന്ദ്രത്തിലെ മൈതാനിയിൽ ആകാശത്തു നിന്നും പുഷ്പവൃഷ്ട്ടി വിതറി വീണപ്പോൾ വിശാലമായ ആ ഗ്രൗണ്ടിൽ കേരളീയതയുടെ എല്ലാ രൂപവും ഭാവവും സാമന്യയിപ്പിക്കുന്ന ആഘോഷത്തിനു കോപ്പുകൂട്ടുകയായിരുന്നു. കൊത്തുവിളക്കിനു ചുറ്റും സെറ്റുമുണ്ടുടുത്ത ഒരുകൂട്ടം മലയാളി മങ്കമാർ തിരുവാതിര നൃത്തത്തിനുള്ള ചുവടുകൾക്കായി തയാറായി നിൽക്കുന്നു. ആഘോഷ പരിപാടികൾക്കായി അണിഞ്ഞൊരുങ്ങിയ ഓപ്പൺ സ്റ്റേജിനു മുൻപിലെ അത്തപ്പൂക്കളത്തിനു സമീപത്തായി മുണ്ടും സിൽക്ക് ഷർട്ടുകളുമണിഞ്ഞ ചെണ്ട വാദ്യക്കാർ. പൂരപ്പറമ്പിലെന്നപോലെ വേദിക്കുചുറ്റും വഴിവാണിഭക്കാരുടെ ടെന്റുകളും വിൽപ്പനകളും പൊടിപൊടിക്കുന്നു. സെറ്റുസാരിയും അവയ്ക്കു ചേരുന്ന ആഭരങ്ങളുമണിഞ്ഞു ഫിലാഡൽഫിയയിലെ മിക്കവാറുമുള്ള മലയാളി മങ്കമാർ പലയിടത്തായി വെയിലേറ്റു വാടാതെ നിലയുറപ്പിച്ചിരുന്നു.

സിൽക്ക് ജൂബയുടെ നെഞ്ചത്തുതന്നെ ഔദ്യോഗിക ബാഡ്ജുകൾ ധരിച്ച സംഘാടകർ ഒരു കല്യാണ വീട്ടിലെ കാര്യസ്ഥർ എന്ന പോലെ തലങ്ങും വിലങ്ങും നടക്കുന്നു. വേദിയിലെ ഉച്ചഭാഷണിയിക്കൽ നിന്ന് ഉത്സവപ്പറമ്പിലെ എന്ന പോലെ അനൗസ്‌മെന്റുകൾ ഉയരുന്നുണ്ട്. “പ്രിയയുമുള്ളവരെ നമ്മുടെ മാവേലി മന്നൻ അൽപ്പസമയത്തിനുള്ളിൽ ഹെലിക്കോപ്റ്ററിൽ ഈ ഉത്സവ നഗരിയിൽ വന്നിറങ്ങുന്നതാണ്….”- ഒന്നിലേറെ സംഘാടകർ മാറി മാറി തൊണ്ട പൊട്ടുന്ന സ്വരത്തിൽ ഉച്ചഭാഷിണിയിലൂടെ അരങ്ങു തകർക്കുന്നു. ഏതാനും നിമിഷങ്ങൾക്കകം ആ പുഷ്പവൃഷ്ടിയുടെ ഉറവിടം കാണുമാറ്, മാനത്ത് ഓണത്തുമ്പിപോലെ ഹെലിക്കോപ്റ്റർ പ്രത്യക്ഷപ്പെട്ടു. രണ്ടു മൂന്ന് റൗണ്ട് പുഷ്പ വൃഷ്ടി നടത്തിയ ശേഷം ഹെലിക്കോപ്റ്റർ മെല്ലെ താഴ്ന്നിറങ്ങി. ഗ്രൗണ്ടിൽ പൊടിപടലങ്ങൾ ഉയർത്തിക്കൊണ്ട് കാതടപ്പിക്കുന്ന ശബ്ദത്തിൽ പൊടിപടലങ്ങൾ എങ്ങുമുയർന്നു. അങ്ങനെ മാവേലി മന്നനെ വഹിച്ചുകൊണ്ടുള്ള ഹെലിക്കോപ്റ്റർ മൈതാനിയിൽ ലാൻഡ് ചെയ്തു.

മൈതാനിയിലെ പൊടിപടലങ്ങൾ ഏതാണ്ട് കെട്ടടങ്ങിയപ്പോൾ ഹെലിക്കോപ്റ്ററിന്റെ വാതിൽ തുറന്ന് ഏറെ പ്രൗഢിയോടെ സർവാഭരണ ഭൂഷിതനായ മാവേലി മന്നൻ മാനത്തു നിന്നും ഭൂമിയിൽ അവതരിച്ചു. സാക്ഷാൽ മഹാവിഷ്ണുവിന്റെ അവതാരമായ വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി എന്നു നാം വിശ്വസിക്കുന്ന മഹാബലി എല്ലാവർഷവും തിരുവോണനാളുകളിൽ ഭൂമിയിൽ എഴുന്നെള്ളുവെന്ന വിശ്വാസത്തിനു വിരുദ്ധമായാണ് ഇവിടെ മാവേലി സ്വർഗത്തിൽ നിന്നും എഴുന്നെള്ളിയത്. എന്നാൽ അതിനുത്തരം മാവേലിയെ മാലയിട്ടു സ്വീകരിച്ച മുഖ്യാതിഥി പെരുമ്പാവൂർ എം.എൽ എ എൽദോസ് കുന്നംപ്പിള്ളി പിന്നീട് തന്റെ ഉദഘാടന പ്രസംഗത്തിൽ വ്യക്തമാക്കിയതും ഏറെ കൗതുകമായി.

ട്രൈസ്റ്റേറ്റിലെ 15 ൽ പരം സംഘടനകളുടെ സംയുക്ത കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് ഫോറമാണ് ‘അതിരുകാണാ തിരുവോണം’ എന്ന സന്ദേശവുമായി ഈ വർഷത്തെ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ച (ഓഗസ്റ്റ് 20 ന്) വൈകുന്നേരം നാലരയോടെയാണ്, വിഖ്യാത എഴുത്തുകാരനും ചലച്ചിത്ര പിന്നണി പ്രവർത്തകനുമായ അന്തരിച്ച ജോൺ പോളിന്റെ സ്മരണാർത്ഥം ‘ജോൺ പോൾ നഗർ’ എന്ന് നാമകരണം ചെയ്ത ട്രൈസ്റ്റേറ്റ് ഓണാഘോഷവേദിയിൽ ആശംസകളുമായി മാവേലിമന്നൻ ഹെലികോപ്റ്ററിൽ പറന്നിറങ്ങിയത്. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലിയേയും വിശിഷ്ടാതിഥികളെയും ഏതിരേറ്റുകൊണ്ട് ഘോഷയാത്രയും നടന്നു. ഹെലികോപറ്ററിൽ പറന്നെത്തിയ മാവേലി മന്നനെ വരവേൽക്കാനായി ഒരു ഭാഗത്ത് കൊത്തുവിളക്കിനു ചുറ്റും അൻപതോളം വനിതകൾ അണിനിരന്ന മെഗാതിരുവാതിര അറങ്ങേറിയപ്പോൾ മറുഭാഗത്ത്ട് പതി താളത്തിൽ തുടങ്ങിയ ചെണ്ടമേളം കൊട്ടിക്കയറുകയായിരുന്നു. ഏറെ മലയാളതനിമ വിളിച്ചോതുന്ന ഓണാഘോഷം കണ്ട് കേരളത്തിൽ നിന്ന് അതിഥിയായി എത്തിയ എൽദോസ് കുന്നംപ്പിള്ളി എം.എൽ.എ യെപ്പോലും ഏറെ വിസ്മയം കൊള്ളിച്ചു.

ഉച്ച വെയിലിന്റെ പെരുംചൂടിനെ വകവയ്ക്കാതെ അംഗനമാർ കാലേക്കൂട്ടി മൈതാനിയിൽ സ്ഥാനം പിടിച്ചിരുന്നു. മാവേലി മന്നനെ വരവേറ്റ അംഗനമാർ ഏതാണ്ട് 10 മിനിറ്റിലേറെ തിരുവാതിരക്കളിയുടെ വിവിധ ഗാനങ്ങൾ കോർത്തിണക്കി (fusion) അവതരിപ്പിച്ച മെഗാ തിരുവാതിരയായിരുന്നു ഓണാഘോഷത്തിന് ഏറെ മാറ്റുകൂട്ടിയത്. ഫിൽഡൽഫിയയിലെ പ്രമുഖ നർത്തകിയും കൊറിയോഗ്രാഫറുമായ ലാസ്യ ഡാൻസ് അക്കാദമിയുടെ ആശ അഗസ്റ്റിനാണ് ഈ മെഗാതിരുവാതിര കൊറിയോഗ്രാഫി നിർവഹിച്ചത്. ന്യൂയോർക്കിൽ നിന്ന് ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റുകൂടിയായ അപ്പുക്കുട്ടൻ പിള്ളയുടെ നേതൃത്വത്തിലുള്ള ഫ്രണ്ട്സ് ഓഫ് കേരള ടീം ആണ് ചെണ്ടവാദ്യം നടത്തിയത്. തിരുവാതിരയ്ക്കു ശേഷം താലപ്പൊലിയേന്തിയ ബാലികമാർ മുതൽ മുത്തശ്ശിമാർ വരെ അണി നിരന്ന ഘോഷയാത്രയിൽ ചെണ്ട വാദ്യത്തിന്റെ അകമ്പടിയോടെ മാവേലി തമ്പുരാനെയും മറ്റു മുഖ്യാഥിതികളെയും വേദിയിലേക്ക് ആനയിച്ചു.

പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പള്ളി ഓണാഘോഷം ഉദ്ഘാടനം ചെയ്തു. മഹാബലി ഹേലോക്കപ്റ്ററിലൂടെ എത്തിയത് അദ്ദേഹം സ്വർഗത്തിൽ നിന്ന് എത്തിയതാണെന്ന് വേണമെങ്കിൽ പറയാമെന്നും ഓണവും മഹാബലിയും സംബന്ധിച്ച് മറ്റാർക്കുമറിയാത്ത ഒരു രഹസ്യം താൻ പങ്കു വയ്ക്കാമെന്നു പറഞ്ഞ എം.എൽ.എ. ഒരു കഥയോടെ ഇങ്ങനെ തുടങ്ങി: മഹാവിഷ്ണുവിന്റെ അവതരമായ വാമനൻ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുമെന്ന് താൻ വിശ്വസിക്കുന്നില്ല. അതിനുള്ള ചില തെളിവുകൾ സൂചിപ്പിച്ചതാണ് തനിക്ക് പറയാനുള്ളത്.

തൃക്കാക്കരയായിരുന്നു മഹാബലിയുടെ രാജ്യ തലസ്ഥാനം. ഭഗവാൻ വിഷ്ണുവിന്റെ പുണ്യപാദസ്പർശമേറ്റ മണ്ണാണ് തൃക്കാക്കര. തൃക്കാൽക്കരയെന്ന പേര് ലോപിച്ചാണ് പിൽക്കാലത്ത് തൃക്കാക്കരയായത്. മഹാബലി മഹാവിഷ്ണുവിന്റെ പുണ്യപാദമേക്കാനായി മാവേലി മന്നൻ തലകുനിച്ച് കൊടുത്തു, അതോടെ മഹാബലിക്ക് അധികാരം നഷ്ടമായി. കളമശേരിക്കടുത്ത് പാതാളം എന്ന ഒരു സ്ഥലമുണ്ട്. കളമശ്ശേരിയിലെ പാതാളമെന്ന സ്ഥലത്തുകൊണ്ടുപോയി അവിടെയുള്ള തടങ്കൽപാളയത്തിലെ തുറങ്കലിൽ മഹാബലിയെ ഇട്ടു. അതാണ് പിന്നീട് പാതളത്തിലേക്ക് ചവിട്ടിതാഴ്ത്തിയതെന്ന വിശ്വസിക്കാൻ കാരണം. കാക്കനാട് നിന്നും ആരംഭിച്ച് ഇരുമ്പനം വരെ ഒരു ഗുഹാപാതയുണ്ട്. ഇടുമ്പിയെന്ന കാട്ടാള സ്ത്രീയുടെ നാടായിരുന്നു അത്. ഇടുമ്പിവനമാണ് പിന്നീട് ഇരുമ്പനമായി മാറിയത്. അങ്ങിനെ ഒട്ടേറെ ചരിത്രം ഓണവുമായുണ്ടെന്നും എൽദോസ് സൂചിപ്പിച്ചു.

മലയാളികൾ എവിടെയുണ്ടോ അവിടെയെല്ലാം ഓണമുണ്ടാവും. ഓരോ കേരളീയനും സംസ്‌കാരത്തെയും ആഘോഷത്തെയുമൊക്കെ സംരക്ഷിക്കാനുള്ള ചുമതലയുണ്ട്. മനുഷ്യരെല്ലാം ഒന്നായി ജീവിച്ചിരുന്ന ഒരുനല്ല കാലത്തിന്റെ ഓർമ്മ പുതുക്കുന്ന ഓണം. മാനവകുലത്തിന് തന്നെ വലിയ സന്ദേശമാണ് ഓണം നൽകുന്നത്. അതാണ് മലയാളികൾ അമേരിക്കയിലും ഓണാഘോഷം സംഘടിപ്പിക്കുന്നത്. അമേരിക്ക പോലുള്ള പ്രവാസ നാടുകളിൽ ഇന്നും ഓണത്തിന്റെ തനിമ നിലനിർത്താൻ ശ്രമിക്കുമ്പോൾ കേരളത്തിൽ ഓണാഘോഷത്തിന്റെ പൊലിമ നഷ്ട്ടപ്പെടുന്നുവോ എന്നൊരു ആശങ്കയുണ്ട്. കേരളം വളരുകയാണ് ഇന്ന് വളർന്ന് ലോകത്തിന്റെ ഒട്ടേറെയിടങ്ങളിൽ കേരളം ഉണ്ടായിരിക്കുന്നു ഓണമെന്ന വാക്കിന് ഒട്ടേറെ അർത്ഥമുണ്ട്. സ്‌നേഹം, നന്മ, സന്തോഷം, സംതൃപ്തി തുടങ്ങിയവയാണ് ഓണത്തിന്റെ അർത്ഥം. അത്തരം നല്ല പദങ്ങൾ കൂടിച്ചേരുന്നിടത്താണ് നല്ല ഓണമുണ്ടാവുന്നത്.- ഫിലാഡൽഫിയയിലെ ഈ വേദിയിൽ തനിക്കത് നേരിട്ട് ദർശിക്കാനായിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പതിനാറാം വയസിൽ പ്ലസ്സ് ടു കഴിഞ്ഞ് പള്ളിപ്പാടെന്ന സ്ഥലത്തുനിന്നും അമേരിക്കയിലേക്ക് കുടിയേറിയ വ്യക്തിയാണ്. എനിക്ക് കേരളത്തെ ഒരിക്കലും മറക്കാനാവില്ല, കേരളത്തിന്റെ സാംസ്‌കാരികോൽസവങ്ങളെ മറക്കാനാവില്ല. കേരളീയനായതിൽ ഏറെ അഭിനിക്കുന്ന വ്യക്തിയാണ് താനെന്നും ട്രൈസ്‌റ്റേറ്റ് കേരളാ ഫോറത്തിന്റെ ഈ വർഷത്തെ അവാർഡ് ജേതാവായ റവ.ഫാ. അലക്‌സാണ്ടർ കുര്യൻ പറഞ്ഞു. അമേരിക്കയിലെ 5 പ്രസിഡണ്ടുമാരുടെ കാലത്ത് പോളിസി മേക്കിങ്ങ് അഡ്മിനിസ്ട്രേറ്റർ ആയി പ്രവർത്തിച്ച റവ.ഫാ. അലക്‌സാണ്ടർ കുര്യൻ ഇപ്പോൾ ബൈഡൻ അഡ്മിനിസ്ട്രേഷനിൽ 4 ട്രില്യൺ ഡോളറിന്റെ ബജറ്റ് വകയിരുത്തിയിട്ടുള്ള 9 സുപ്രധാന പോളിസികളിൽ തീരുമാനം കൈക്കൊള്ളുന്ന ഡിസിഷൻ മേക്കിങ്ങ് അഡ്മിനിസ്ട്രേറ്റർ ആണ്. ബൈഡൻ അഡ്മിനിസ്ട്രേഷനിലെന്നല്ല കഴിഞ്ഞ 18 വർഷമായി വൈറ്റ് ഹൗസിൽ ഇത്രയും ഉന്നത പദവികൾ വഹിച്ചുകൊണ്ടിരിക്കുന്ന അപൂർവം ഇന്ത്യക്കാരിൽ ഒരാളാണ് ഫാ. അലക്‌സാണ്ടർ.

ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ സാജൻ വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സാജൻ വർഗീസ് എൽദോ കണ്ണമ്പള്ളി എംഎൽഎയെ ആദരിച്ചു. ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷ കമ്മിറ്റി ചെയർമാൻ ജീമോൻ ജോർജ് സ്വാഗതവും ട്രൈസ്റ്റേറ്റ് കേരള ഫോറം ട്രഷറർ ഫിലിപ്പോസ് ചെറിയാൻ നന്ദിയും പറഞ്ഞു. ജനറൽ കോർഡിനേറ്റർ (സ്പോൺസേർസ്) വിൻസെന്റ് ഇമ്മാനുവേൽ സ്പോൺസർമാരെ പരിചയപ്പെടുത്തി. രാജൻ സാമുവേൽ ആയിരുന്നു അവാർഡ് കമ്മിറ്റി ചെയർമാൻ. ജോബി ജോർജ് പുരസ്‌ക്കാര ജേതാവ് റവ. ഫാ. അലക്സാണ്ടർ കുര്യനെ പരിചയപ്പെടുത്തുകയും അദ്ദേഹത്തിന് നൽകിയ ഫലകത്തിലെ വാചകങ്ങൾ ഉദ്ധരിക്കുകയും ചെയ്തു. ട്രൈസ്റ്റേറ്റ് കേരള ഫോറം സെക്രെട്ടറി റോണി വർഗീസ് ആയിരുന്നു പൊതുപരിപാടികളുടെ അവതാരകൻ. റെയ്ന വർഗീസ് അമേരിക്കൻ ദേശീയ ഗാനവും റോണി വർഗീസ് ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു.

ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന വിഭവ സമൃദ്ധമായ ഓണസദ്യയ്ക്ക് ചുക്കാൻ പിടിച്ചത് അതിന്റെ കോർഡിനേറ്റർകൂടി ആയിരുന്ന ജോബി ജോർജ് ആണ്. ബെന്നി കൊട്ടാരത്തിൽ ആയിരുന്നു സമ്പൂർണ ഓണാഘോഷ പരിപാടികളുടെ കോർഡിനേറ്റർ. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നായി നിരവധി ടീമുകൾ പങ്കെടുത്ത വടം വലി മത്സരം ഉൾപ്പെടയുള്ള കായിക മത്സരങ്ങൾ ഏറെ വിജയകരമായി സംഘടിപ്പിച്ചത് സ്പോർട്സ് കോർഡിനേറ്റർ സാബു സ്കറിയയുടെ നേതൃത്വത്തിലായിരുന്നു. ഏറെ വർണാഭമായ ഘോഷയാത്ര സംഘടിപ്പിച്ചതിനു പിന്നിൽ പ്രവർത്തിച്ചത് സുരേഷ് നായർ കോർഡിനേറ്റർ ആയ പ്രോസഷൻ കമ്മിറ്റിയായിരുന്നു. ഓണഘോഷ വേദിയിൽ അതി മനോഹരമായ പൂക്കളം ഒരുക്കിയതും സുരേഷ് നായർ ആയിരുന്നു.

നൃപുര ഡാൻസ് അക്കാഡമിയിൽ അജി പണിക്കർ, ലാസ്യ ഡാൻസ് അക്കാദമിയുടെ ആശ അഗസ്റ്റിൻ എന്നിവർ പരിശീലിപ്പിച്ച കുട്ടികളുടെ വൈവിധ്യമാർന്ന നൃത്തപരിപാടിയിൽ തുടങ്ങിയ കലാപരിപാടികൾ രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. പ്രമുഖ ചലചിത്ര പിന്നണി ഗായകൻ ബിജു നാരായണന്റെ നേതൃത്വത്തിൽ നടത്തിയ ഗാനമേള അക്ഷരാർത്ഥത്തിൽ ഫിലഡൽഫിയയിലെ മലയാളികൾ അക്ഷരാർത്ഥത്തിൽ ഒരു ഉൽസവമാക്കി മാറ്റി. അമേരിക്കയിൽ വളരെ അപൂർവമായേ ഏതെങ്കിലും മലയാളി അസോസിഷന്റെ പരിപാടികൾ ഓപ്പൺ എയർ സ്റ്റേജിൽ നടത്താറുള്ളു. ബിജു നാരായണനോപ്പം പ്രശസ്ത ഗായിക സുഷമ പ്രവീണും ചേർന്നതോടെ ഗാനമേളയ്ക്ക് കൊഴുപ്പേകി.

അടുത്തിടെ ഏറെ വിവാദമായി മാറിയ കുഞ്ചാക്കോ ബോബൻ നായകനായ ” എന്നാൽ താൻ കേസ് കൊട്’ എന്ന ചിത്രത്തിൽ, അനശ്വര സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ ” ദേവദൂതർ പാടി…” എന്ന് തുടങ്ങുന്ന ഗാനം റീമിക്സ് ചെയ്ത് ആ ചിത്രത്തിൽ ബിജുമേനോൻ ആയിരിക്കുന്നു ആ ഗാനം ആലപച്ചത്. ഈ ഗാനം സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയതോടെ ബിജു മേനോൻ ഏറെ പ്രശംസകൾ പിടിച്ചു പറ്റിയിരുന്നു. ആ ഗാനം ഉൾപ്പെടെ ഫിലാഡൽഫിയയിലെ ഗാനാസ്വാദകരെ ഏറെ പുളകം കൊള്ളിച്ച ഗാനമേളയായിരുന്നു ശനിയാഴ്ച്ച അരങ്ങേറിയത്. ഫിലഡെൽഫിയയിലെ ഓണാഘോഷവേദികളിൽ സ്ഥിരം മാവേലി സാന്നിധ്യമാകാറുള്ള റോഷൻ ആയിരുന്നു ഇത്തവണയും ഏറെ പ്രൗഢിയും കൂലീനതയും ഉളവാക്കിയ മാവേലിയുടെ വേഷം അണിഞ്ഞത്.

ഷിക്കാഗോ, ഹൂസ്റ്റൺ, ഫ്‌ളോറിഡ, ന്യൂയോർക്ക്, ഫിലഡൽഫിയ തുടങ്ങിയ ടീമുകൾ പങ്കെടുത്ത കായിക മൽസരങ്ങളിൽ ഏറ്റവും ആകർഷകമായത് വടം വലി മത്സരമായിരുന്നു. ഉച്ച കഴിഞ്ഞു 3 മണി മുതൽ ഓപ്പൺ സ്റ്റേജ് വ്യക്തിഗത കലാമത്സരങ്ങൾ അരങ്ങേറി. അതിനു മുൻപായി പായസം ഫെസ്റ്റിവലും അരങ്ങേറിയിരുന്നു. ആറുമണിയോടെയാണ് വിഭവസമൃദ്ധമായ ഓണസദ്യ നടത്തിയത്. വടം വലി മത്സര വിജയികൾ, മികച്ച വസ്ത്രധാരണം , ബെസ്റ്റ് മാൻ, വെസ്റ്റ് ഫീമെയിൽ മത്സര വിജയികൾ എന്നിവർക്കു പുറമെ, മറ്റു മത്സരങ്ങളിലെ വിജയികൾ എന്നിവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ വച്ച് മുഖ്യാതിഥി നിർവഹിച്ചു.

ഫിലിപ്പോസ് ചെറിയാൻ ,വിൻസന്റ് ഇമ്മാനുവൽ ,അലക്‌സ് തോമസ് ,ജോർജ് ഓലിക്കൽ ,ജോർജ് നടവയൽ ,സുധാ കർത്ത ,കുര്യൻ, കുര്യൻ രാജൻ, സുരേഷ് നായർ, സുമോദ് നെല്ലിക്കാല, ലിബിൻ തോമസ്, രാജൻ സാമുവൽ, ലെന സ്‌കറിയ, ബ്രിജിറ്റ് പാറപ്പുറത്ത്, ബ്രിജിറ്റ് വിൻസെന്റ്, ശോശാമ്മ ചെറിയാൻ, ജെയിംസ് ചെറിയാൻ, ജെയിംസ് പീറ്റർ, രാജു ശങ്കരത്തിൽ, അഭിലാഷ് ജോൺ, ദിലീപ് ജോർജ്, ജോർജി കടവിൽ, ജോൺ പി വർക്കി, ജോസഫ് മാണി, അരുൺ കോവാട്ട്, സിജിൻ തിരുവല്ല തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളാണ് ട്രൈസ്‌റ്റേറ്റ് കേരളാ ഫോറത്തിന്റെ ഈ വർഷത്തെ ഓണാഘോഷത്തിന് നേതൃം നൽകിയത്.

Print Friendly, PDF & Email

Leave a Comment

More News