മത തമ്പ്രാക്കന്മാരേ…. പെൺകുട്ടികൾ ശബ്ദിക്കട്ടെ (ലേഖനം) : കാരൂർ സോമൻ

കേരള ചരിത്രം കടന്നുവന്നിട്ടുള്ളത് ധാരാളം അവിസ്മരണീയങ്ങളായ നാൾ വഴികളിലൂടെയാണ്. ഏതൊരു വ്യക്തിയുടേയും സാംസ്‌ക്കാരിക സാക്ഷാത്ക്കാരമാണ് പുരോഗതി നേടുക. പുരോഗമനാശയങ്ങൾ മാറ്റത്തിന്റെ മാതൃകയാണ്. അങ്ങനെ പുരോഗതി നേടുന്ന ദേശങ്ങൾ, രാജ്യങ്ങൾ പുത്തൻ പറുദീസയായി പുനർനിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അവിടെ പുതിയ തൊഴിലുകൾ, പുതിയ റോഡുകൾ, പുതിയ ബ്രിഡ്ജുകൾ, പുതിയ തീവണ്ടികൾ, വാഹനങ്ങൾ, കെട്ടിടങ്ങൾ, ഹോട്ടലുകൾ, പാർക്കുകൾ, വ്യവസായം തുടങ്ങി ആധുനിക ടെക്‌നോളജിയുടെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയ വാതായനങ്ങൾ മിഴി തുറക്കുമ്പോൾ കേരളത്തിലെ പെൺകുട്ടികൾ എങ്ങനെ വസ്ത്രം ധരിക്കണം, ക്ലാസ് മുറികളിൽ ആൺകുട്ടികൾക്കൊപ്പമിരിക്കാൻ പാടില്ല എന്നൊക്കെ കേട്ടാൽ സമൂഹത്തിൽ വഷളന് വളരാൻ വളം വേണ്ട എന്ന് തോന്നും. ഞാൻ പഠിച്ച കാലങ്ങളിൽ ഒന്നിച്ചിരുന്നാണ് പഠിച്ചത്. തീവണ്ടി, വിമാനം, കപ്പൽ, ബസ്സ് ഇതിലെല്ലാം ഒരേ സീറ്റിലിരുന്നാണ് സ്ത്രീ പുരുഷന്മാർ സഞ്ചരിക്കുന്നത്. ചില മത മൗലികവാദികൾ പച്ചപ്പുല്ലു കണ്ട പശുവിനെപോലെയാണ് ഇതിൽ പുല്ലു തിന്നാൻ വരുന്നത്. നമ്മുടെ കണ്ണും കാതും തുറന്നുപിടിച്ചു നോക്കിയാൽ ലോകമെല്ലാം പുരോഗതിയുടെ പാതയിലാണ്. ആ പുരോഗതി ആചാര-അനുഷ്ടാന-വിശ്വാസങ്ങളിൽ പടുത്തുയർത്തിയതല്ല അതിലുപരി ശാസ്ത്ര സാഹിത്യ-സാമൂഹ്യ അറിവിലൂടെ ഉയർത്തെഴുന്നേറ്റതാണ്. ആൺ-പെൺ കുട്ടികൾ ഒരേ നിറമുള്ള യൂണിഫോം ധരിക്കണോ വേണ്ടയോ എന്നത് വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. അവിടെ ചിലർക്ക് പകൽ ബുദ്ധിയില്ല, രാത്രിയായാൽ ബോധവുമില്ല എന്ന തലത്തിലാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്. ഇവർ തലമുറയെ വഴിതെറ്റിക്കുക മാത്രമല്ല സ്ത്രീവിരുദ്ധതയും പ്രകടമാക്കുന്നു. സ്ത്രീകളിൽ ധൈര്യവും ആത്മവിശ്വാസവും വളർത്തി കൊണ്ടുവരേണ്ടവർ സ്ത്രീകൾ പുരുഷന് കീഴ്‌പ്പെട്ടു ജീവിക്കണമെന്നാണോ? ഇന്നത്തെ വിദ്യാസമ്പന്നരായ സ്ത്രീകൾ അതിനൊരുങ്ങില്ല. സ്ത്രീകളുടെ കുത്തക മുതലാളിത്വം പുരുഷന്മാരിലാണോ?

അശോകൻ ചരുവിൽ മുൻപ് എഴുതിയത് ‘ജനങ്ങളുടെ ആശങ്ക പരിഹരിക്കാനല്ല, മറിച്ചു് ആശങ്കകളെ രാഷ്ട്രീയമായി ഉപയോഗിച്ച് അധികാരത്തിലെത്താനുള്ള കുതന്ത്രമാണ് ചില രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത്.’ ഒടുവിൽ മുഖ്യമന്ത്രിയും പറഞ്ഞു ‘വിദ്യാലയങ്ങളിൽ ആൺ-പെൺ കുട്ടികൾക്ക് ഒരേ തരത്തിലുള്ള യൂണിഫോം അടിച്ചേൽപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല’. മുഖ്യമന്ത്രി മനസ്സിലാക്കേണ്ടത് മതനേതാക്കൾ കണ്ണുരുട്ടി കാണിച്ചാൽ തലകുനിച്ചു കൊടുക്കണോ? വികസന വിരോധികൾ പടുകുഴിയിൽ തള്ളിയിടാൻ മടിക്കില്ല. നേർവഴിക്കൊട്ടു നടക്കാൻ സാധിക്കില്ലെന്ന് മാത്രമല്ല പുരോഗതിയും പ്രാപിക്കില്ല. ഈ കൂട്ടരോട് വിട്ടുവീഴ്ചയല്ല ആർജ്ജവത്തോടെ അവഗണിക്കയാണ് വേണ്ടത്. ജാതി മതങ്ങളെ മുൻനിറുത്തി ജനാധിപത്യത്തെ ഇവർ ചൂണ്ടയിട്ട് പിടിക്കുന്നു. സമൂഹത്തിലെ സ്ത്രീകൾക്ക് തടസ്സമില്ലാത്ത സ്വാതന്ത്ര്യമാണ് വീട്ടിലും നാട്ടിലും വേണ്ടത്. അവർ കൂട്ടിലടച്ച തത്തകളോ, അടിമകളോ, പുരുഷനു മുന്നിൽ ഓച്ഛാനിച്ചു നില്‍ക്കേണ്ടവളോ അല്ല. തുല്യ സമത്വം, നീതി ലഭിക്കണം. 1916-ൽ ഗുരുദേവൻ അരുൾ ചെയ്തത്. ‘പ്രധാന ദേവാലയം ക്ഷേത്രങ്ങളല്ല അത് വിദ്യാലയമാണ്’. ആ വിദ്യാലയത്തിൽ തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയുമാണ് ഇപ്പോഴുള്ള ആൺ-പെൺ കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾ. ഇത് മനുഷ്യ മനസ്സിനെ ആർദ്രമാക്കുകയല്ല ചെയ്യുന്നത് വികലവും വിഹ്വലവുമാക്കി മാറ്റുന്നു. അവർ സംസാരിച്ചാൽ ലൈംഗീക അരാജകത്വത്തിലേക്ക് പോകുമെന്ന് പറയുന്നത് വർഗ്ഗീയതയാണ്. മതങ്ങളുടെ മറവിൽ വോട്ടു പെട്ടി നിറക്കുന്നവരുടെ ലക്ഷ്യം വർഗ്ഗീയത മാത്രമല്ല നിനക്കുള്ളതെനിക്ക്, എനിക്കുള്ളതുമെനിക്ക് എന്ന ചിന്തയാണ്. ഇങ്ങനെ സമൂഹത്തിൽ ജാതിപ്പക പടർത്തി, വോട്ടു പെട്ടി നിറച്ചു് ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന ഭാവത്തിൽ നടക്കുന്ന അമ്പലം വിഴുങ്ങികളുടെ ഗൂഢ മന്ത്രതന്ത്രങ്ങളെ തിരിച്ചറിയുക. ഇവരുടെ ജീർണ്ണമുഖം ജനങ്ങൾ എന്താണ് തിരിച്ചറിയാത്തത്?

ഭാരതം കണ്ട നല്ലൊരു ഭരണാധിപനായിരുന്നു അക്ബർ ചക്രവർത്തി. അദ്ദേഹം ‘ദീൻ ഇല്ലാഹി’ എന്നൊരു പുതിയ മതം സൃഷ്ഠിച്ചത് എന്തിനാണ്? പരസ്പരം കൊല്ലപ്പെടാനല്ല മറിച്ചു് എല്ലാം വിശ്വാസികളും പരസ്പര സ്‌നേഹത്തിൽ ജീവിക്കാനാണ്. എന്റെ സ്‌പെയിൻ യാത്ര വിവരണം ‘കാറ്റിൽ പറക്കുന്ന പന്തുകൾ’ (പ്രഭാത് ബുക്ക്‌സ്, കെ.പി.ആമസോൺ പബ്ലിക്കേഷൻ) ഗ്രന്ഥത്തിൽ ഇറാക്ക്, ബാഗ്ദാദ് അബ്ബാസി കുടുംബത്തിലെ ഏറ്റവും ബുദ്ധിമാനായ ഖലീഫയും, ജ്യോതിശാസ്ത്രജ്ഞനും, എഴുത്തുകാരനുമായ അൽ-മാമുൻ (786 -833) സ്‌പെയിനിലെ ടോളിഡോ പട്ടണം ഭരിച്ചിരുന്ന കാലം അറബ് വിജ്ഞാനം സ്‌പെയിനിൽ വളർത്തുക മാത്രമല്ല അന്നത്തെ ഇസ്ലാം മത പണ്ഡിതരെ കുറിച്ചു് പറഞ്ഞത് വിശ്വാസത്തിന്റെ പേരിൽ ഭ്രാന്തനാശയങ്ങൾ പഠിപ്പിക്കുന്നവരെന്നാണ്. ഇത് ഇന്നും ജീവിച്ചിരിപ്പുണ്ടോ? നിത്യചൈതന്യയതിയുടെ 1989-ൽ ഡി.സി. ഇറക്കിയ ‘മൂല്യങ്ങളുടെ കുഴമറിച്ചിൽ’ എന്ന ചെറുഗ്രന്ഥത്തിൽ ‘ജാതി’ എന്ന് പറയുന്നതിലെ ഒരു പ്രധാന ഘടകം തീരെ യുക്തിസഹമല്ല. ഈ അഭിമാനം ഒരു രോഗമാണ്. അതിനെ സോഷ്യൽ കോംപ്ലക്‌സ് എന്ന് പറയാം’ സത്യത്തിൽ ഇതൊരു രോഗമാണോ? ആധുനിക മനുഷ്യർ മതങ്ങളുടെ അതിർവരമ്പുകൾ കാലോചിതമായി മാറ്റിവരുമ്പോൾ മൂല്യബോധമില്ലാത്തവർ, വർഗ്ഗീയവാദികൾ കുട്ടികളെ ലൈംഗീകാരജകത്വത്തിലേക്ക് തള്ളി വിടുകയല്ലേ ചെയ്യുന്നത്?

ഗൾഫ്, അഫ്ഗാനിസ്ഥാൻ പോലെ ഇന്ത്യ ഒരു മതരാഷ്ട്രമല്ല. നമ്മുടെ സംസ്‌ക്കാരിക പാരമ്പര്യങ്ങൾ, മതനിരപേക്ഷത, ഭരണഘടന നൽകുന്ന പതിനാലാം വകുപ്പിലെ സമത്വം, ലിംഗ വിവേചനം മതവാദികൾ എതിർത്താൽ നാം മുന്നോട്ടല്ല പോകുന്നത് പിന്നോക്കമെന്ന് ഭരണകൂടങ്ങൾ മനസ്സിലാക്കണം. ഈ നൂറ്റാണ്ടിലും ഇങ്ങനെ ചിന്തിക്കുന്നവർ സ്വയം മാറുകയാണ് വേണ്ടത് അല്ലാതെ സമൂഹത്തെ മാറ്റാനല്ല ശ്രമിക്കേണ്ടത്. പഴഞ്ചൻ വിശ്വാസങ്ങളും, മാമൂലുകളും പൂർണ്ണമായി ത്യജിക്കാൻ തയ്യാറാകണം. മത സ്ഥാപനങ്ങളിൽ ചെല്ലുമ്പോൾ അവരുടെ നിയമ സംവിധാനമനുസരിച്ചു് സ്ത്രീകൾ വസ്ത്രം ധരിക്കുന്നതു പോലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചെല്ലുമ്പോൾ വസ്ത്രം ധരിക്കാനുള്ള അവരുടെ അവകാശത്തെ, സ്വാതന്ത്ര്യത്തെ പുരുഷന്മാർ വൈകാരികമായി കാണുന്നത് എന്തിനാണ്? ഇന്ത്യൻ പട്ടാളം, പോലീസ്, ആശുപത്രി, ഇതര സ്ഥാപനങ്ങളിൽ ഒരേ യൂണിഫോം ധരിക്കുന്നുണ്ട്. കേരളത്തിൽ സ്ത്രീകളുടെ താല്പര്യം, അവകാശങ്ങൾ വേണ്ടത്ര സംരക്ഷിക്കപ്പെടുന്നില്ല എന്നല്ലേ മനസ്സിലാക്കേണ്ടത്?. മൂലധന ശക്തികളെ പോലെ സ്ത്രീകളുടെ സ്വകാര്യ ഉടമസ്ഥത പുരുഷന്മാർ ഏറ്റെടുത്താൽ ദൂരവ്യാപകമായ ദുരിതങ്ങൾ ഈ പാവം സ്ത്രീകൾ അനുഭവിക്കില്ലേ? അത് പിന്നോക്ക സമുദായങ്ങളിലും പാവപ്പെട്ട സ്ത്രീകളിലും നമ്മൾ കാണുന്നു. അതവരെ വികലാംഗരാക്കുന്നതിന് തുല്യമാണ്. ‘മാറ്റുവിൻ ചട്ടങ്ങളെ’ എന്നെഴുതിയ കുമാരനാശാനെ മറന്നോ?

ഒരിക്കൽ സൗദി അറേബ്യയിൽ നിന്ന് ലണ്ടനിലേക്കുള്ള എന്റെ വിമാനയാത്രയിൽ ലണ്ടനിൽ പഠിക്കുന്ന ഒരു അറബി പെൺകുട്ടി എന്റെ സീറ്റിനടുത്താണിരുന്നത്. ഇസ്ലാമിക നിയമപ്രകാരമുള്ള വേഷവിധാനങ്ങളിൽ കണ്ട പെൺകുട്ടി ലണ്ടനിൽ ഇറങ്ങുന്നതിന് മുൻപ് ശുചിമുറിയിൽ പോയി അവൾ അണിഞ്ഞിരുന്ന വേഷങ്ങൾക്ക് പകരം ജീൻസ്, ബനിയൻ ധരിച്ചു് എന്റെ അടുക്കലിരുന്നപ്പോൾ ഞാനൊന്ന് തുറിച്ചുനോക്കി.

ജന്മദേശത്തു ഈ പെൺകുട്ടി അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും, അസ്വസ്ഥതയും, പിരിമുറുക്കവും ഓർത്തുപോയി. അവളുടെ മുഖത്തെ ആഹ്ലാദത്തിന്റെ തിരയടി ഞാൻ ഇന്നുമോർക്കുന്നു. സ്ത്രീകൾ ഏത് വസ്ത്രം ധരിക്കണമെന്ന് അവരല്ലേ തീരുമാനിക്കേണ്ടത്? അല്ലാതെ പുരുഷന്മാരാണോ? പുരുഷന്മാർ ഏത് വസ്ത്രം ധരിക്കണമെന്ന് സ്ത്രീകൾ തീരുമാനിക്കാറുണ്ടോ? മതങ്ങളിലെ തമ്പ്രാക്കന്മാർ പക്വതയോടെ സ്ത്രീകളുടെ ത്യാഗപൂർണ്ണമായ ജീവിതത്തെ വിലയിരുത്തണം. അവരെ മതത്തിന്റെ കൈക്കുമ്പിളിൽ ഒതുക്കാൻ ശ്രമിക്കരുത്. സോഷ്യൽ മീഡിയയിൽ കാണുന്നതു പോലെ വിഡ്ഢികളുടെ, വില്ലന്മാരുടെ നാവിൽ നിന്ന് ഊറിവരുന്ന രതിമൂർച്ചയുള്ള വാക്കുകൾ മാന്യമായി പഠിക്കുന്ന പെൺകുട്ടികളിൽ ചാർത്താൻ ശ്രമിക്കരുത്. പുരുഷാധിപത്യ ശബ്ദമല്ല ഉയരേണ്ടത് അതിലുപരി പെൺകുട്ടികളുടെ ശബ്ദമാണ് കേൾക്കേണ്ടത്? അവരെ ബന്ധിച്ചിടാതെ, വേലിക്കെട്ടുകളില്ലതെ സ്വതന്ത്രരാക്കുക. ആൺ-പെൺ കുട്ടികൾ ഒന്നിച്ചിരുന്ന് പഠിച്ചാൽ പ്രകൃതിവിരുദ്ധമെന്ന് പറഞ്ഞവർ, പെൺകുട്ടികൾ അക്ഷരം പഠിക്കാൻ പാടില്ലെന്ന് പ്രമേയം പാസ്സാക്കിയവരുടെ മധ്യത്തിൽ നിന്ന് ധാരാളം ബിരുദധാരികൾ നമ്മെ പഠിപ്പിക്കുന്ന ഒരു പാഠമുണ്ട്. പുരോഗമന ചിന്തകളെ തളർത്താൻ മതശക്തികൾ ശ്രമിച്ചാൽ ജനശക്തി സത്യത്തിന്റെ മിത്രമായി ആകാശം മുട്ടുന്ന കൊടുമുടി പോലെ ഉയരുമെന്നുള്ളതാണ്. മതങ്ങൾ പരിവർത്തനത്തിന് വിധേയമായി നേട്ടങ്ങൾ കൈവരിക്കാനാണ് ശ്രമിക്കേണ്ടത്. വിശ്വാസമുള്ളവരെ സ്വകാര്യ മൂലധനമായി കാണരുത്. അങ്ങനെ കണ്ടതിന്റെ ദോഷഫലങ്ങളാണ് വികസിത രാജ്യങ്ങളിലെ ദേവാലയങ്ങളിൽ ഇന്ന് ദരിദ്ര രാജ്യങ്ങളിൽ നിന്നുള്ളവരെ കാണാൻ സാധിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News