നാനാത്വത്തില്‍ ഏകത്വം (ലേഖനം): സണ്ണി മാളിയേക്കല്‍

നാനാത്വത്തില്‍ ഏകത്വം അതാണ്‌ ഭാരതം. കേരളത്തെ സാമൂഹികമായി ഒരുമിച്ചു നിര്‍ത്തുന്നത്‌ പൂര്‍ണ്ണമായും സര്‍ക്കാരോ, നിയമമോ, അടിസ്ഥാന സാനകര്യങ്ങളോ ആണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. അതിനൊപ്പം തന്നെ സാഹോദര്യത്തോടെ ജീവിക്കാനുള്ള തോന്നലുകളുമുണ്ട്‌. ആഴത്തിലുള്ള ആ തോന്നല്‍ നമ്മളെ ചേര്‍ത്തു നിര്‍ത്തുന്നു. ആ തോന്നലുകള്‍ വളര്‍ന്നു വലുതാകുന്നതല്ലേ ഓണവും, ക്രിസ്തുമസ്സും, റംസാനുമൊക്കെ.

ഉല്ലാസത്തിന്റെയും, ഉത്സാഹത്തിന്റെയും അവസ്ഥയിലേക്ക്‌ എത്തിക്കുന്ന ഉപകരണമാണ്‌. ഉത്സവങ്ങള്‍ കേരളീയരും, അന്യ സംസ്ഥാനക്കാരും അവരുടെ ഭാഷയും, അവരുടെ സംസ്‌ക്കാരങ്ങളുമൊക്കെയായി ഒരുമയോടെ കഴിയുന്ന ഒരു സംസ്ഥാനം മറ്റെങ്ങും ഉണ്ടോയെന്നു എനിക്ക്‌ തോന്നുന്നില്ല. കാരണം, മാനുഷ്യരെല്ലാം ഒന്നുപോലെ എന്നു കരുതി ജീവിച്ചിരുന്ന നാടാണ്‌ കേരളം. അതുകൊണ്ടാണ്‌ റംസാനും, ക്രിസ്തുമസ്സും, ഹോളിയും, ഓണവും അന്യ ദേശക്കാരും, കേരളീയരും ചേര്‍ന്ന്‌ ഒരുമയോടെ ആഘോഷിക്കുന്നത്‌.

പാതാളത്തിലേക്കു ചവിട്ടി താഴ്ത്തിയാലും തിരികെ ജനങ്ങളെ കാണാനെത്തുന്ന രാജാവിന്റെ തിരിച്ചുവരവായി നാം ഓണം ആഘോഷിക്കുന്നു. മാവേലി തമ്പുരാനെ സ്വീകരിക്കാന്‍ ഓണക്കോടിയും, പൂക്കളവും തീര്‍ത്ത്‌ ഓണ സദ്യയുമൊരുക്കി കാത്തിരിക്കുന്നു.

കാലം മാറിയതോടെ ഉത്സവങ്ങള്‍ വിരലിലെണ്ണാവുന്നവ മാത്രമായി അവശേഷിച്ചു. അതു മാത്രമോ… വെള്ളപ്പൊക്കവും, മഹാമാരിയും കൂടി ആയപ്പോള്‍ ഉത്സവങ്ങള്‍ ഓര്‍മ്മകളായി മാറി. ഇന്ന്‌ ഓണത്തിനായി ഒരു കാത്തിരിപ്പില്ല. ഓണനാള്‍ ഒരു അവധി ദിനം പോലെയായി. എന്നാലും, മലയാളിയുടെ മനസ്സിലേക്ക്‌ ഓണം കസവു മുണ്ടുടുത്ത്‌ കയറിവരും. ഓണത്തിനു നാട്ടിലൊന്ന്‌ പോകണമെന്നു കരുതാത്ത എത്ര മലയാളികളുണ്ട്‌. തോന്നിയില്ലെങ്കിലും നമ്മളെ മാടി വിളിക്കാന്‍ ആളുണ്ടാകും.
ഉക്രയിനിലെ യുദ്ധ ഭീഷണിയില്‍ നിന്നു രക്ഷപെട്ടു നാട്ടിലെത്തിയ എന്റെ പ്രിയ സുഹൃത്ത്‌ “മേനോന്‍സ്കീ” എന്ന്‌ ഞാന്‍ സ്നേഹത്തോടെ വിളിക്കുന്ന യു.പി. ആര്‍ മേനോന്‍ കഴിഞ്ഞ ദിവസം ഫോണ്‍ ചെയ്തു.

“എടാ സണ്ണീ… നാട്ടിലേക്ക്‌ വാടാ ഓണം നമുക്കൊന്നു അടിച്ചു പൊളിക്കാം” അതു കേട്ടയുടനെ ഓടിയെത്തി മനസിലേക്ക്‌ നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍. അതങ്ങിനെയാണ്‌. ഒരിക്കലും മറക്കാനാവില്ല. പച്ചപ്പുതപ്പണിഞ്ഞ നെല്‍പ്പാടങ്ങളും, മഞ്ഞു തുള്ളിയുടെ ചുംബനമേറ്റ പുല്‍ക്കൊടികളും, നാണത്തില്‍ പൊതിഞ്ഞ പ്രഭാതങ്ങളും, വൈകുന്നേരങ്ങളില്‍ വിരിയുന്ന നാലുമണി പൂക്കളും, തണല്‍മരങ്ങള്‍ കുട വിരിച്ച നാട്ടിടവഴികളും കൊണ്ടു നിറഞ്ഞ സ്വര്‍ഗ്ഗ തുല്യമായ നാടിനെ കുറിച്ചുള്ള ഓര്‍മ്മകള്‍.
ഓണ ദിവസം മേനോന്‍ വിളിക്കും.

“എടാ സണ്ണി അഗസ്റ്റിനെയും കൂട്ടി നിങ്ങള്‍ രാവിലെ തന്നെ വിട്ടിലെത്തിയേക്കണം”

നേരം വെളുക്കാന്‍ കാത്തിരിക്കും. മേനോന്റെ വീട്ടില്‍ പോകാന്‍.

മുറ്റത്തെ തൊടിയിലെ വാഴയില്‍ നിന്നു ചീന്തിയെടുത്ത ഇലയില്‍ പപ്പടവും, പ്രഥമനുമടക്കം ഗംഭീരമായൊരു സദ്യയുമുണ്ട്‌ ഞങ്ങള്‍ നേരെ വച്ചുപിടിക്കും സിനിമ കൊട്ടകയിലേക്ക്‌.

“അഗസ്റ്റിനെ… എടാ… ഇന്നു ഓണ ദിവസമല്ലേ? നല്ല തിരക്കായിരിക്കും, ടിക്കറ്റ്‌ കിട്ടുമോ?”

അഗസ്റ്റിന്‍ പറയും; “അതോര്‍ത്ത്‌ നിങ്ങള്‍ വിഷമിക്കണ്ടാ” കാരണം അഗസ്റ്റിന്റെ അയല്‍വാസി റസാക്കു ചേട്ടന്‍ സിനിമാ കോട്ടയിലെ സിനിമാപ്പട യന്ത്രത്തിന്റെ പ്രവര്‍ത്തിപ്പുകാരനാണ്‌. അയാളെ മണിയടിച്ചു ടിക്കറ്റു വാങ്ങാമെന്നുള്ള അഗസ്റ്റിന്റെ ധൈര്യം. നടത്തത്തിനിടയില്‍ ദൂരെ നിന്നു കേട്ടു തുടങ്ങും തെങ്ങേപ്പാട്ട്‌. “അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം” അതോടെ നടത്തത്തിനു വേഗത കൂടും. കാരണം, അടുത്ത പാട്ടിനു ടിക്കറ്റു കൊടുത്തു തുടങ്ങുന്നതിന്റെ സൂചനയാണ്‌ പാട്ട്.

തിയേറ്റര്‍ പരിസരരമാകെ ആളുകളെകൊണ്ട്‌ നിറഞ്ഞിരുന്നു. ക്യൂവില്‍ നിന്നു ടിക്കറ്റു വാങ്ങാനൊന്നും മെനക്കെടാതെ അവന്‍ നേരെ ക്യാബിനടുത്തേക്കു ചെന്നു. ഷര്‍ട്ടൊന്നും ധരിക്കാതെ കഴുത്തില്‍ നീളം കൂടിയ സ്വര്‍ണ്ണമാലയുമിട്ട ക്യാമ്പിനില്‍ നിന്ന റസാക്കു ചേട്ടനോട് കൈവിരലുകള്‍ കൊണ്ട്‌ ആംഗ്യം കാട്ടി മൂന്നു ടിക്കറ്റെന്നു പറയുന്നതും, അതുകേട്ട്‌ ശരി എന്നര്‍ത്ഥത്തില്‍ റസാക്ക്‌ ചേട്ടന്‍ തലയാട്ടുന്നതും കണ്ടപ്പോള്‍ സമാധാനമായി.

അങ്ങിനെ സിനിമ കണ്ടും, കൈകൊട്ടി കളികണ്ടും നടന്ന നാളുകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അമേരിക്കയില്‍ എത്തിയിട്ടും മനസ്സില്‍ നിന്നു മാഞ്ഞട്ടില്ല. ഓണം അടുക്കുന്നതോടെ തുടങ്ങും മഹാബലിയെ വീട്ടിലേക്ക്‌ ആനയിക്കാനുള്ള ഒരുക്കങ്ങള്‍. തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്ന ചടങ്ങാണ്‌ ആദ്യം. കയ്യാലയിലോ, വിറക്‌ പുരയിലോ, വേലിയിറമ്പത്തോ കാണുന്ന ഉറുമ്പിന്‍ കൂടിന്‌ ചുറ്റും കുത്തിയ ചുവന്ന നിറമുള്ള പശയുള്ള മണ്ണ്‌ വെള്ളം ചേര്‍ത്ത്‌ പാകത്തിന്‌ കുഴച്ചെടുത്ത്‌ തൃക്കാക്കരയപ്പനെ ഉണ്ടാക്കും. പിന്നെ പൂക്കളം തീര്‍ക്കാനായി പൂവുകള്‍ക്ക്‌ വേണ്ടിയുള്ള ഓട്ടം.

ചാണകം മെഴുകി കെട്ടിയുണ്ടാക്കിയ പീഠത്തില്‍ ഇലയിട്ട്‌ അതിനുമേല്‍ തൃക്കാക്കരയപ്പനെ വയ്ക്കുമ്പോള്‍ അടുക്കളയില്‍ നിന്നും ഉപ്പേരി വറുക്കുന്നതിന്റെയും, പായസത്തിന്റെയും മനം മയക്കുന്ന മണം മൂക്കിലേക്ക്‌ അടിച്ചു കയറും. അതൊക്കെ ഇനി ഓര്‍മ്മകളായി മനസ്സില്‍ സൂക്ഷിക്കാമെന്നു മാത്രം. കാരണം, പുതുതലമുറ മാറിയ കാലത്തിനനുസരിച്ച്‌ ഓണാഘോഷത്തെ ഡിജിറ്റിലൈസ്‌ ചെയ്യുന്നു. ഓണക്കളിയും, ഓണപ്പുവിടലും, ഈഞ്ഞാലാട്ടവുമൊക്കെ സ്വീകരണമുറിയിലെ ടി.വിയില്‍ കാണുന്ന കാഴ്ച്ചകളായി മാറി. മാവേലി വേഷത്തോടൊപ്പം നിന്നൊരു ഫോട്ടോയെടുത്ത്‌ ഫേസ്ബുക്കിലിട്ടാല്‍ പുതുതലമുറ ഹാപ്പി. ഉത്രാടപ്പാച്ചില്‍ വേണ്ട. ഓണസദ്യയൊരുക്കണ്ട. ഒറ്റ ഫോണ്‍ വിളിയില്‍ എല്ലാം വീട്ടിലെത്തും. അന്താരാഷ്ട്ര നിലവാരമുള്ള റസ്റ്റോറന്റുകളും, അവരെ വെല്ലുന്ന കാറ്ററിംഗ് യൂണിറ്റുകളും ഓണക്കാലത്ത്‌ രുചികരമായ സദ്യയൊരുക്കുമ്പോള്‍ എന്തിനാണ്‌ വീട്ടില്‍ കിടന്നു കഷ്ടപ്പെടുന്നതെന്നു ഗൃഹനായിക ചോദിക്കുന്നു. മാത്രമോ, മുറ്റത്ത്‌ പൂക്കളമൊരുക്കി കൊടുക്കാന്‍ വരെ ഏജന്‍സികളുണ്ട്‌.

പാരമ്പര്യത്തേയും, പോയകാല നന്മകളെയും ഓര്‍മ്മപ്പെടുത്തുന്ന ഓണം പോലെ തന്നെയാണ്‌ അമേരിക്കന്‍ “താങ്കസ്‌ ഗിവിംഗ് ഡേ’ ആഘോഷിക്കുന്നത്‌. 1621ല്‍ പ്ലൈ മൌത്ത്‌ കോളനിക്കാര്‍ ശരത്‌ കാല വിളവെടുപ്പ്‌ കഴിഞ്ഞ്‌ പോയകാല നന്മകളെ ഓര്‍മ്മപ്പെടുത്തി കൊണ്ടു നവംബര്‍ മാസത്തിലെ അവസാനത്തെ വ്യാഴാഴ്ച്ച നടത്തിയിരുന്ന ആഘോഷമായിരുന്നു താങ്കസ്‌ ഗിവിങ്‌ ഡേ. രണ്ടു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്നും ഓരോ സംസ്ഥാനങ്ങളും ഈ ദിനം ഓണംപോലെ തന്നെ ആഘോഷിക്കുന്നു. ഈ ആഘോഷ ത്തിന്റെ പിന്നാമ്പുറത്തേക്കൊന്നു തിരിഞ്ഞു നോക്കിയാല്‍ മനസ്സിലാകുന്നത്‌ അമേരിക്കയില്‍ മഞ്ഞുകാലത്തിന്‌ മുമ്പ്‌ എല്ലാ വിളവെടുപ്പുകളും കഴിഞ്ഞിരിക്കും. പിന്നെയുള്ള മാസങ്ങള്‍ മഞ്ഞിനടിയിലായിരിക്കും. ശൈത്യകാലത്തില്‍ നിന്നു രക്ഷനേടാന്‍ വേണ്ടി നവംബര്‍ മാസത്തിന്‌ മുന! വിറകുകള്‍ വെട്ടി വീട്ടില്‍ സൂക്ഷിക്കുക. ജനലുകളെല്ലാം അടച്ച്‌ വീട്ടിനുള്ളില്‍ ഒതുങ്ങി കൂടാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുന്നതിന്റെ മുന്നോടിയായി ബന്ധുമിത്രാദികളെയും, സുഹൃത്തുക്കളെയും വിളിച്ച്‌ ഒരു സദ്യ നടത്തും. മത്തങ്ങ, ക്രാന്‍ബറി തുടങ്ങിയ ജനപ്രിയ താങ്കസ്‌ ഗിവിങ്‌ ഭക്ഷണത്തോടൊപ്പം ടര്‍ക്കിയും പ്രധാന ഭക്ഷമാണ്‌. ന്യൂ ഇംഗ്ലണ്ടില്‍ നിന്നു കുടിയേറിയവരുടെ ഭക്ഷണമാണ്‌ ടര്‍ക്കി. ഏതാണ്ട്‌ 46 മില്ല്യണ്‍ ടര്‍ക്കി കോഴി ഈ ആഘോഷത്തിനായി ഉപയോഗിക്കുന്നുണ്ടെന്നുള്ളതാണു സത്യം.

മാവേലിയെ വരവേല്‍ക്കാന്‍ നടത്തുന്ന ആഘോഷമാണ്‌ ഓണമെങ്കില്‍ അമേരിക്കയില്‍ ശൈത്യകാലത്തെ വരവേല്‍ക്കാനുള്ള ഒരുക്കമായിട്ടാണ്‌ ആ ദിനം ആഘോഷിക്കുന്നത്‌. പുടവ ചുറ്റി സ്ത്രീകളും, പട്ടുപാവടയണിഞ്ഞ കുട്ടികളും നൃത്തവും പാട്ടുമായി ആ ദിനം ആഘോഷത്തിമിര്‍പ്പിലായിരിക്കും. ആ ദിവസം പരമ്പരാഗതമായ ഭക്ഷണം മാതമല്ല പപ്പടം, പഴം, പായസം തുടങ്ങിയവയോടൊപ്പം ചിലര്‍ ടര്‍ക്കി കോഴിയും വൈകുന്നേരത്തേക്ക്‌ ഒരുക്കും.

നഷ്ടമായ ഇന്നലെകളുടെ വര്‍ണ്ണചിത്രങ്ങളെ ഗൃഹാതുരസ്മരണകളാക്കുന്നതില്‍ വലിയ അര്‍ത്ഥമില്ലെന്നു പുതുതലമുറ കരുതുന്നെങ്കിലും, കാലത്തിനനുസരിച്ച്‌ ഓണം ആഘോഷിക്കുന്നു അവര്‍. അവര്‍ക്ക്‌ എന്റെ എല്ലാവിധ ഓണാശംസകളും നേരുന്നു…

Print Friendly, PDF & Email

One Thought to “നാനാത്വത്തില്‍ ഏകത്വം (ലേഖനം): സണ്ണി മാളിയേക്കല്‍”

  1. Baby attupuram

    Good memmories

Leave a Comment

More News