ഓണത്തിന് മാറ്റുകൂട്ടാൻ വാഹനം പരിഷ്‌കരിച്ചു; മോട്ടോർ വാഹന വകുപ്പ് കൈയോടെ പിടികൂടി

മലപ്പുറം: രൂപമാറ്റം വരുത്തിയ വാഹനം ജില്ലാ മോട്ടോർ വാഹന വകുപ്പ് പിടികൂടി. ഓണാഘോഷം അടിച്ചുപൊളിക്കാനാണ് ഒരു കോളേജിൽ ഈ വാഹനം കൊണ്ടുവന്നതെന്നാണ് പോലീസ് ഭാഷ്യം. നിരത്തിൽ ഇത്തരം വാഹനങ്ങൾ കാണുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പുത്തനത്താണിയിൽ പരിശോധന നടത്തിയത്.

ലക്ഷങ്ങൾ മുടക്കി രൂപമാറ്റം വരുത്തിയാണ് പഴയ ഹോണ്ട സിവിൽ കാർ വിദ്യാർഥികൾ ഉപയോഗിച്ചത്. വാതിലും ബമ്പറും പുതിയ രൂപത്തിലാക്കിയിട്ടുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാർ കസ്റ്റഡിയിലെടുത്തു.

ഓണാഘോഷം അതിരുകടക്കാതിരിക്കാൻ എല്ലാ ക്യാമ്പസുകളിലും മോട്ടോർ വാഹന വകുപ്പിന്‍റെ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്താന്‍ ആര്‍ടിഒ പ്രമോദ് കുമാർ നിർദേശം നല്‍കിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ പുത്തനത്താണിയിലെ ഒരു സ്വകാര്യ കോളജിന്‍റെ പരിസരത്ത് പരിശോധന നടത്തുമ്പോഴാണ് ക്യാമ്പസിനകത്ത് രൂപമാറ്റം വരുത്തിയ കാര്‍ കണ്ടെത്തിയത്.

പിടികൂടിയ വാഹനം കൽപകഞ്ചേരി സ്റ്റേഷനിലേക്ക് മാറ്റി. 18,000 രൂപ പിഴയടക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. കാര്‍ അതിന്റെ ഒറിജിനല്‍ രൂപത്തിലാക്കാനും ആര്‍ സി ബുക്ക് ഹാജരാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എഎംവിഐ സുരേഷ് കെ വിജയൻ, സജീഷ് മേലേപ്പാട്ട് എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നൽകി. ഓണാഘോഷത്തിന്റെ ഭാഗമായി ക്യാമ്പസുകളിൽ പരിശോധന ശക്തമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു.

 

 

Print Friendly, PDF & Email

Leave a Comment

More News