എലിസബത്ത് രാജ്ഞിയുടെ കോഹിനൂർ രത്ന കിരീടം ഇനി കാമിലയുടേത്

ലണ്ടന്‍: വിലമതിക്കാനാവാത്ത കോഹിനൂർ രത്നം അതിന്റെ യഥാര്‍ത്ഥ ഉടമയായ ഇന്ത്യക്ക് തിരികെ നൽകണമെന്ന തർക്കവും ആവശ്യവും ഏറെക്കാലമായി നടന്നിട്ടും വിജയം കണ്ടില്ല. എന്നാൽ, എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ വിഷയം വീണ്ടും ചർച്ചയായിരിക്കുകയാണ്. ഇനി കിരീടം ചാൾസ് മൂന്നാമൻ രാജാവിന്റെ ഭാര്യ, രാജ്ഞിയായി പ്രഖ്യാപിച്ചിട്ടുള്ള, കാമില പാർക്കർ ബൗൾസിന് സ്വന്തമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ നിന്ന് കൊള്ളയടിച്ച വസ്തുക്കളില്‍ കോഹിനൂർ വജ്രം ഉണ്ടായിരുന്നില്ലെന്നാണ് വാദം. ഇന്ത്യയില്‍ നിന്ന്‌ കണ്ടെടുക്കപ്പെട്ട രത്നമായതിനാല്‍ കോഹിനൂര്‍ ഇന്ത്യക്ക്‌ അവകാശപ്പെട്ടതാണെന്നാണ്‌ ഇന്ത്യയുടെ പ്രധാനം വാദം. പഞ്ചാബ്‌ ബ്രിട്ടീഷ്‌ ആധിപത്യത്തിന്‌ കീഴിലിരിക്കെ സിഖ്‌ സാമ്രാജ്യത്തിന്റെ തലവന്‍ മഹാരാജാ രഞ്ജിത്‌ സിംഗിന്റെ ഇളയ മകന്‍ ദുലീഫ്‌ സിംഗാണ് രത്നം ബ്രിട്ടീഷ്‌ രാജ്ഞിക്ക്‌ കൈമാറിയത്‌. രത്നം ഒരു പൊതുസ്വത്ത്‌ എന്ന നിലയില്‍ സംരക്ഷണത്തിനായി ബ്രിട്ടീഷ്‌ രാജകുടുംബത്തെ ഏല്‍പ്പിച്ചതെന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതോടെ പൊതുസ്വത്തായ രത്നം ഇന്ത്യന്‍ സര്‍ക്കാറിന്‌ അവകാശപ്പെട്ടതാണെന്നും ഇന്ത്യ അവകാശ വാദം ഉന്നയിക്കുന്നു.

എന്നാല്‍, 2018-ല്‍ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) സർക്കാരിന്റെ പ്രതികരണത്തിന് വിരുദ്ധമായി റിപ്പോർട്ട് ചെയ്തു. ലാഹോർ മഹാരാജാവ് ഇംഗ്ലണ്ടിലെ വിക്ടോറിയ രാജ്ഞിക്ക് കൈമാറിയതാണ് കോഹിനൂര്‍ രത്നം എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്ത വിവരാവകാശ പ്രതികരണത്തിൽ പറയുന്നു. 1849-ൽ ഡൽഹൗസി പ്രഭുവും മഹാരാജ ദുലീപ് സിംഗും തമ്മിൽ നടന്ന ലാഹോർ ഉടമ്പടി പ്രകാരം ലാഹോർ മഹാരാജാവ് ഇംഗ്ലണ്ടിലെ രാജ്ഞിക്ക് കോഹിനൂർ രത്നം സമ്മാനിച്ചതായി എഎസ്‌ഐ പറഞ്ഞതായി റിപ്പോർട്ട് ഉദ്ധരിക്കുന്നു.

‘പ്രകാശ പര്‍വതം’ എന്ന പേരില്‍ വിഖ്യാതമായ കോഹിനൂര്‍ (കൂഹ്‌-ഐ നൂര്‍) എന്ന അപൂര്‍വ രത്നത്തിന്റെ കഥ രണ്ട്‌ നൂറ്റാണ്ട് നീണ്ട വന്‍കൊള്ളയുടെ ചരിത്രമാണ്‌. ക്രിസ്ത്വബ്ദം 1100ല്‍ ആന്ധ്രയിലെ ഗോല്‍കൊണ്ടയിലാണ്‌ രത്നം ഖനനം ചെയ്യപ്പെട്ടതെന്നാണ്‌ അനുമാനം. മാല്‍വയിലെ (ഇന്നത്തെ മധ്യപ്രദേശ്‌) രാജാക്കന്മാരുടെ കൈകളിലാണ്‌ ആദ്യമായി അതെത്തുന്നത്‌. അവിടെ നിന്ന്‌ ഡല്‍ഹി സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ പക്കലേക്കുമെത്തി.

തുഗ്ലക്കുമാരിലൂടെയും ലോധിമാരിലൂടെയും കൈമാറി മുഗള്‍ സ്ഥാപകന്‍ ബാബറുടെ അധീനതയിലെത്തിയപ്പോഴും അതിനു ‘കൂഹ്‌-ഐ-നൂര്‍ എന്ന പേര് ലഭിച്ചിരുന്നില്ല. അരമനകളെപ്പോലും വരിഞ്ഞു മുറുക്കിയ നിഗൂഢതയും കാലത്തെ മറികടന്ന അന്ധവിശ്വാസങ്ങളും ഈ രത്നം എക്കാലവും കൊണ്ടുനടന്നു. ബാബറിന്റെ പുത്രന്‍ ഹുമയൂണ്‍ ഭരണം നഷ്ടപ്പെട്ട പേര്‍ഷ്യയില്‍ അഭയം തേടിയപ്പോള്‍ കൈയില്‍ ഈ രത്നമുണ്ടായിരുന്നു. മുഗള്‍ ഭരണം തിരിച്ചു പിടിക്കാന്‍ പേര്‍ഷ്യന്‍ രാജാവിന്‌ രത്നം കൈമാറേണ്ടിവന്നു എന്നൊരു കഥയുണ്ട്‌. ഷാജഹാന്റെ കാലമായപ്പോഴേക്കും മുഗള്‍ കൊട്ടാരത്തില്‍ ഈ രത്നമുണ്ടായിരുന്നു. ഗോല്‍കൊണ്ട സാമ്രാജ്യത്തില്‍ കരുത്തനായിരുന്ന ഇസ്തഹാനിലെ (പേര്‍ഷ്യ) മീര്‍ ജുംലയാണ്‌ ഷാജഹാന് ഇത്‌ സമ്മാനിച്ചതെന്നാണ്‌ ഒരു ഭാഷ്യം.

ഓറംഗസീബിന്‌ ശേഷം മുഗള്‍ സാമ്രാജ്യത്തിന്റെ ശിഥിലീകരണം തുടങ്ങിയതോടെ നാനാദിക്കുകളില്‍ നിന്ന്‌ ശത്രുക്കള്‍ ചാടിവീഴാന്‍ തുടങ്ങി. അവരുടെയെല്ലാം കണ്ണ് 105.6 കാരറ്റുള്ള ഈ രത്നത്തിലായിരുന്നു. 1739-ല്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തി നാദിര്‍ഷാ ഖൈബര്‍പാസും കടന്നുവന്ന്‌ 15 ലക്ഷം വരുന്ന മുഗള്‍ സൈന്യത്തെ തോല്‍പിച്ചു. 200 വര്‍ഷം കൊണ്ട്‌ മുഗളർ സമ്പാദിച്ചത്‌ മുഴുവനും കൊള്ളയടിച്ചു കൊണ്ടുപോയ നാദിര്‍ഷായാണത്രെ ഈ രത്നത്തെ ‘കൂഹ്‌ എ നൂര്‍’ എന്ന്‌ ആദ്യമായി വിളിച്ചത്‌.

നാദിര്‍ഷാ കൊല്ലപ്പെട്ടപ്പോള്‍ പിന്‍ഗാമിയും അഫ്ഗാന്‍ ചക്രവര്‍ത്തിയുമായ അഹ്മദ്‌ ഷാ അബ്ബാലിയുടെ കൈയിലേക്കാണ്‌ പിന്നീടത്‌ എത്തിപ്പെട്ടത്‌. അബ്ബാലിയുടെ മരണശേഷം പിന്‍ഗാമികളായ തൈമൂര്‍ ഷാ, സമാന്‍ ഷാ, ഷാ ശുജാ എന്നിവരിലൂടെ രത്നം ലാഹോര്‍ ആസ്ഥാനമായി ഭരിച്ച സിഖ്‌ സാമ്രാജ്യ തലവന്‍ മഹാരാജാ രഞ്ജിത്‌ സിംഗിന്റെ കൈകളിലെത്തി. മഹാരാജാവിന്റെ മരണശേഷം മൂത്ത പുത്രന്മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഇളയമകന്‍, അഞ്ചു വയസ്സുള്ള ദുലീഫ്‌ സിംഗിനെ സിംഹാസനത്തിലിരുത്തി. 1849ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി പട്ടാളം പഞ്ചാബ്‌ പിടിച്ചടക്കി.

ഗവര്‍ണര്‍ ഡല്‍ഹൗസി പ്രഭുവിന്റെ ഭരണകൂടവുമായി ഉണ്ടാക്കിയ ലാഹോര്‍ ഉടമ്പടിയിലെ മൂന്നാമത്തെ വ്യവസ്ഥ കോഹിനൂര്‍ രത്നം ബ്രിട്ടീഷ്‌ രാജ്ഞിയുടെ മുന്നില്‍ അടിയറവെക്കണമെന്നായിരുന്നു. ഉടമ്പടി പ്രകാരം ഒമ്പതു വയസ്സുണ്ടായിരുന്ന ദുലീഫ്‌ സിംഗ് 4200 കി.മീറ്റര്‍ സഞ്ചരിച്ച്‌ രാജ്ഞിക്ക്‌ രത്നം കൈമാറി. ദുലീഫ്‌ രാജകുമാരനെ പിന്നീട് പ്രതിവര്‍ഷം അര ലക്ഷം പൗണ്ട് സ്റ്റൈപ്പെന്റ് കിട്ടുന്ന ആശ്രിതനാക്കി മാറ്റി. ക്രിസ്തുമതം സ്വീകരിച്ച്‌ ഇംഗ്ലണ്ടിലും ഫ്രാന്‍സിലും അലഞ്ഞ്‌ ജീവിച്ച അദ്ദേഹം 1893ല്‍ കൊടിയ ദാരിദ്ര്യം പിടിപെട്ട് പാരിസിലെ ഏതോ തെരുവില്‍ കിടന്ന്‌ മരിച്ചു.

2017 ഏപ്രില്‍ 22-ന് രത്നം തിരിച്ചെത്തിക്കാന്‍ സര്‍ക്കാറിന്‌ നിര്‍ദേശം നല്‍കണമെന്ന്‌ ആവശ്യപ്പെട്ട് രണ്ട് എന്‍ ജി ഒ സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജി ചീഫ്‌ ജസ്റിസ്‌ ജെ.എസ്‌. ഖെഹാറിന്റെ അദ്ധ്യക്ഷതയിലുള്ള സുപ്രീം കോടതി ബെഞ്ച്‌ തള്ളിയിരുന്നു. ഓള്‍ ഇന്ത്യ ഹ്യൂമന്‍ റൈറ്റ്സ്‌ ആന്‍ഡ്‌ സോഷ്യല്‍ ജസ്റ്റിസ് ഫ്രണ്ട്‌, ഹെറിറ്റേജ്‌ ബംഗാള്‍ എന്നീ സംഘടനകളാണ്‌ കോടതിയെ സമീപിച്ചത്‌.

1851 ജൂണിലെ സ്മിത്‌സോണിയൻ മാഗസിൻ അനുസരിച്ച്, 1851-ല്‍ ലണ്ടനിലെ ഗ്രേറ്റ് എക്സിബിഷനില്‍ കോഹിനൂര്‍ രത്നം പ്രദർശിപ്പിച്ചതായി എഴുതിയിട്ടുണ്ട്. എന്നാല്‍, ബ്രിട്ടന്‍ ജനതയ്ക്ക് അതത്ര വലിയ കാര്യമായിരുന്നില്ല. കാരണം, പ്രത്യക്ഷത്തിൽ “അതിന്റെ ബാഹ്യരൂപത്തിൽ നിന്ന്, അതൊരു സാധാരണ ഗ്ലാസ് കഷണമല്ലാതെ മറ്റെന്താണെന്നായിരുന്നു അവരുടെ കാഴ്ചപ്പാട്.”

“ആ നിരാശാജനകമായ പ്രതികരണം കണക്കിലെടുത്ത്, വിക്ടോറിയ രാജ്ഞിയുടെ ഭർത്താവായ ആൽബർട്ട് രാജകുമാരൻ
രത്നം വെട്ടി മിനുക്കിയെടുത്തു – ഈ പ്രക്രിയ അതിന്റെ വലുപ്പം പകുതിയായി കുറച്ചെങ്കിലും പ്രകാശത്തെ അതിന്റെ ഉപരിതലത്തിൽ നിന്ന് കൂടുതൽ തിളക്കമാർന്നതാക്കി”, സ്മിത്‌സോണിയന്‍ റിപ്പോര്‍ട്ടില്‍ എഴുതി.

വിക്ടോറിയ രാജ്ഞി പിന്നീടത് ആഭരണമായും, ഒടുവിൽ കിരീടാഭരണങ്ങളുടെ ഭാഗമാക്കുകയും ചെയ്തു. ആദ്യം അലക്‌സാന്ദ്ര രാജ്ഞിയുടെ (വിക്ടോറിയ രാജ്ഞിയുടെ മൂത്ത മകൻ എഡ്വേർഡ് ഏഴാമന്റെ ഭാര്യ) കിരീടത്തിലും പിന്നീട് മേരി രാജ്ഞിയുടെ (വിക്ടോറിയയുടെ ചെറുമകന്‍ ജോർജ് അഞ്ചാമന്റെ ഭാര്യ) കിരീടത്തിലും അലങ്കരിച്ചു. ഒടുവിലത് എലിസബത്ത് രാജ്ഞിയുടെ കിരീടത്തിലായി.

ഇപ്പോൾ ചാൾസ് രാജകുമാരൻ രാജാവായതോടെ, കോൺ‌വാളിലെ ഡച്ചസ് ആയ അദ്ദേഹത്തിന്റെ ഭാര്യ കാമില രാജ്ഞി പത്നിയാകുകയും അമ്മ രാജ്ഞിയുടെ കോഹിനൂർ കിരീടം സ്വീകരിക്കുകയും ചെയ്യുന്നു. 1937-ൽ ജോർജ്ജ് ആറാമൻ രാജാവിന്റെ കിരീടധാരണത്തിനായി എലിസബത്ത് രാജ്ഞിക്ക് (പിന്നീട് രാജ്ഞി അമ്മ എന്നറിയപ്പെട്ടു) സൃഷ്ടിച്ച പ്ലാറ്റിനം കിരീടത്തിലാണ് കോഹിനൂർ രത്നം നിലവിൽ സ്ഥാപിച്ചിരിക്കുന്നത്. ഇത് ലണ്ടൻ ടവറിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News