ഗ്രൗണ്ട് സീറോ (ഓർമ്മകൾ): സണ്ണി മാളിയേക്കല്‍

കോവിഡ് മഹാമാരി സൃഷ്ടിച്ച യാത്രാവിലക്കുമായി തട്ടിച്ചുനോക്കുമ്പോൾ, സെപ്റ്റംബര്‍ 11 വേൾഡ് ട്രേഡ് സെൻറർ അറ്റാക്ക്, വിമാനയാത്രകൾക്ക് വേറൊരു മാനം തന്നെ സൃഷ്ടിച്ചു. സന്തോഷിച്ച് ആനന്ദിച്ച് നടത്തിയിരുന്ന വിമാന യാത്രകൾ ഒരു പേടി സ്വപ്നം പോലെ ആയി മാറി. എയർപോർട്ട് ടെർമിനൽ എന്ന് പോലെതന്നെ, നമ്മൾ യാത്ര ചെയ്യുന്നത് ഒരു “ടെർമിനലിലേക്ക്” ആണെന്നുള്ള തിരിച്ചറിവ് ഉണ്ടാക്കി സെപ്റ്റംബർ 11.

രാജ്യം രാജ്യത്തോടും ദേശം ദേശത്തോടും യുദ്ധം ചെയ്യുന്ന ചരിത്രങ്ങൾ ഒന്നൊന്നായി നമ്മുടെ മുൻപിൽ ഉണ്ട്. എന്നാൽ, സാധാരണ ജനങ്ങളെ, സൂയിസൈഡ് അറ്റാക്കേഴ്സ് പിൻവാതിലിലൂടെ ഇടിച്ചു കയറി കത്തിച്ചു കളഞ്ഞത് എന്തു ന്യായീകരണത്തിലൂടെ ലോകം വിശദീകരിക്കും?

ഇതുമായി ബന്ധപ്പെട്ട പല രാജ്യങ്ങളിലും കൊല്ലപ്പെട്ട നിരപരാധികൾ, ഇപ്പോഴും യുദ്ധക്കെടുതിയില്‍ ജീവിക്കുന്ന പച്ച മനുഷ്യർ. പേഴ്സണൽ ഗ്രൂമിംഗ്, വസ്ത്രധാരണരീതി, എന്തിന് കഴിക്കുന്ന ഭക്ഷണം വരെ മനുഷ്യരെ മനുഷ്യരിൽ നിന്ന് അകറ്റി. മത വിശ്വാസം ആണോ, മത വിദ്വേഷം ആണോ നമ്മെ നയിക്കുന്നത്?

നമ്മുടെ പ്രിയ രാഷ്ട്രപതി, ബോളിവുഡിന് അഭിമാന താരം, അങ്ങിനെ എത്ര പേർ ന്യൂയോർക്കിലെ ട്രാവൽ സെക്യൂരിറ്റിയുടെ ഡസ്കിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നു.

വേൾഡ് ട്രേഡ് സെന്ററിനടുത്ത് ജോലി ചെയ്തിരുന്ന ഞാൻ അപകട സമയത്തും പിന്നീട് പല ദിവസങ്ങളും സന്നദ്ധ സേവകനായി ജോലി ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് F.B.I പല മീറ്റിംഗുകളും കൗൺസിലിങ്ങും നടത്തി. എഫ് ബി ഐയുടെ മിഡ് ടൗൺ ഓഫീസിൽ, ബിഗ് സ്ക്രീനിൽ സാറ്റലൈറ്റ് ചിത്രങ്ങൾ കാണിക്കുകയുണ്ടായി. ടവർ വീണു ജനങ്ങൾ പരിഭ്രാന്തരായി ഓടുമ്പോള്‍ കപ്പലണ്ടിയും കൊറിച്ച് കൂളായി ടവറിലേക്ക് നോക്കി നിൽക്കുന്ന ആളുകൾ, അങ്ങിനെ പലതും.

അപകടം നടന്ന ചൊവ്വാഴ്ച രാവിലെ പതിവുപോലെ വെളുപ്പിനെ തുറക്കാറുള്ള കോഫി സ്റ്റാൻഡുകൾ തുറക്കാതിരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. പല മീറ്റിങ്ങുകളിലും ഞാൻ ഈ കാര്യം പറഞ്ഞു എങ്കിലും വ്യക്തമായ ഒരു മറുപടി എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളിലെ ഒരു ചോദ്യം കൂടി? പ്രതികാരത്തിന്റെ കത്തിക്കരിഞ്ഞ ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷി ശാന്തിയുടെയും സമാധാനത്തിറെയും പൊൻപുലരി സമ്മാനിക്കട്ടെ.

യുണൈറ്റഡ് വി സ്റ്റാൻഡ്… ലോകാഃ സമസ്താഃ സുഖിനോ ഭവന്തു.

Print Friendly, PDF & Email

2 Thoughts to “ഗ്രൗണ്ട് സീറോ (ഓർമ്മകൾ): സണ്ണി മാളിയേക്കല്‍”

  1. Dr.Menon

    A brave man ….

    1. Baby attupuram

      ഓർമ്മകൾ മരിക്കുമോ? ഭൂതകാലത്തിന്റ നോവും, ഞെട്ടലും നാളെയുടെ കനൽ കട്ടക്കളയി മാറും….

Leave a Comment

More News