പള്ളിയോട അപകടത്തില്‍ കാണാതായ ചെന്നിത്തല സ്വദേശിക്കു വേണ്ടി തെരച്ചില്‍ തുടരുന്നു

ആലപ്പുഴ: അച്ചൻകോവിലാറിൽ പള്ളിയോടം മറിഞ്ഞ് കാണാതായ ചെന്നിത്തല സ്വദേശി രാകേഷിനെ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്ന് പുനരാരംഭിച്ചു. നേവിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചു. പള്ളിയോടം മറിഞ്ഞ സ്ഥലത്ത് നിന്ന് വളരെ ദൂരെയാണ് തിരച്ചിൽ നടക്കുന്നത്.

ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കാന്‍ നീറ്റിലിറക്കിയ പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേരെ കാണാതായതില്‍ രണ്ടുപേരുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തു. ശക്തമായ അടിയൊഴുക്കുണ്ടായിരുന്നതിനാല്‍ തിരച്ചിൽ ദുഷ്‌കരമായിരുന്നു. അതേസമയം, അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു.

ചെന്നിത്തല തെക്ക് പരിയാരത്ത് സതീശന്റെ മകൻ ആദിത്യൻ (17), മണാശ്ശേരി ചെറുകോൽപ്പുഴയിൽ വിനീഷ് (37) എന്നിവരാണ് മരിച്ചത്. ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് വിഭാഗത്തിലെ സ്‌കൂബാ ഡൈവേഴ്‌സാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. നാവികസേനാംഗങ്ങളും സ്ഥലത്തെത്തി തിരച്ചിൽ നടത്തി.

മാവേലിക്കരക്കടുത്ത് വലിയപെരുമ്പുഴ കടവിൽ പള്ളിയോടം ഘോഷയാത്ര നടത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് മാന്നാർ സബ് ഇൻസ്പെക്ടർ സി.എസ്. അഭിറാം പറഞ്ഞു. ആറന്മുള ഉതൃട്ടാതി വള്ളംകളിയിൽ പങ്കെടുക്കാൻ ആറന്മുളയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് രാവിലെ 8.30 ഓടെയാണ് മറിഞ്ഞത്.

“ഒരു ആചാരമെന്ന നിലയിൽ, പള്ളിയോടം സാധാരണയായി ഒരു ഘോഷയാത്രയിൽ പങ്കെടുക്കുന്നു. വള്ളം മറിഞ്ഞപ്പോൾ തുഴക്കാരെ കൂടാതെ മറ്റ് ഭക്തരും വള്ളത്തില്‍ ഉണ്ടായിരുന്നു. വെള്ളത്തിൽ വീണ ഭൂരിഭാഗം ആളുകളും നീന്തി രക്ഷപ്പെട്ടു,” അഭിരാം പറഞ്ഞു.

ദുരന്തം നടക്കുമ്പോൾ ബോട്ടിൽ 50 ഓളം പേരുണ്ടായിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി പെയ്ത മഴയിൽ നദിയിൽ ജലനിരപ്പും ഒഴുക്കും ഉയർന്നതായി എസ്ഐ പറഞ്ഞു. മൃതദേഹങ്ങൾ തിരുവല്ലയിലെ ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം ഞായറാഴ്ച നടക്കും.

Print Friendly, PDF & Email

Leave a Comment

More News