ഒതളൂരിൽ അമ്മയും മകളും തോട്ടിൽ മുങ്ങിമരിച്ചു

മലപ്പുറം: ആലംകോട് പഞ്ചായത്തിലെ ഒതളൂരിൽ അമ്മയും മകളും തോട്ടിൽ മുങ്ങിമരിച്ചു. കാണിപ്പയ്യൂർ അമ്പലത്തുങ്കൽ വീട്ടിൽ ഗോപിനാഥിന്റെ മകൾ ഷൈനി (40), മകൾ ആശ്ചര്യ (12) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്‌ച ഓണം ആഘോഷിക്കാൻ അമ്മയും മകളും ഒതളൂരിലെ വീട്ടിലെത്തിയതാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ശനിയാഴ്ച രാവിലെ ഷൈനി മകളെയും സഹോദരന്റെ മക്കളെയും നീന്തൽ പഠിപ്പിക്കാന്‍ തോട്ടിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് നല്ല നീരൊഴുക്കുണ്ടായിരുന്നു.

അമ്മയും മകളും വെള്ളത്തില്‍ മുങ്ങിയപ്പോള്‍ തോടിനു സമീപം താമസിച്ചിരുന്ന മറ്റു കുട്ടികൾ സഹായത്തിനായി ഉച്ചത്തിൽ നിലവിളിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാർ അമ്മയെയും മകളെയും തോട്ടിൽ നിന്ന് പുറത്തെടുത്ത് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ഇരുവരുടേയും ജീവൻ രക്ഷിക്കാനായില്ല.

കുന്നംകുളം ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ആശ്ചര്യ. അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഞായറാഴ്ച കുടുംബാംഗങ്ങൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു. അതേസമയം, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജലാശയങ്ങളിൽ ഇറങ്ങരുതെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുന്നറിയിപ്പ് നൽകി.

Print Friendly, PDF & Email

Leave a Comment

More News