ബിഷപ് ഡോ. എബ്രഹാം മാർ പൗലോസിനെ എക്യൂമെനിക്കൽ ദർശനവേദി അനുമോദിച്ചു

ന്യൂയോർക്ക്: ക്രിസ്തിയ സഭകളുടെ ലോക കൗൺസിൽ (WCC) എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട മാർത്തോമ്മ സഭയുടെ കോട്ടയം – കൊച്ചി, അടൂർ ഭദ്രാസനങ്ങളുടെ അധിപൻ ആയിരിക്കുന്ന ബിഷപ് ഡോ. എബ്രഹാം മാർ പൗലോസിനെ എക്ക്യൂമെനിക്കൽ ദർശനവേദി നോർത്ത് അമേരിക്കയുടെ ഡയറക്ടർ ബോർഡ് അനുമോദിച്ചു.

ലോകമെമ്പാടുമുള്ള 580 ദശലക്ഷത്തിലധികം ക്രിസ്ത്യാനികളെ പ്രതിനിധികരിക്കുന്ന 120-ലധികം രാജ്യങ്ങളിൽ നിന്നുള്ള 352 സഭകളുടെ കൂട്ടായ്‌മയായ വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ ഏറ്റവും ഉയർന്ന ഭരണ സമിതിയായ ജനറൽ അസംബ്ലി ജർമ്മനിയിലെ കാൾസ്റൂഹെയിൽ വെച്ച് ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 8 വരെ നടന്നു.

ഡബ്ലൂസിസി ജനറൽ അസംബ്ലിയിൽ നിന്ന് 150 പേർ ഉൾപ്പെടുന്ന കേന്ദ്ര കമ്മറ്റിയിലേക്ക് ബിഷപ് ഡോ.മാർ പൗലോസ് തെരഞ്ഞെടുക്കുകയുണ്ടായി. കേന്ദ്ര കമ്മറ്റിയിൽ നിന്നാണ് 25 പേർ അംഗങ്ങൾ ആയ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തത്.

ക്രിസ്തിയ സഭകളുടെ ലോക കൗൺസിലിന്റെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ഇന്ത്യയിലെ സഭകളെ പ്രതിനിധികരിച്ച് ബിഷപ് ഡോ. മാർ പൗലോസ് മാത്രമേ ഉള്ളൂ എന്നതിൽ മലയാളികൾക്ക് അഭിമാനിക്കാം.

എക്ക്യൂമെനിക്കൽ ദർശനവേദിയുടെ ഡയറക്ടർ ബോർഡ് ചെയർമാനും, മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപനും, ഡബ്ല്യൂസിസി മുൻ കേന്ദ്ര കമ്മറ്റി അംഗവും ആയ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസ്, ബോർഡ് ജനറൽ സെക്രട്ടറി ഷാജീ എസ്.രാമപുരം എന്നിവർ ജർമ്മനിയിലെ കാൾസ്റൂഹെയിൽ വെച്ച് നടന്ന ലോക ക്രിസ്തിയ സഭകളുടെ ജനറൽ അസംബ്ലിയിൽ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News