നായർ ബനവലന്റ് അസോസിയേഷന്റെ ഓണാഘോഷം വർണാഭമായി

ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷൻ 2022 സെപ്തംബർ 10 ശനിയാഴ്ച്ച ന്യൂഹൈഡ് പാർക്ക് ലേക്ക്‌വില്‍ റോഡിലുള്ള വൈഷ്ണവ ടെമ്പിളിന്റെ ഓഡിറ്റോറിയത്തിൽ ഓണസദ്യയോടെ ആഘോഷം സമാരംഭിച്ചു. അസോസിയേഷനിലെ അംഗങ്ങൾ സ്വവസതികളിൽ വച്ച് പാകം ചെയ്തുകൊണ്ടുവന്ന സ്വാദിഷ്ടമായ വിഭവങ്ങൾ കോവിഡാനന്തര ഓണസദ്യ ഗംഭീരമാക്കി.

സദ്യവിഭവങ്ങൾ ഒരുക്കിയത് ലക്ഷ്മി രാംദാസ് നേതൃത്വം കൊടുത്ത വിമന്‍സ് ഫോറം അംഗങ്ങൾ ആയിരുന്നു. തുടർന്ന് മഹാബലിയെ ചെണ്ടവാദ്യത്തോടെയും, താലപ്പൊലിയേന്തിയ അംഗനാരത്നങ്ങൾ, ആർപ്പോടെയും, ആരവത്തോടെയും വേദിയിലേക്ക് എതിരേറ്റു. കോമാളിയായ കുടവയറനെന്ന തെറ്റായ സങ്കല്പത്തെ തിരുത്തിക്കുറിച്ചുകൊണ്ട് അരോഗദൃഢ ഗാത്രനും യോദ്ധാവുമായ മഹാബലിയെ അവതരിപ്പിച്ചത് അസോസിയേഷൻ സെക്രട്ടറി സേതുമാധവൻ ആയിരുന്നു. തായമ്പകയുടെ മേളപ്പെരുക്കം അരങ്ങു തകർത്തു. രഘുനാഥൻ നായർ കോർഡിനേറ്റു ചെയ്ത മേളപ്പെരുമയിൽ പങ്കെടുത്തത് അസോസിയേഷനിലെ അംഗങ്ങളായ നരേന്ദ്രൻ നായർ, ബാബു മേനോൻ, സദാശിവൻ നായർ, ശബരീനാഥ് നായർ, രാധാകൃഷ്ണൻ തരൂർ, രഘുവരൻ നായർ, ശശി പിള്ള എന്നിവരായിരുന്നു.

തുടർന്ന് പ്രഥമ വനിത പത്മാവതി നായർ, എന്‍‌ബി‌എ പ്രസിഡന്റ് അപ്പുകുട്ടൻ നായർ, ബിഒടി ചെയർമാൻ രഘുവരൻ നായർ, കെ‌എച്ച്‌എന്‍‌എ ട്രഷറർ ബാഹുലേയൻ രാഘവൻ, കെ‌എച്ച്‌എന്‍‌എ ട്രസ്റ്റീ ബോർഡ് മെമ്പർ രാജീവ് ഭാസ്കരൻ, എന്‍‌ബി‌എ വൈസ് പ്രസിഡന്റ് ശശി പിള്ള, എന്‍ബി‌എ ട്രഷറർ ഗോപിനാഥക്കുറുപ്പ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ഭദ്രദീപ പ്രകാശത്തിനുശേഷം രാധാമണി നായരുടെ ഭക്തിസാന്ദ്രമായ പ്രാർത്ഥനാലാപനത്തോടെ പൊതുസമ്മേളനം ആരംഭിച്ചു. പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ സദസ്സിനും വിശിഷ്ട വ്യക്തികൾക്കും സ്വാഗതം ആശംസിച്ചു. ഹിന്ദുക്കളുടെ ഐക്യത്തോടെയുള്ള പ്രവർത്തനം തുടരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഉദ്ബോധിപ്പിച്ചു. ട്രസ്റ്റീ ബോർഡ് ചെയർമാൻ രഘുവരൻ നായർ, പ്രജാക്ഷേമതല്പരനും ഭക്തനുമായ മഹാബലിയുടെ അഹങ്കാരത്തോടെയുള്ള പ്രവർത്തികളെ തിരുത്തി അനുഗ്രഹിച്ച് സ്വർഗതുല്യമായ സുതലത്തിലെ സാവർണ്യമണിമന്ദിരത്തിലേക്ക് അയച്ച ഭാഗവത കഥയും വാമനാവതാരവും വിശദീകരിച്ചുകൊണ്ട് ഓണസന്ദേശം നല്‍കി.

അസോസിയേഷന്റെ ഭാവി വാഗ്ദാനങ്ങളായ കുമാരിമാർ അവതരിപ്പിച്ച തിരുവാതിരകളി ഏവരെയും ഹഠാദാകർഷിച്ചു. ഊർമ്മിള റാണി നായർ, രേവതി നായർ, മീനു ജയകൃഷ്ണൻ, ദേവിക നായർ, പ്രീതി നായർ, രേവതി ഹരിഹരൻ എന്നിവരാണ് തിരുവാതിര, രംഗത്ത് അവതരിപ്പിച്ച് കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയത്. ഊർമ്മിള റാണി നായരാണ് തിരുവാതിരയുടെ ചുക്കാൻ പിടിച്ചത്.

2023 നവംബറിൽ ഹ്യൂസ്റ്റണിൽ നടക്കാൻ പോകുന്ന കേരള ഹിന്ദു കൺവൻഷന്റെ രജിസ്ട്രേഷൻ ശുഭാരംഭം കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് ജി.കെ. പിള്ളയുടെയും വേൾഡ് ഹിന്ദു പാർലമെന്റ് ചെയർമാൻ മാധവൻ നായരുടെയും സാന്നിദ്ധ്യത്തിൽ നടന്നു. എൻ. ബി. എയുടെ ട്രഷററും കെ.എച്ച്.എൻ.എ ട്രസ്റ്റീ ബോർഡംഗവും രജിസ്ട്രേഷൻ കമ്മിറ്റി മെംബറുമായ ഗോപിനാഥ് കുറുപ്പ്, ശുഭാരംഭ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. ന്യൂയോർക്കിൽ ശുഭാരംഭച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ പ്രസിഡന്റ് ജി.കെ. പിള്ളയെ എൻ.ബി.എ. പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ പൊന്നാട അണിയിച്ച് ആദരിച്ചു.

നാല്പതിൽപരം കുടുംബാംഗങ്ങൾ രജിസ്റ്റർ ചെയ്തുകൊണ്ട് രജിസ്ട്രേഷൻ ഫോറവും ചെക്കും പ്രസിഡന്റ് ജി.കെ. പിള്ളക്ക് കൈമാറി.

ജി.കെ. പിള്ള ഓണാശംസകൾ അർപ്പിച്ചുകൊണ്ട് വരാൻ പോകുന്ന കൺവൻഷനിലെ വിപുലവും സവിശേഷവുമായ പരിപാടികളെപ്പറ്റി വിശദീകരിച്ചുകൊണ്ട് ഏവരെയും ഹ്യൂസ്റ്റൻ കൺവൻഷനിലേക്ക് ക്ഷണിച്ചു. തദവസരത്തിൽ ന്യൂയോർക്ക് റീജിയണിന്റെ ആര്‍‌വി‌പിയായി മഹാദേവൻ ശർമയെ നോമിനേറ്റു ചെയ്തു. കെ‌എച്ച്‌എന്‍‌എ ഡയറക്ടർ ബോർഡ് മെമ്പർ വനജ നായർ ആശംസാ പ്രസംഗം നടത്തുകയും ട്രഷറർ ബാഹുലേയൻ രാഘവൻ ശുഭാരംഭച്ചടങ്ങിൽ സംബന്ധിച്ച ഏവർക്കും നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ന്യൂയോർക്കിൽ നിന്ന് നൂറിലധികം രജിസ്ട്രേഷനുകൾ പ്രതീക്ഷിക്കുന്നതായി പറഞ്ഞു. ട്രസ്റ്റീ ബോർഡ് മെമ്പർ രാജീവ് ഭാസ്കരൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ. ഉണ്ണികൃഷ്ണൻ തമ്പി, ഡോ. ജയശ്രീ നായർ എന്നിവരും സന്നിഹിതരായിരുന്നു.

മികച്ച നൃത്ത നൃത്യങ്ങൾ കാഴ്ച്ചവെച്ചുകൊണ്ട് കീർത്തന സുജിത്, ദേവികാ നായർ, അനന്യ പിഷാരഡി എന്നിവർ രംഗത്തെത്തിയപ്പോൾ കർണാനന്ദകരമായ ഗാനാലാപനവുമായി ശബരീനാഥ് നായർ, രേവതി നായർ, അജിത് നായർ, കീർത്തന സുജിത്ത്, സുജിത്ത്, എന്നിവരെത്തി.

എൻ.ബി.എ.യുടെ സീനിയർ മെമ്പർ രാമൻകുട്ടി എഴുതിയ ഭാരതപ്പുഴയെപ്പറ്റിയുള്ള കവിത അദ്ദേഹം തന്നെ ആലപിച്ച് സദസിന്റെ പ്രശംസ പിടിച്ചുപറ്റി.

കൾച്ചറൽ ചെയർ പേഴ്സൺസ് ആയ വനജ നായർ, ഊർമിള റാണി നായർ എന്നിവർ സ്തുത്യർഹമായ രീതിയിൽ സ്റ്റേജ് പ്രോഗ്രാമുകൾ നിയന്ത്രിച്ചു. വർണപ്പകിട്ടുള്ള പൂക്കളം ഒരുക്കിയത് വത്സല ഉണ്ണികൃഷ്ണൻ നായരുടെ നേതൃത്വത്തിലാണ്. ഊർമ്മിള റാണി നായർ എം.സി.യായി ഉജ്ജ്വല പ്രകടനം കാഴ്ച്ചവെച്ചു.

കമ്മിറ്റി അംഗമായ സുധാകരൻ പിള്ളയുടെ സ്റ്റേജ് അലങ്കാരങ്ങള്‍ പതിവുപോലെ ഈ പ്രാവശ്യവും ആഘോഷങ്ങൾക്ക് ചാരുതയേകി.

വൈസ് പ്രസിഡന്റ് ശശി പിള്ളയുടെ നന്ദി പ്രകാശനത്തിനു ശേഷം ദേശീയ ഗാനാലാപനത്തോടെ ഓണാഘോഷം സമംഗളം പര്യവസാനിച്ചു.

Print Friendly, PDF & Email

Leave a Comment

More News