മയക്കുമരുന്ന് ഉപഭോഗവും വിതരണവും തടയൽ; സംസ്ഥാന-ജില്ലാ-തദ്ദേശ സ്വയംഭരണ തലത്തില്‍ കമ്മിറ്റികൾ രൂപീകരിക്കും

തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗവും വിതരണവും തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കാൻ വിവിധ തലങ്ങളിൽ സമിതികൾ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സ്കൂൾ തലത്തിലും കമ്മിറ്റികൾ രൂപീകരിക്കും. വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗവും വ്യാപനവും തടയുന്നതിനുള്ള തുടർനടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

മുഖ്യമന്ത്രിയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമാണ് സംസ്ഥാനതല സമിതിയുടെ അദ്ധ്യക്ഷനും സഹ അദ്ധ്യക്ഷനും. ധനം, പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, നിയമം, മത്സ്യബന്ധനം, പട്ടികജാതി, പട്ടികവർഗം, കായികം എന്നീ വകുപ്പുകളുടെ മന്ത്രിമാരും സെക്രട്ടറിമാരും സമിതിയിലുണ്ടാകും. ചീഫ് സെക്രട്ടറിയാണ് സമിതി ഏകോപിപ്പിക്കുന്നത്. സെപ്തംബർ 22ന് സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും ജില്ലാ കളക്ടർ കൺവീനറായും ജില്ലാതല കമ്മിറ്റി രൂപീകരിക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. സമിതി സെപ്തംബർ 21-ന് യോഗം ചേരും. തദ്ദേശ സ്വയംഭരണ മേധാവികൾ ചെയർപേഴ്‌സൺമാരും പോലീസ്, എക്സൈസ് ഓഫീസർമാർ കൺവീനർമാരുമാണ്.

വിദ്യാഭ്യാസ സ്ഥാപന മേധാവികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും കുടുംബശ്രീ, വായനശാല, ക്ലബ്ബ് പ്രതിനിധികളും സമിതിയില്‍ ഉണ്ടാകും. റസിഡന്‍റ്സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍, സാമൂഹ്യ-സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെയും വിളിക്കണം. പോസ്റ്റര്‍, ബോര്‍ഡ് എന്നിവ വഴിയുള്ള പ്രചരണത്തിന് വ്യാപാരികളുടെയും സഹകരണ സ്ഥാപനങ്ങളുടെയും സഹായം തേടണം.

വാര്‍ഡ്‌തല സമിതിയില്‍ വാര്‍ഡ് അംഗം അധ്യക്ഷനാകും. കണ്‍വീനറായി സ്‌കൂള്‍ ഹെഡ്‌മാസ്റ്ററും മുതിര്‍ന്ന അധ്യാപകനോ/അധ്യാപികയോ വേണം. സ്‌കൂള്‍ തലത്തില്‍ അധ്യാപക-രക്ഷാകര്‍തൃ സമിതിയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ച് പ്രത്യേക സംവിധാനം ഉണ്ടാക്കണം. പഞ്ചായത്ത്, വാര്‍ഡ്, സ്‌കൂള്‍ തല സമിതികള്‍ സെപ്‌റ്റംബർ 28നകം രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ഒക്‌ടോബർ രണ്ടിന് കാമ്പയിൻ ആരംഭിക്കും. രക്ഷിതാക്കളുടെയും പൂർവ വിദ്യാർഥികളുടെയും പരമാവധി പങ്കാളിത്തത്തോടെ നവംബർ ഒന്നിന് എല്ലാ സ്‌കൂളുകളിലും ലഹരിവിരുദ്ധ ശൃംഖല രൂപീകരിക്കും. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ലൈബ്രറി, ക്ലബ് എന്നിവിടങ്ങളിൽ ജന ജാഗ്രതാ സദസ്സും നൽകും.

Print Friendly, PDF & Email

Leave a Comment

More News