പാക്കരനെ പട്ടി കടിച്ചു (ചിത്രീകരണം): ജോണ്‍ ഇളമത

ഈയിടെ നാട്ടില്‍ വിളിച്ച് വയസായ അമ്മക്ക് ഓണാശംസ കൊടുത്തപ്പോള്‍ അമ്മ പറഞ്ഞു-

“കേട്ടോടാ, കുഞ്ഞുമോനെ! നമ്മടെ പാക്കരനൈ പട്ടികടിച്ചു. സാരമാക്കിയില്ല. നാലാന്നാളാണറിഞ്ഞത് കടിച്ചതു പേപ്പട്ടി ആരുന്നെന്ന്. കഷ്ടകാലത്തിന് ഓണത്തിന് നാരങ്ങാ അച്ചാറും കൂട്ടി. പെട്ടന്ന് പേ ഇളകി. കൊരച്ചു കൊരച്ച് അവന്‍ ഇന്നലെ ചത്തു.”

എനിക്ക് വല്ലാത്ത ദുഖംതോന്നി. പാക്കരന്‍ ആരായിരുന്നു എനിക്ക്. എന്റെ ബാല്യകാല സുഹൃത്ത്! എന്റെ ബാല്യ കൗമാര ചാപല്യങ്ങളിലൊക്കെ സൂഹൃത്തും പങ്കിളയുമായിരുന്നു. അക്കാലങ്ങളില്‍ ഞങ്ങളൊന്നിച്ച് സെക്കന്റ് ഷോയ്ക്ക് പോയിരുന്നു. അവന് തെങ്ങുകേറ്റം വശമാരുന്നു. ഷോയ്ക്ക് പോണോങ്കി കാശുവേണം. അല്ലാണ്ട്, കട്ടും ഒളിച്ചും സെക്കന്റ് ഷോക്ക് പോണോങ്കി കാശെവിടെ കിട്ടും. ഇവിടെ അമേരിക്ക പോലെ ആ പ്രായത്തില്‍ വിട്ടൊരു കളി കളിക്കാന്‍ വീട്ടുകാര് സമ്മതിക്കുമോ. ശുദ്ധ ഗ്രാമീണനായ അപ്പന് സിനാമാ നാടകമെന്നൊക്കെ പറഞ്ഞാ ശുദ്ധ അശ്ശീലമാരുന്നു. സത്യനും മിസ് കുമാരീം കൂടി കളിച്ച ‘ജീവിതനൗക’ കാണാന്‍ ഞങ്ങളേം കൂട്ടി ചെറുപ്പത്തി അപ്പനൊരു പോക്കു പോയി. മാന്നാര്‍ ലക്ഷ്മീ ടാകീസില്‍. അന്നു തുടങ്ങീതാണ് അപ്പന് സിനിമായോട് വല്ലാത്ത വെറുപ്പ്. ഫാമിലി ചിത്രമാന്ന് ആരോ പറഞ്ഞേന്റെ പേരില്‍ പോയതാ. പോയി കാണേണ്ടാതാണ്. പിള്ളേരേം, പെമ്പ്രന്നോരേം കൂട്ടിപോ. അപ്പന്റെ സുഹൃത്തുക്കളൊക്കെ ഓതി. അന്നപ്പനും തോന്നി, സമയം പോവാനും ആസ്വാദിക്കാനും ഇടക്കൊക്കെ അങ്ങനെ ആകാമെന്ന്. അന്ന് മറ്റ് ഹോബികള്‍ കൊറവാരുന്നല്ലോ! ടീവീമില്ല, ഗ്രാമഫോണ്‍ പോലുമില്ല. പിന്നെന്തോന്ന് ഹോബി? വൈകിട്ട് ഏഴാകുമ്പം രാത്രിയാകും. ഗ്രാമം ഇരുളിലാകും. വെട്ടം വീഴും വരെ കുറ്റാകുറ്റിരിട്ട്. അതോണ്ടാവും മിക്ക വീടുകളിലും പെര നിറച്ച് പിള്ളേരൊണ്ടാകുന്നെ. പിന്നെ രോഗങ്ങള്‍. മരുന്നോ മന്ത്രമോ ഇന്നത്തെപ്പോലെ കാര്യമായി ഇല്ലതാനും. അന്നുപിന്നെ ആര്‍ക്കും അതേപ്പറ്റി ഒട്ടു പരാതിം ഒന്നും ഒണ്ടാരുന്നുമില്ല.

പത്തു പന്ത്രണ്ടു പിള്ളേരൊണ്ടായാ, കാക്കകേടുമാറി പകുതി എങ്കിലും കിട്ടണം, അത്രതന്നെ. ഇലക്ട്രസിറ്റി എത്തീട്ടില്ല. ഗ്രാമത്തിലെ റോഡ് വീതി കറഞ്ഞതും, പൊന്തക്കാട് നിറഞ്ഞതുമാണ്. കാറോടത്തില്ല. പിന്നെ സൈക്കിളും, കാളവണ്ടീം മാത്രം ഞരങ്ങി ഓടും. പമ്പയാറ്റില്‍ പന്നായികടവില്‍ പാലമില്ല. കടത്താണ്. എട്ടെട്ടര മണി കഴിഞ്ഞാ കടത്തുകാരെ കിട്ടില്ല, അവരൊക്കെ അന്തിക്കള്ളു മോന്താന്‍ ഷാപ്പിപോം. ഫസ്റ്റ്‌ ഷോക്ക്‌ പോയാ തന്നെ പടം ഒമ്പതു കഴിയും അവസാനിക്കാന്‍. കുറഞ്ഞതു മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് പടം. അതുകൊണ്ട് പന്നായിക്കടവുവരെ ഞങ്ങടെ യാത്രാവള്ളത്തെപോയി, അവിടെനിന്ന് ടാക്കീസിലേക്ക് നടന്നും. ഷോ പകുതിയാകും മുമ്പ് അപ്പന്‍ ദേഷ്യപ്പെട്ടു പുറത്തു ചാടി, ഞങ്ങളേം കൊണ്ട്- വാടി, അച്ചാമ്മെ,ഈ ചുറ്റിക്കളി കണ്ടാ പിള്ളേരു പെഴക്കും, അല്ലേതന്നെ പെഴകളാ. അപ്പനും, അമ്മേം മൂത്ത ആറു പെങ്ങമ്മാരും, ഇളയ ഞാനും കൂടിയ ആ വലിയ എന്‍ജോയ്മന്റ് ട്രിപ്പാണ് അപ്പനന്നു വെട്ടി മുറിച്ചത്.

ഷോയിക്കു പോകാം കാരണം, ആയിടെ ചെണ്ടകൊട്ടി കാളവണ്ടീലൊരു പരസ്യം വന്നു. സിനിമാ കാണാനൊരു സെയില്‍, അതും പാട്ടുരൂപേണ- ജീവിതനൗക, കാണണമെങ്കില്‍ രണ്ടേകാലണ മതി, അതും കസേരക്ക്!

അന്ന് രണ്ടണ കൊടുത്താ തറ ടിക്കറ്റ് കിട്ടുന്ന കാലമാ. കാലണേം കൂടെ കൂടതലു കൊടുത്താ കസേരക്ക് ജന്റില്‍മാനെ പോലെ ഇരിക്കാം. തറ ചരല്‍ വിരിച്ചതെങ്കിലും മുഴുവം ബീഡിക്കുറ്റിയാണ്. പിന്നെ മദ്യപര്, എന്നു പറഞ്ഞാ തറ കള്ളുപാര്‍ട്ടി തുപ്പി ശര്‍ദ്ദിച്ചതിന്റെ അവശിഷ്ടം ഒണങ്ങി ചരലില്‍പറ്റിപിടിച്ചിട്ടുണ്ടായിരിക്കുമെന്ന് അക്കാലത്തെ സിനിമാഹരത്തിലെന്നും ഞാന്‍ ചിന്തിച്ചിട്ടേയില്ല. അന്ന് എംജിആറിന്റെ ഒരു തമിഴു പടം കണ്ട്, പാക്കരന്‍ അവന്റെ പേനാക്കത്തി എറിഞ്ഞു കൊടുത്ത കഥയോര്‍ത്ത് ഞാനിന്നും ചിരിക്കാറുണ്ട്. എംജിയാറണ്ണന്റെ റൈവല്‍, അല്ലേ! വില്ലന്‍, എമ്മന്‍ നമ്പ്യാര്‍. ഏതോ രാജാവന്റെ കഥ. എന്തിന് പൊരിഞ്ഞ വാള്‍പയറ്റ്. അല്പം കഴിഞ്ഞ് എംജിയാറിന്റെ വാള്‍ തെറിച്ചു പോയി. പാക്കരന്‍ അവന്റെ പേനാക്കത്തി എംജിയാറണ്ണന്റെ നേരെ വലിച്ചെറിഞ്ഞലറി…

“അണ്ണാ, കവലപ്പെടണ്ടാ, ഈ പേനാക്കത്തി എടുത്ത് അവനെ കാച്ച്!”

പക്ഷേ, ഒടുവി എംജിആറുതന്നെ ജയിച്ചു. സ്വന്തം കഠാര ഊരി എമ്മന്‍ നമ്പ്യാരെ തട്ടി. പാക്കരനുള്‍പ്പടെ തറകള്‍ കൈയ്യടിച്ചു. അതാണ് പാക്കരന്‍!

കട്ട് സെക്കന്റ്‌ ഷോ പോക്ക് ആരംഭിച്ചത് ഹൈസ്‌കൂള്‍ പഠന കാലത്താണ്. തോറ്റു തോറ്റു പഠിച്ച പാക്കരന് എന്റെ പ്രായം. അവന്‍ അഞ്ചാം ക്ലാസെത്തുമുമ്പ് പഠനം നിര്‍ത്തീരുന്നു. പാക്കരന്‍ ഞങ്ങടെ പറമ്പിലെ തന്നെ തേങ്ങാ കക്കും. അതു വിറ്റു കാശാക്കി എന്നേ വിളിക്കും. എന്റെ കിടപ്പും പഠന മുറീം ഞങ്ങടെ പെരോട് ചേര്‍ന്ന്‌ ചേര്‍ത്തു കെട്ടിയ ചായ്പ്പിലാ. രാത്രി പ്രാര്‍ത്ഥനേം ഊണും കഴിഞ്ഞാപിന്നെ ആരും അങ്ങോട്ടേക്കു വരില്ല. പത്തു മണിക്ക് ഗ്രാമം ഗാഢനിദ്രേലാകും. ഒരുറപ്പീന് ചായ്പ്പ് മുമ്പീന്നു പൂട്ടി പുറകിലെ അഴികളില്ലാത്ത ജനല്‍ വഴി ചാടി ഞാനും അവനും കൂടെ രാത്രി പത്തു മണിക്ക് അവന്റെ കൊച്ചു വള്ളത്തെ തൊഴഞ്ഞൊരു പോക്കു പോകും, സെക്കന്റ്‌ഷോയിക്ക്!

ആ പാക്കരനാണ് പേപ്പട്ടി കടിച്ചു മരിച്ചത്. ആ സംഭവം അമ്മ തന്നെ വിവരിച്ചു..

ഓണത്തിന് പുലിവേഷം കെട്ടി ആടാനിറങ്ങിയതാണ്. പാക്കരന്റെ അവനേക്കായി അല്പ്പം മൂത്ത അമ്മാവന്‍ സുകുമാരനും. പാക്കരന്‍ പുലിവേഷം കെട്ടി. അമ്മാവന്‍ സുകുമാരന്‍ വേട്ടക്കാരന്‍, പിന്നെ അയലത്തുകാരന്‍ വാസു ചെണ്ടക്കാരന്‍! ഓണത്തിന് പുലിവേഷം കെട്ടിയാല്‍ അന്നത്തെ അന്തികള്ളിനൊള്ള കാശുകിട്ടും. അതാ, അതിന്റെ ഒരു ലഹരി. പുലിവേഷം കെട്ടിയ പാക്കരന്‍ ശോശാമ്മേടെ പടിക്ക എത്തിയപ്പോ അകത്തഴിച്ചു വിട്ടിരുന്ന അള്‍സേഷന്‍ പട്ടി മതിലുചാടി പാക്കരനെ കടിച്ചു. വേട്ടക്കാരന്റെ വേഷം കെട്ടിയ അമ്മാവന്‍ തല്‍ക്ഷണം ആ പട്ടിയെ കട്ടിതടി ഷേപ്പാക്കി എടുത്ത തോക്കിന്റെ പത്തിക്കടിച്ചു കൊന്നു. അതു കേസായി. ഭര്‍ത്താവില്ലാാത്ത ശോശമ്മേടെ അംഗരക്ഷകനായിരുന്ന പട്ടിയെ തല്ലികൊന്ന കേസ്. ഗ്രാമീണര്‍ പല തട്ടിലായി. ഒരു കൂട്ടര് മൃഗസംരക്ഷകര്, മറ്റേ കൂട്ടര് പാക്കരന് സപ്പോര്‍ട്ട്. പൂട്ടിയിടാത്തതിന് പാക്കരന് പിഴകൊടുക്കണമെന്ന്. മൂന്നമതൊരു കൂട്ടര്, നിഷ്പക്ഷര്!

പെണ്ണങ്ങല്‍ നിന്നു പറഞ്ഞു –

“ശോശാമ്മേടെ ആശ്രയമാരുന്നാ പട്ടി! ങാ, ഒരു പട്ടി മറ്റൊരു പട്ടിയേയോ മൃഗത്തെയോ കണ്ടാ ഇങ്ങനെ ഒക്കെ അല്ലേ, ആരെ കുറ്റം പറയാനാ!”

മറ്റൊരുവള്‍ പറഞ്ഞു..

“പട്ടിയെ പൂട്ടി ഇടണം.”

അപര പറഞ്ഞു- “പൂട്ടിയിട്ടതാ, ഒച്ചേം ബഹളോം കേട്ട് പട്ടി തൊടലു പൊട്ടിച്ചതാ. ങാ, അപകടമെന്ന് കരുതിയാ മതി.

ശോശാമ്മ കേസു കൊടുത്തിരുന്നു. മൃഗസംരക്ഷകരടെ ഉത്താശയോടെ പട്ടിയെ തല്ലികൊന്നേന്! അപ്പഴാ അറിഞ്ഞെ പട്ടിക്ക് പേ ആരുന്നെന്ന്! അങ്ങനെ പാക്കരന്‍ പേ പിടിച്ച് മരിച്ചപ്പം കേസ് ഒത്തുതീര്‍പ്പായി. ശോശാമ്മക്ക് പട്ടിപോയി, പാക്കരനു ജീവനും പോയി!!

Print Friendly, PDF & Email

Leave a Comment

More News