ആഘോഷത്തിമിർപ്പിൽ ചരിത്രം രചിച്ച് മാഗ് ഓണം

ഹ്യൂസ്റ്റൺ: തിരുവോണം കഴിഞ്ഞു ചതയം ദിനത്തിൽ നടന്ന മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ (മാഗ്) ഓണാഘോഷം എല്ലാ ചരിത്രങ്ങളും തിരുത്തിക്കുറിച്ച ഒന്നായിരുന്നു. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ കോവിഡ് മഹാമാരിമൂലം അകന്നു നിന്ന മലയാളികൾ ഈ വർഷം ഓണം ആഘോഷിക്കുക തന്നെ ചെയ്തു.

സെപ്റ്റംബർ 10ന് ശനിയാഴ്ച സ്റ്റാഫ്‌ഫോർഡിലെ സെൻറ് ജോസഫ്‌സ് ഹാൾ ആയിരുന്നു ആഘോഷ വേദി. കൃത്യം പതിനൊന്നര മണിക്ക് തന്നെ മഹാബലിയെ വരവേറ്റുകൊണ്ടുള്ള ഘോഷയാത്ര മാഗ് കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ചു. ചെണ്ടമേളം താലപ്പൊലി മുത്തുക്കുടകൾ എന്നിവയുടെ അകമ്പടിയോടെ മാവേലിമന്നൻ എഴുന്നെള്ളി. തുടർന്ന് നയനാന്ദകരമായ കേരള പഴമയെ ഓർമ്മിപ്പിക്കുന്ന ഒരു തിരുവാതിര അരങ്ങേറി.

മഹാബലിയുടെ ഓണസന്ദേശത്തിനുശേഷം പൊതുസമ്മേളനത്തിനു മുന്നോടിയായി ഭദ്രദീപം കൊളുത്തൽ ചടങ്ങു നടന്നു.

മുഖ്യാതിഥിയായിരുന്ന ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജ്, കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യു, സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു, ഫാദർ രാജേഷ് ജോൺ, ഫാദർ ജോണിക്കുട്ടി പുലിശ്ശേരിൽ, മാഗ് പ്രസിഡണ്ട് അനിൽ ആറന്മുള, സെക്രട്ടറി രാജേഷ് വർഗീസ്, ട്രെഷറർ ജിനു തോമസ്, വൈസ് പ്രസിഡണ്ട് ഫാൻസിമോൾ പള്ളത്തുമഠം, ജോയിന്റ് ട്രെഷറർ ബിജു ജോൺ ട്രസ്റ്റി ചെയർമാൻ മാർട്ടിൻ ജോൺ എന്നിവർ ദീപം കൊളുത്തി.

പൊതുസമ്മേളനത്തിൽ സെക്രട്ടറി രാജേഷ് വർഗീസ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അനിൽ ആറന്മുള അധ്യക്ഷ പ്രസംഗം നടത്തി.

ജഡ്ജ് കെ പി ജോർജ്, ജഡ്ജ് ജൂലി മാത്യു, കെൻ മാത്യു, ട്രസ്റ്റി ചെയർമാൻ മാർട്ടിൻ ജോൺ, ഫാ. രാജേഷ് ജോൺ എന്നിവർ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. ഫാ. ജോണിക്കുട്ടി പുലിശ്ശേരിൽ ഓണ സന്ദേശം നൽകി. തുടർന്ന് ഓണപ്പാട്ടുകളും നാടോടി നൃത്തങ്ങളും, ഫ്യൂഷൻ പരിപാടികളും വരെ അവതരിപ്പിക്കപ്പെട്ടു. നൂപുര ഡാൻസ് സ്കൂളിന്റെ കുട്ടികൾ വേദിയിൽ തിളങ്ങി നിന്നു.

പന്ത്രണ്ടുമണിക്ക് ആരംഭിച്ച വിഭവ സമൃദ്ധമായ ഓണസദ്യ മൂന്നുമണിവരെ നീണ്ടു. അപ്രതീക്ഷിതമായി ഒഴുകിയെത്തിയ പുരുഷാരം നീയന്ത്രണാതീതമായപ്പോൾ സംഘാടകർ സദ്യ വിളമ്പാൻ നന്നേ വിഷമിച്ചു. എന്തായാലും ചരിത്രത്തിൽ രേഖപ്പെടുത്താൻ തക്കവണ്ണം വിപുലമായ ഒരു ഓണാഘോഷം സംഘടിപ്പിച്ച മാഗ്‌ ഭാരവാഹികൾ പ്രശംസ അർഹിക്കുന്നു,

ജിനു തോമസ് നന്ദി പ്രകാശിപ്പിച്ചു. ഫാൻസിമോൾ പള്ളത്തുമഠം, ആൻഡ്രൂസ് ജേക്കബ് എന്നിവർ പ്രോഗ്രാം കോർഡിനേറ്റർമാരായി പരിപാടികൾ ഏകോപിപ്പിച്ചു.

Print Friendly, PDF & Email

One Thought to “ആഘോഷത്തിമിർപ്പിൽ ചരിത്രം രചിച്ച് മാഗ് ഓണം”

  1. Rajendran

    വന്നവർക്ക് ശാപ്പാട് കിട്ടിയില്ലാന്ന് കേട്ടു. ദോഷം പറയരുതല്ലൊ, എനിക്കും കിട്ടിയില്ല. ചുമ്മ ഒരു ഏമ്പക്കം വിട്ടു തിരിച്ചു പോന്നു.

Leave a Comment

More News