തെരുവു നായകളെ നേരിടാന്‍ തോക്കുമായി കുട്ടികളുടെ മുന്‍പില്‍ നടന്നയാള്‍ക്കെതിരെ കേസ്

കാസർകോട്: തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായതിനെത്തുടർന്ന് വിദ്യാർത്ഥികളെ സംരക്ഷിക്കാൻ രക്ഷിതാവ് തോക്കുമായി നടന്ന സംഭവത്തിൽ പോലീസ് കേസെടുത്തു. നായ്ക്കളുടെ ഭീഷണി നേരിടാൻ തോക്കുമായി എത്തിയ ബേക്കൽ സ്വദേശി ടൈഗർ സമീറിനെതിരെയാണ് കേസ്. പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഇന്ന് (ശനിയാഴ്ച) ബേക്കൽ പോലീസാണ് ഐപിസി സെക്ഷൻ 153 പ്രകാരം കേസെടുത്തത്.

കാസർകോട് ബേക്കൽ ഹദാദ് നഗറില്‍ വ്യാഴാഴ്‌ചയായിരുന്നു (സെപ്‌റ്റംബര്‍ 15) സംഭവം. തെരുവുനായ ശല്യം രൂക്ഷമായതോടെ വിദ്യാർഥികൾക്ക് മുന്നിൽ തോക്കേന്തിക്കൊണ്ട് സമീര്‍ നടന്ന സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളും ഇക്കാര്യം വലിയ വാര്‍ത്തയാക്കിയിരുന്നു.

നായ ഓടിക്കാനെത്തിയാല്‍ തോക്കെടുത്ത് വെടിവച്ച് കൊല്ലുമെന്ന് ഇയാൾ വീഡിയോയിൽ പറയുന്നുണ്ടായിരുന്നു. സമീറിന്‍റെയും സമീപവാസികളുടെയും 13 നടുത്ത് വരുന്ന കുട്ടികള്‍ ഇയാള്‍ക്ക് പിന്നിൽ നടക്കുന്നതും വീഡിയോയിൽ വ്യക്തമായിരുന്നു. എന്നാൽ നായ്ക്കളെ കൊല്ലാൻ വേണ്ടി അല്ലെന്നും കുട്ടികളുടെ സുരക്ഷയാണ് ലക്ഷ്യമിട്ടതെന്നും കൈയില്‍ എയർ ഗണ്ണായിരുന്നെന്നും സമീർ പ്രതികരിച്ചു.

Print Friendly, PDF & Email

Leave a Comment

More News