‘എന്നെ സമ്മർദത്തിലാക്കാൻ നിങ്ങൾ എല്ലാ തന്ത്രങ്ങളും പരീക്ഷിച്ചു’: മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

കൊച്ചി: പിണറായി വിജയൻ ഇപ്പോഴെങ്കിലും മറനീക്കി പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

സംസ്ഥാന സർവ്വകലാശാലകളിലെ നിയമനങ്ങളിൽ സ്വജനപക്ഷപാതം ആരോപിച്ച് ഖാന്റെ പ്രസ്താവനയെ “അസംബന്ധം” എന്ന് വിളിച്ച പിണറായി വിജയൻ ഖാനെതിരെ വിമര്‍ശനം തൊടുത്തുവിട്ടതിനു പിന്നാലെയാണ് ഗവർണറുടെ ആക്രമണം.

സർവ്വകലാശാലാ നിയമന വിവാദത്തിൽ മുഖ്യമന്ത്രി പ്രസ്താവനയുമായി രംഗത്തെത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് ഖാൻ രാവിലെ ഇവിടെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്. ഇതുവരെ പിന്നില്‍ നിന്നാണ് മുഖ്യമന്ത്രി കളിച്ചത്. മുഖ്യമന്ത്രി മറനീക്കി പുറത്ത് വന്നതിലും നേരിട്ട് തനിക്ക് മറുപടി നല്‍കിയതിലും സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ഫോണ്‍ കോളുകളോടും കത്തുകളോടും പ്രതികരിക്കുന്നില്ലെന്നും ഗവര്‍ണ്ണര്‍ തുറന്നടിച്ചു.

സര്‍വ്വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി നല്‍കിയ കത്ത് മറ്റന്നാള്‍ പുറത്തുവിടുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. യോഗ്യതയില്ലാത്തവരെ സര്‍വ്വകലാശാലകളില്‍ തുടരാന്‍ അനുവദിക്കില്ല. സര്‍വ്വകലാശാലകള്‍ ജനങ്ങളുടേതാണ്, അല്ലാതെ കുറച്ചു കാലം ഭരണത്തിലിരിക്കുന്നവരുടേതല്ല.

സര്‍വ്വകലാശാലകളുടെ സ്വയംഭരണാവകാശം കാത്തുസൂക്ഷിക്കും. അതിന് തടസ്സമുണ്ടാക്കുന്ന ഒന്നിനും താന്‍ ചാന്‍സലര്‍ സ്ഥാനത്തിരിക്കുന്നിടത്തോളം കാലം കൂട്ടുനില്‍ക്കില്ലെന്ന് ഗവര്‍ണ്ണര്‍ വ്യക്തമാക്കി. സര്‍വ്വകലാശാല ഭേദഗതി ബില്ലില്‍ നിയമപരമായ പ്രശ്‌നമുണ്ട്. ആ ബില്ല് പരിശോധിച്ചു. ലോകായുക്ത ഭേദഗതി ബില്‍ പരിശോധിക്കാനായിട്ടില്ല. പക്ഷെ, മാധ്യമവാര്‍ത്തകളും നിയമസഭാ നടപടിക്രമങ്ങളും ശ്രദ്ധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് ഗവര്‍ണ്ണര്‍ വ്യക്തമാക്കി.

മൂന്ന് വര്‍ഷം മുന്‍പ് കണ്ണൂരില്‍ വച്ച് തനിക്കെതിരെ വധശ്രമം ഉണ്ടായി. കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. ആരാണ് പൊലീസിനെ തടഞ്ഞത്? ആര്‍ക്കാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയെന്നും ഗവര്‍ണര്‍ ചോദിച്ചു. തിരുവനന്തപുരത്ത് എത്തിയ ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വഹിക്കുന്ന പദവിയുടെ മര്യാദ പാലിക്കണമെന്ന് മുഖ്യമന്ത്രി വെള്ളിയാഴ്ച വാർത്താ സമ്മേളനത്തിൽ ഗവർണറോട് ആവശ്യപ്പെട്ടിരുന്നു.

ഖാന്റെ ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു, “ഇതാണോ ഗവർണർ സ്ഥാനം കൊണ്ട് ഉദ്ദേശിക്കുന്നത്?” അടുത്തിടെ സംസ്ഥാന നിയമസഭ പാസാക്കിയ സർവകലാശാല നിയമ ഭേദഗതി ബിൽ അനുവദിക്കില്ലെന്ന ഖാന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Print Friendly, PDF & Email

Leave a Comment

More News